വയനാട് ജില്ലയിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി. കേരള - കര്‍ണാടക അതിര്‍ത്തിയിലുള്ള ഈ പ്രകൃതിസുന്ദരമായ പ്രദേശം മലയാളികളും അല്ലാത്തവരുമായി നിരവധി യാത്രികരെ ആകര്‍ഷിക്കുന്നു. ഗണപതിവടം എന്നായിരുന്നു സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര്. മൈസൂര്‍ രാജാവായിരുന്ന ടി്പ്പുസുല്‍ത്താന്‍ ഈ പ്രദേശം ആക്രമിക്കുകയും ഇവിടത്തെ പ്രശസ്തമായ ജൈനക്ഷേത്രം അദ്ദേഹത്തിന്റെ വെടിക്കോപ്പുകളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.
സുല്‍ത്താന്റെ ബാറ്ററി എന്ന വാക്കില്‍ നിന്നാണ് കലക്രമേണ സുല്‍ത്താന്‍ ബത്തേരിയായിത്തീര്‍ന്നത് എന്നാണ് പറയപ്പെടുന്നത്. ചരിത്രപരമായ ഈ പ്രാധാന്യം മാത്രമല്ല വയനാടന്‍ കാടുകളുടെ മാസമരികത കൂടിയാണ് ബത്തേരിയിലേക്ക് സന്ദര്‍ശകരെ ആകൃഷ്ടരാക്കുന്നത്. വയനാട്ടിലെ പ്രധാനപ്പെട്ട ടൗണ്‍ഷിപ്പുകളിലൊന്നാണ് ബത്തേരി എന്ന് വിളിക്കപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി. കൃഷിയും ടൂറിസവുമാണ് സുല്‍ത്താന്‍ ബ്‌ത്തേരിയുടെ പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങള്‍. ടിപ്പുസുല്‍ത്താന്‍ ഇവിടെ ഒരു കോട്ട നിര്‍മിക്കാനാരംഭിച്ചിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ തെളിവുകളൊന്നും ലഭ്യമല്ല.
മനോഹരമായ ഒന്നോ രണ്ടോ ദിവസങ്ങള്‍ നഗരത്തിരക്കില്‍ നിന്നും ഒഴിഞ്ഞ് ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് സുല്‍ത്താന്‍ ബത്തേരി. തേയിലത്തോട്ടങ്ങള്‍ക്കും മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പേരുകേട്ട ഇടമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തിലാണ് ബത്തേരി. എല്ലാക്കാലത്തും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. പ്രധാനപ്പെട്ട തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ബാംഗ്ലൂര്‍ - കോഴിക്കോട് പ്രധാന പാതയോരത്താണ് ബത്തേരി. മൈസൂര്‍, കണ്ണൂര്‍, കോഴിക്കോട്, ബാംഗ്ലൂര്‍ തുടങ്ങിയ കേരള - കര്‍ണാടക നഗരങ്ങളില്‍ നിന്നെല്ലാം വളരെ എളുപ്പത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചേരാന്‍ സാധിക്കും.



Click it and Unblock the Notifications