ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പുതുച്ചേരിയെന്ന പോണ്ടിച്ചേരി മലയാളികളുടെയും സ്ഥിരം അവധിക്കാല ലക്ഷ്യസ്ഥാനമാണ്. കുറഞ്ഞ ചെലവിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടമായതിനാൽ നീണ്ട വാരാന്ത്യങ്ങളിലും പൊതുഅവധികളിലുമെല്ലാം മലയാളികളുൾപ്പെടെ നിരവധി സന്ദർശകർ ഇവിടെയെത്തുന്നു. പ്രകൃതിഭംഗി എടുത്തുപറയേണ്ടതാണെങ്കിലും ഒരു പത്തു വർഷം മുൻപ് പോണ്ടിച്ചേരി കണ്ടിട്ടുള്ളവർക്കറിയാം അന്നത്തെ പച്ചപ്പു ഇന്നിവിടെ കാണാനേയില്ല എന്ന്.
കാലാവസ്ഥ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇവിടുത്തെ ജലാശയങ്ങൾ സംരക്ഷിക്കുന്ന കാര്യങ്ങളിൽ പല പ്രതിസന്ധികളും നേരിട്ടിരുന്നു. ഏകദേശം ഒരായിരം വർഷങ്ങൾക്കു മുൻപ് അതായത് ചചോളഭരണ കാലത്ത് 600 ജലാശയങ്ങളുണ്ടായിരുന്ന പോണ്ടിച്ചേരിയിൽ ഇന്നത് 420 ആയി ചുരുങ്ങി. ചോളഭരണകാലത്ത് പല നടപടികളും ജലസ്രോതസ്സുകളെ സംരക്ഷിച്ചുപോന്നുവെങ്കിലും പിന്നീടതുണ്ടായില്ല.

അതുകൊണ്ടുതന്നെ ഇവിടുത്തെ ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടിവരികയും തുടർന്ന് 2017ലെ തണ്ണീർത്തട (കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ്) ചട്ടങ്ങൾ പ്രകാരം പുതുച്ചേരിയിലെ അഞ്ച് ജലാശയങ്ങളെ തണ്ണീർത്തടങ്ങളായി പ്രഖ്യാപിക്കാനൊരുങ്ങുകയുമാണ്. ഇതുവഴി ഈ ജലാശയങ്ങളോട് ചേർന്ന ഇവിടുത്തെ കയ്യേറ്റങ്ങള്, നിർമ്മാണ പ്രവർത്തികൾ എന്നിവ നിരോധിക്കുവാനും സംരക്ഷണം ഉറപ്പാക്കാനും സാധിക്കും.
ഔസുഡു തടാകം, കാട്ടേരിക്കുപ്പം ടാങ്ക്, കോർക്കാട് ടാങ്ക്, വധനൂർ ടാങ്ക്, ബഹൂർ തടാകങ്ങൾ (പുതുച്ചേരിയിലെ രണ്ടാമത്തെ വലിയ തടാകം) എന്നി അഞ്ച് ജലസ്രോതസ്സുകൾക്ക് ആദ്യ ഘട്ടത്തിൽ തണ്ണീർത്തട പദവി നല്കും.

''ഒരു പ്രദേശം തണ്ണീർത്തടമായി ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ഭൂവിനിയോഗത്തിൽ മാറ്റമുണ്ടാകില്ല. കൈയേറ്റമോ നിർമാണമോ അനുവദിക്കാതിരിക്കാനും ഈ നീക്കം സഹായിക്കും. എന്നിരുന്നാലും, പരമ്പരാഗത മത്സ്യബന്ധന പ്രവർത്തനങ്ങൾ അനുവദിക്കുകയും ആവശ്യമെങ്കിൽ പ്രദേശവാസികൾക്ക് വെള്ളം ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യും. '' കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വഞ്ചുവള്ളി ശ്രീധർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ ജലാശയങ്ങളെ തണ്ണീർത്തടങ്ങളായി പ്രഖ്യാപിക്കാൻ പുതുച്ചേരി യുടി തണ്ണീർത്തട അതോറിറ്റി പദ്ധതിയിടുന്നു. പക്ഷികളുടെ എണ്ണം, ഓക്‌സിജൻ ആവശ്യം, കയ്യേറ്റം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തും. പ്രദേശത്തെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












