ആലപ്പുഴ എന്ന പേരുകേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക കായലും കെട്ടുവഞ്ചിയിലുള്ള യാത്രയുമാണ്. ഹൗസ് ബോട്ട് കയറാതെ ആലപ്പുഴ സന്ദർശനം പൂർത്തിയാകില്ലെന്നു പറയുമ്പോളും ഇവിടെ ചെയ്യേണ്ടതും കാണേണ്ടതുമായ വേറെയും ഒരുപാട് കാര്യങ്ങളുണ്ട്.
വളഞ്ഞു പുളഞ്ഞു കടക്കുന്ന ഉൾനാടൻ ജലപാതകളിലൂടെയുള്ള യാത്രയും നാവിൽ രുചിയുടെ മേളം കൊട്ടിക്കയറ്റുന്ന വിഭവങ്ങളും ചേരുന്ന ആലപ്പുഴയെ കാണേണ്ട പോലെ തന്നെ കാണണം.
സൂര്യോദയത്തിന്‍റെ മാന്ത്രികതയിൽ ആരംഭിക്കുന്ന പുലരികളിൽ ഏതൊക്കെയോ കുറേ കാഴ്ചകൾ കണ്ട് മടങ്ങിയാൽ പോരാ എന്നതാണ് യാഥാർത്ഥ്യം. ഒരിക്കലും സഞ്ചാരികൾ പ്രതീക്ഷിക്കാത്ത, ആലപ്പുഴയിൽ കാണാനാകും എന്നു വിചാരിക്കാത്ത കുറച്ച് സ്ഥലങ്ങളും അനുഭവങ്ങളും കൂടി ഇവിടെയുണ്ട്. ഇതാ നിങ്ങളുടെ അടുത്ത ആലപ്പുഴ യാത്രയിൽ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കാക്കത്തുരുത്ത്
വളരെ അപ്രതീക്ഷിതമായി ലോക സഞ്ചര ഭൂപടത്തിലേക്ക് എത്തിച്ചേർന്ന സ്ഥലമാണ് കാക്കത്തുരുത്ത്. വേമ്പനാട്ടു കായലിലെ ഏറ്റവും ഭംഗിയുള്ള ദ്വീപുകളിലൊന്നാണ് കാക്കത്തുരുത്ത്. നാഷണൽ ജിയോഗ്രഫിക് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഇവിടം അറിയപ്പെടുന്നത്.
ആലപ്പുഴ ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ട് പോകണം കാക്കത്തുരുത്തിലേക്കുള്ള കടവിലെത്താൻ. ഇവിടുന്ന് ദ്വീപിലേക്ക് രാവിലെ മുതൽ കടത്തുവള്ളങ്ങൾ തുടങ്ങും. നാട്ടുവഴികളും കാഴ്ചകളും പക്ഷികളും മാത്രമല്ല, സൂര്യാസ്മയവും ഇവിടുത്തെ പ്രത്യേകതയാണ്.
വീയാപുരം കാട്
ആലപ്പുഴ യാത്രയിൽ ഒട്ടും പതിവില്ലാത്ത ഒന്നാണ് കാടു കാണാനുള്ള പോക്ക്. കാടില്ലാത്ത കേരളത്തിലെ ഏകജില്ല ആലപ്പുഴയാണെങ്കിലും കാടിന്‍റെയും പച്ചപ്പിൻറെയും മനോഹാരിത നല്കുന്ന ഒരിടമാണ് വീയാപുരം. ആലപ്പുഴയിലെ ഏക സംരക്ഷിത വനം കൂടിയാണ് വീയാപുരം. പച്ചപ്പും പ്രകൃതി സൗന്ദര്യവും ഒരുപോലെ ചേരുന്ന ഇവിടം കണ്ടിരിക്കേണ്ട പ്രദേശം കൂടിയാണ്. പമ്പാനദിയുടെ രണ്ടുകരകളിലുമായി നീണ്ടു വിശാലമായി കിടക്കുന്ന 14.53 ഏക്കർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനത്തിന്.
പമ്പാ നദികൂടാതെ അച്ചൻകോവിലാറിന്‍റെ സാമീപ്യവും ഇവിടെയുണ്ട്. മറ്റൊന്ന് തടി ഡിപ്പോയാണ്. വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പോയ്ക്ക് 200 വർഷത്തിലധികം പഴക്കമുണ്ട്. നേരിട്ട് ചെന്നാൽ ഇവിടം കാണാമെന്ന് കരുതേണ്ട. റാന്നി ഫോറസ്റ്റ് ഡിവിഷനൽ ഓഫിസിൽ നിന്ന് മുൻകൂട്ടി അനുമതി മേടിച്ചാൽ മാത്രമേ പ്രവേശനം സാധ്യമാകൂ.
ഉളവയ്പ്പ് കായൽ
ചിത്രങ്ങളില്‍ മാത്രം കാണുന്നതുപോലെ മനോഹരമായ ഒരു സൂര്യാസ്മയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ സ്ഥലമാണ് ഉളവയ്പ്പ് കായൽത്തീരം. കായൽത്തീരം കൂടാതെ, തോടുകളും കനാലുകളും തെങ്ങിൻതോപ്പുകളും പാടവും ഇവിടെ കാണാം. ഇതിനിടയിലൂടെ സൂര്യൻ ചക്രവാളത്തിലേക്ക് മറയുന്ന കാഴ്ട അതിമനോഹരമാണ്.
ആലപ്പുഴയിൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്. ചേർത്തല- അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 3.5 കിലോമീറ്റർ ദൂരമേയുള്ളൂ ഉളവയ്പ്പ് കായൽ തീരത്തേയ്ക്ക്.
ആലപ്പുഴയിൽ കുട്ടവഞ്ചി യാത്ര
ആലപ്പുഴയിൽ കുട്ടവഞ്ചി യാത്രയെന്നത് കേൾക്കുമ്പോൾ പലർക്കും ഒരു പുതുമയാണ്. കെട്ടുവള്ളത്തിൽ പോകുന്നതിനു പകരം കുട്ടവഞ്ചിയിൽ പോകാൻ അവസരം തരുന്ന ഇടമാണ് കരിങ്ങാലിചാൽ. ഓണാട്ടുകരയിലെ കരിങ്ങാലിൽചാൽ പുഞ്ചയിൽ ശാന്തിതീരം വില്ലേജ് ടൂറിസം സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് കുട്ടവഞ്ചിയാത്ര ഒരുക്കിയിരിക്കുന്നത്.
തുഴച്ചില് വള്ളം, പെഡൽ ബോട്ട് എന്നിവയിൽ കയറാൻ സൗകര്യമുണ്ട്. വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് ഇവിടം ആക്ടീവാകുന്നത്.
ചെങ്ങന്നൂർ പാണ്ഡവൻപാറ
ആലപ്പുഴയിൽ പോകാൻ പറ്റിയ ആത്മീയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ചെങ്ങന്നൂർ പാണ്ഡവൻപാറ . വനവാസക്കാലത്ത് പഞ്ചപാണ്ഡവർ എത്തിച്ചേർന്ന ഇടമാണിതെന്നാണ് വിശ്വാസം. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഇവിടെ കാണാം. കുടപ്പാറ, മദ്ദളപ്പാറ, താമരപ്പാറ, ആനപ്പാറ എന്നിങ്ങനെ വിവിധകരം പാറകൾ ഇവിടെ നിരവധിയുണ്ട്. ചെങ്ങന്നൂരിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












