കർണ്ണാടകയിൽ വാഹനങ്ങൾക്ക് എച്ച്എസ്ആർപി (ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ്) ഘടിപ്പിക്കാനുള്ള തിയതി നീട്ടി. കർണ്ണാടക ഗതാഗത വകുപ്പാണ് സമയപരിധി മൂന്ന് മാസം കൂടി നീട്ടി നല്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തുവന്നു. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് എച്ച്എസ്ആർപി നമ്പർപ്ലേറ്റ് ഘടിപ്പിക്കാനുള്ള തിയതി നീട്ടുന്നത്. മേയ് 31 വരെയാണ് നീട്ടിയ തിയതി.
2023 ഓഗസ്റ്റിൽ, കർണ്ണാടക സർക്കാർ 2019 ഏപ്രിൽ 1-ന് മുമ്പ് രജിസ്റ്റർ ചെയ്ത ഏകദേശം രണ്ട് കോടി വാഹനങ്ങൾക്ക് ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് നിർബന്ധമാക്കി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടക്കത്തിൽ, നവംബർ 17, 2023 എന്ന സമയപരിധി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് 2024 ഫെബ്രുവരി 17 വരെ നീട്ടി. തുടർന്നാണിത് വീണ്ടും മേയ് വരെ നീട്ടിയത്. 2019 ഏപ്രിൽ 1ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾഎച്ച്എസ്ആർപി നമ്പർ പ്ലേറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.

സംസ്ഥാനത്ത് എച്ച്എസ്ആർപി രജിസ്ട്രേഷൻ കുറവാണ് എന്ന കാരണത്താലാണ് സമയപരിധി നീട്ടിയത്. വെറും പത്ത് ശതമാനം ആളുകൾ മാത്രമാണ് കർണാടകയിൽ എച്ച്എസ്ആർപി പ്ലേറ്റുകൾ ഘടിപ്പിച്ചതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നേരത്തെ നിയമനിർമാണ കൗൺസിലിൽ പറഞ്ഞിരുന്നു. നിലവിൽ 18 ലക്ഷം വാഹനങ്ങളിലാണ് നിലവിൽ എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
എച്ച്എസ്ആർപി ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് പ്രത്യേകതകൾ
രാജ്യത്തിറങ്ങുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് എങ്ങനെയായിരിക്കണം എന്നതിന്റെ ഒരു ഏകീകൃത മാനദണ്ഡമാണ് എച്ച്എസ്ആർപി. ഒട്ടനവധി സുരക്ഷാ സവിശേഷതകൾ ഉള്ള ഈ നമ്പർ പ്ലേറ്റ് ആണ് ഇപ്പോൾ രജിസ്ട്രേഷൻ നടത്തുന്ന എല്ലാ വാഹനങ്ങളും ഉപയോഗിക്കുന്നത്. ട്രാക്ക് ചെയ്യാനും ട്രേസ് ചെയ്യാനും സാധിക്കുന്ന ഈ നമ്പർ പ്ലേറ്റുകള്‍ വാഹനത്തിന്‍റെ സുരക്ഷയും വർധിപ്പിക്കുന്നു. ഇത് എളുപ്പം നശിപ്പിക്കുവാനും പുന:സൃഷ്ടിക്കാനും കഴിയുകയില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.
അന്താരാഷ്ട്ര രജിസ്ട്രേഷൻ കോഡ്, ലേസർ യുണീക് സീരിയൽ നമ്പർ, 3D ഹോളോഗ്രാം, അശോകചക്രം, സെക്യൂരിറ്റി ഇൻസ്ക്രിപ്റ്റ്, എന്നിവയുണ്ടാരിക്കും. മാത്രമല്ല, സ്നാപ് ലോക്ക് വഴി ഇത് ഘടിപ്പിച്ചിരിക്കുന്നതിനാൽ അഴിച്ചു മാറ്റുവാനും വീണ്ടും ഘടിപ്പിക്കുവാനും ബുദ്ധിമുട്ടാണ്.
എച്ച്എസ്ആർപി രജിസ്ട്രേഷൻ പ്ലേറ്റ് ഓൺലൈൻ വഴി അപേക്ഷിക്കാം
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ പുതിയ എച്ച്എസ്ആർപി രജിസ്ട്രേഷൻ പ്ലേറ്റിനു വേണ്ടിയോ അല്ലെങ്കിൽ പഴയത് മാറ്റാനോ അപേക്ഷിക്കാൻ കഴിയൂ. വാഹന രജിസ്ട്രേഷൻ നമ്പർ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ തുടങ്ങിയ വാഹനത്തിന്റെ പ്രധാന വിവരങ്ങള്‍ എടുത്ത വെച്ച ശേഷം വേണം അപേക്ഷിക്കാൻ.
http://www.siam.in എന്ന വെബ്സൈറ്റിൽ കയറിഏറ്റവും മുകളിൽ വലതു വശത്ത് Book HSRP (ബുക്ക് എച്ച്എസ്ആർപി ) എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര്, വാഹന നമ്പർ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, നിബന്ധനകൾക്കും വ്യവസ്ഥകൾക്കും സമ്മതം തുടങ്ങിയ അവശ്യ വിശദാംശങ്ങൾ നൽകുയ ശേഷം അടുത്ത പേജിലേക്ക് പോകും അവിടെ നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുകയും നിങ്ങളുടെ വാഹന തരം (2-വീലർ, 3-വീലർ, 4-വീലർ അല്ലെങ്കിൽ വാണിജ്യ വാഹനം) വ്യക്തമാക്കുക. തുടർന്ന് നിങ്ങളുടെ വാഹനത്തിൻ്റെ ബ്രാൻഡ് തിരഞ്ഞെടുക്കുക,
തുടര്‍ന്ന് bookmyhsrp.com, orderyourhsrp.com, getmyhsrp.com, makemyhsrp.com എന്നീ സൈറ്റുകൾ ഒന്നിലേക്ക് നിങ്ങൾ റീഡയറക്ട് ചെയ്യപ്പെടും. ഇതിൽ നിങ്ങളുടെ വാഹന നമ്പർ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ, നിങ്ങളുടെ വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകുക. തുടർന്ന് പേയ്മെന്‍റ് നടത്തുക, ഓണ്‍ലൈൻ പേയ്മെന്‍റ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. നിങ്ങൾ ഇൻ-സ്റ്റോർ ഫിറ്റിംഗ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒരു നിർദ്ദിഷ്ട തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കാൻ ഓർക്കുക.
ഓൺലൈനായി എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക്, ഷോറൂം അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിച്ച് ബുക്ക് ചെയ്യാനും കഴിയും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













