വിദേശയാത്രകൾ പ്ലാൻ ചെയ്തിരിക്കുന്ന ഒരാളാണോ നിങ്ങൾ? ഈ അടുത്ത സമയത്ത് ഒരു വിദേശയാത്ര പോകാനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞോ? എന്നാൽ നിങ്ങള് പോകുന്നത് ഈ ആറു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിലേക്കാണെങ്കിൽ യാത്ര നീട്ടിവയ്ക്കുന്നതാവും നല്ലത്. വിവിധ രാജ്യങ്ങളിൽ പല കാരണങ്ങളാൽ വർദ്ധിച്ചുവരുന്ന അസ്ഥിരതയും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം നിലവിലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ) നിരവധി യാത്രാ ഉപദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ ഉപദേശങ്ങൾ ലക്ഷ്യമിടുന്നത്. അതനുസരിച്ച് നിലവിൽ കഴിവതും യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കിയ ലോകരാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. യുണൈറ്റഡ് കിംങ്ഡം
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഏറ്റവുമധികം കുടിയേറിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുകെ. എന്നാൽ രാജ്യത്ത് അടുത്തിടെയുണ്ടായ കുടിയേറ്റ വിരുദ്ധ ആഭ്യന്തര കലാപങ്ങൾ കാരണം ഇവിടേക്കുള്ള യാത്രകൾക്കും ഇവിടെ ജീവിക്കുന്ന ഇന്ത്യക്കാർക്കും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. യുകെ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷയിൽ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മുന്നറിയിപ്പ് നല്കിയത്. കൂടാതെ, ഇന്ത്യക്കാര്‍ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യത്തിൽ ലണ്ടനിലെ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ, പ്രക്ഷോഭത്തിന്റെ പശ്ചാലത്തിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കുവാൻ സ്റ്റുഡന്റസ് ഫെഡറേഷന് ഓഫ് ഇന്ത്യ യുകെയും നിർദ്ദേശം നല്കിയിട്ടുണ്ട്.
2. ബംഗ്ലാദേശ്
ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സുസ്ഥിരമാകുന്നതുവരെ രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിലവിൽ ബംഗ്ലാദേശിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാനും അനാവശ്യമായ യാത്രകൾ ഒഴിവാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അടിയന്തരഘട്ടങ്ങളിൽ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ വഴി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു.
3. ഇസ്രയേൽ
പ്രാദേശിക രാഷ്ട്രീയ അസ്ഥിരതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യൻ പൗരന്മാർക്ക് ഇസ്രായേൽ സന്ദർശിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ഏപ്രിൽ മാസത്തിൽ അഭ്യർത്ഥിച്ചിരുന്നു. സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.
4. ഇറാൻ
ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും ആവശ്യഘട്ടങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുമാണ് നിർദ്ദേശം.
5. ലെബനൻ
ലെബനനലെ രാഷ്ട്രീയ സാഹചര്യങ്ങളും സമീപകാല സംഭവവികാസങ്ങളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ലെബനനിലുള്ളവർ അതീവ ജാഗ്രത പാലിക്കാനും അവരുടെ ചലനങ്ങൾ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്താനും അഭ്യർത്ഥിക്കുന്നു.
6. ലിബിയ
ലിബിയയിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ കഴിവതും ഒഴിവാക്കുവാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ലിബിയയിലെ അസ്ഥിരമായ സാഹചര്യങ്ങൾ കാരണം 2016 മെയ് 23-ന് ഏർപ്പെടുത്തിയ സമ്പൂർണ യാത്രാ നിരോധനത്തിൻ്റെ ഭാഗികമായ പരിഷ്‌ക്കരണമാണ് ഈ ഉപദേശം. റോഡ് മാർഗം പ്രവിശ്യകളിലുടനീളം യാത്ര ചെയ്യുന്നതും അപകടസാധ്യത വരുത്തിവെച്ചേക്കുമെന്നാണ് പുതുക്കിയ നിര്‍ദ്ദേശത്തിൽ പറയുന്നത്. ലിബിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് സഹായങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ട്രിപ്പോളിയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












