കേരളത്തിന്‍റെ വിനോദസഞ്ചാരം അനുദിനം വളരുകയാണ്. മലകളും കുന്നും കായലും തീർക്കുന്ന കാഴ്ചകൾ മാത്രമല്ല ഇന്ന് കേരളത്തിനുള്ളത്. ഓര പ്രദേശത്തിന്‍റെയും സ്വഭാവത്തിനനുസരിച്ചുള്ള ആംബിയൻസ് നല്കുന്ന റിസോർട്ടുകൾ മുതൽ ഫ്ലോട്ടിങ് ബ്രിഡ്ജുകളും ഗ്ലാസ് ബ്രിഡ്ജുകളും കേരളാ ടൂറിസത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. കാണാന്‍ പുതിയതെന്താണ് എന്നു തേടുന്ന സഞ്ചാരികൾക്കായി വീണ്ടും ഒരു ഗ്ലാസ് ബ്രിഡ്ജ് എത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ ആക്കുളം ടൂറിസം വില്ലേജിലാണ് സഞ്ചാരികൾക്ക് ആവേശമായി ചില്ല് പാലം പൂർത്തിയാകുന്നത്. കേരളാ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആയ ഇത് സാഹസിക ടൂറിസത്തിന്‍റെ ഭാഗമായാണ് നിർമ്മിക്കുന്നത്. വയനാട് തൊള്ളായിരം കണ്ടിയിലെയും വാഗമൺ അഡ്വഞ്ചര്‍ പാർക്കിലെയും ഗ്ലാസ് ബ്രിഡ്ജുകൾക്ക് ശേഷം വരുന്ന ഈ ചില്ലുപാലം കേരളത്തിലെ ഏറ്റവും നീളമേറിയ ചില്ലുപാടം കൂടിയാണ്.

75 അടി ഉയരത്തിൽ 52 മീറ്റർ നീളത്തിലാണ് ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് ഉയരുന്നത്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ ആണ് വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പിന്നീട് നിർമ്മാണം തുടങ്ങാൻ വൈകിയെങ്കിലും ഇപ്പോൾ ഏകദേശം പൂർത്തീകരണത്തോട് അടുത്തിട്ടുണ്ടിത്.
ഒരു ചില്ലുപാലത്തിലൂടെ നടക്കുന്നതിന്‍റെ അനുഭവങ്ങള്‍ നല്കുന്ന വിധത്തിലാണ് ഇതിന്‍റെ പ്രത്യേകതകൾ എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പാലത്തിൽ കയറുമ്പോൾ കൃത്രിമ മഞ്ഞും ചാറ്റൽ മഴയും ഉൾപ്പെടെയുള്ള അനുഭവങ്ങൾ കൂടി നല്കുന്ന വിധത്തിലാണ് സജ്ജീകരിക്കുക. ഇത് കൂടാതെ പാലക്കിലൂടെ നടക്കുമ്പോൾ വിള്ളൽ വീഴുന്ന അനുഭവവും ഉണ്ടായിരിക്കും. എൽഇഡി സ്ക്രീനിന്‍റെ സഹായത്തോടെയാണ് ഇത് ഒരുക്കുക.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ചില്ലുപാലം ഒരുങ്ങുന്നത്.
ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് ചില്ലുപാലത്തിലൂടെ നടക്കുക മാത്രമല്ല, നടത്തത്തിൽ മനോഹരമായ കാഴ്ചകളും ആസ്വദിക്കാം. ആക്കുളം കായലിന്‍റെയും സമീപത്തെ പ്രദേശങ്ങളുടെയും കാഴ്ച ഇതിനു മുകളിൽ നിന്ന് കാണാം. സാഹസിക സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഇതൊരുങ്ങുന്നത്. ടോയ് ട്രെയിന്‍ സര്‍വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും.
ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടെയ്ൻ ഇവിടുത്തെ ഒരു ആകർഷണമാണ്.
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം വിനോദസഞ്ചാരകേന്ദ്രം നടത്തിപ്പ് ചുമതല വഹിക്കുന്നത്.
അവധിക്കാലം ആസ്വദിക്കാം
അവധിക്കാലം വരുന്നതോടെ കുട്ടികളടക്കമുള്ള കൂടുതൽ സഞ്ചാരികൾ ആക്കുളത്തേയ്ക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കൂടാതെ ഇവിടുത്തെ ചിൽഡ്രൻസ് പാർക്കും അഡ്വൈഞ്ചറസ് സ്പോട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
വാഗമൺ ഗ്ലാസ് ബ്രിഡ്ജ്
ഇടുക്കി ടൂറിസത്തെ തന്നെ മാറ്റി മറിച്ച ഒന്നാണ് വാഗമണ്ണിലെ ചില്ലുപാലം. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ്ബ്രിജ്ഡാണ് ഇത്. 40 മീറ്റർ നീളത്തിലുള്ള പാലം സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. . ഒരേ സമയം 15 പേര്‍ക്ക് കയറാം. 250 രൂപയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












