വയനാട്ടിൽ ഉരുള്‍പൊട്ടൽ. മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി. 70 ഓളം പേർ പരിക്കേറ്റ് ആശുപത്രയിൽ ചികിത്സയിലുണ്ട്.വിവിധ ഇടങ്ങളിലായി നാനൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്ക് മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. തുടർന്ന് നാല് മണിയോടെ ചൂരല്‍മല സ്കൂളിന് സമീപം വീണ്ടും ഉരുൾപൊട്ടി. ചൂരല്‍മല ടൗണിലെ പാലം തകരുകയും ടൗണിന്‍റെ ഒരുഭാഗം തന്നെ ഒലിച്ചുപോവുകയും ചെയ്തു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലും അപകടങ്ങൾ ഉണ്ടായി. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്ന് മറവന്യൂമന്ത്രി മന്ത്രി കെ. രാജൻ മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലേക്ക് പൊതുജനം യാത്ര ഒഴിവാക്കണം.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തില് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെയുള്ള വാഹനങ്ങൾക്കാണ് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കനത്ത മഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടിൽ ഉണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളില്‍ ആണ് ഉരുള്‍പൊട്ടൽ.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745, സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827.
ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി
സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് ചില ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ പാളത്തിലെ വെള്ളക്കെട്ട് കാരണം ട്രെയിൻ നമ്പർ 16305 എറണാകുളം- കണ്ണൂർ എക്സ്പ്രസ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 16791 തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ സർവീസ് നിർത്തും.
ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം- ഷൊർണ്ണൂർ വേണാട എക്സ്പ്രസ് ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














