ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടാണ് നര്‍മ്മദ നദിയില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ ഡാം. നര്‍മ്മദ നദിയില്‍ ഒരു അണക്കെട്ട് എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്, ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ അതികായനായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. 1961ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ അണക്കെട്ടിന്‍റെ പണികള്‍ 1979ല്‍ ആണ് ആരംഭിച്ചത്.
ഡാം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വഴികാട്ടിയായി ഡാം റിസപ്ഷനില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ ഭൂപടം കാണാം. സന്ദര്‍ശിക്കേണ്ട ആറ് പ്രധാന സ്ഥലങ്ങളും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പൂന്തോട്ടം, ശിലാസ്ഥാപനം നടത്തിയ സ്ഥലം, ബോട്ടിങ്ങിനായുള്ള തടാകം, ഫസ്റ്റ് ലോക്ക് ഗേറ്റ്, പ്രകൃതി ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രെക്കിംഗ് പോയിന്‍റ് എന്നിവയാണവ. 128 മീറ്റര്‍ ആണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ ഇപ്പോഴത്തെ ഉയരം. നര്‍മ്മദ നദിയിലെ ജലസമ്പത്ത് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അണക്കെട്ടിന് പിന്നിലെ ഉദ്ദേശം.
ഗുജറാത്തിലെ കുടിവെള്ള വിതരണത്തിലും വൈദ്യുതി ഉദ്പാദനത്തിലും വലിയ പുരോഗതി കൈവരിക്കാന്‍ ഈ അണക്കെട്ട് സഹായകമായി. സര്‍ദാര്‍ സരോവറിനടുത്താണ് അണക്കെട്ടിലെ ജീവനക്കാര്‍ താമസിക്കുന്ന കേവാഡിയ നഗരം. പ്രകൃതിഭംഗി ആസ്വദിക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെ വന്നെത്താറുണ്ട്. നര്‍മ്മദ നദിയോട് ബന്ധപ്പെട്ടുകിടക്കുന്ന തീര്‍ത്ഥാടനപരമായ പ്രാധാന്യമുള്ള ഒരുപാട് സ്ഥലങ്ങളും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമുണ്ട്. ചന്ദോദ്, കബീര്‍വാദ്, ശിവക്ഷേത്രങ്ങള്‍ എന്നിവയാണ് കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവ.
ചരിത്രനഗരികളായ ഭറൂച്ച്, രാജ്പിപില എന്നിവ സ്ഥിതിചെയ്യുന്നതും സര്‍ദാര്‍ സരോവറിന് അടുത്താണ് . രത്തന്‍മഹല്‍ സ്ലോത്ത് കരടി സങ്കേതം, ദേദിയപാദ മലനിരകളിലുള്ള ശൂല്‍പനേശ്വര്‍ വന്യജീവി സങ്കേതം, വിശാല്‍ ഖഡി ഇക്കോ ക്യാംപ്സൈറ്റ്, സാമോത്ത് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്, സഗായ് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്, സര്‍വാണി ഇക്കോ ക്യാംപ്സൈറ്റ്, കന്‍ജേത ഇക്കോ ക്യാംപ്സൈറ്റ് തുടങ്ങി ഒരുപാട് വേറിട്ട കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.



Click it and Unblock the Notifications