മീശപ്പുലിമല ഇടുക്കിക്കാരുടെ അഭിമാനമാണ്! മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ദുൽഖർ സല്‍മാന്‍റെ ഒറ്റ ചോദ്യത്തോടെ മാറിമറിഞ്ഞത് മീശപ്പുലിമലയുടെ ചരിത്രമായിരുന്നു. കോടമഞ്ഞും ട്രെക്കിങ്ങും സൂര്യോദയുവും ഒക്കെയായി ആഘോഷമാക്കാൻ പറ്റിയ സ്ഥലമാണ് മീശപ്പുലിമല. എന്നാൽ ഇടുക്കിക്കാർക്ക് മാത്രമല്ല, പത്തനംതിട്ടക്കാർക്കും സ്വന്തമായുണ്ട് ഒരു കൊച്ചു മീശപ്പുലിമല!
പത്തനംതിട്ടക്കാർ അവരുടെ സ്വകാര്യ അഭിമാനമായി സൂക്ഷിക്കുന്ന അഞ്ചുമലപ്പാറയാണ് മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളും സൂര്യോദയവും കോടമഞ്ഞും ഒക്കെയായി മീശപ്പുലിമലയ്ക്ക് സമാനമായ കാഴ്ചകൾ ഒരുക്കുന്നത്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുറച്ചു നേരം വളരെ ശാന്തമായി ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവർ ആണ് ഇവിടേക്ക് എത്തുന്നവരിൽ അധികവും.

ഏനാദിമംഗലം പഞ്ചായത്തിന്‍റെ ഭാഗമായ അഞ്ചുമലപ്പാറ അതിന്‍റെ പ്രകൃതിഭംഗികൊണ്ടാണ് പത്തനംതിട്ടക്കാരുടെ മീശപ്പുലിമല എന്ന പേരിന് അർഹത നേടിയത്. ആകാശത്തോട് തൊട്ടിയിരുമി നിൽക്കുന്ന മലമേടുകളും കയ്യെത്തിപിടിച്ചാൽ ഒന്നു തൊടാമെന്ന മട്ടിൽ നിൽക്കുന്ന മേഘങ്ങളും ആണ് ഇവിടെ പ്രധാന കാഴ്ച. പച്ചപ്പിന്‍റെ കാഴ്ച പിന്നെ എടുത്തുപറയേണ്ടല്ലോ..അഞ്ചുമലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, ആക്കമല എന്നീ അഞ്ച് മലകള്‍ ചേർന്നാണ് അഞ്ചുമലപ്പാറ എന്ന പേരുവന്നത്.
മീശപ്പുലിമലിയിൽ നിന്ന് കാണുന്നതു പോലെ തന്നെ മനോഹരമായ സൂര്യോദയവും അഞ്ചുമലപ്പാറയുടെ പ്രത്യേകതയാണ്. തണുപ്പുകാലമാണെങ്കിൽ മഞ്ഞിനു നടുവിലൂടെ, മേഘകഷ്ടങ്ങൾക്ക് ഇടയിലൂടെ സൂര്യവെളിച്ചം അരിച്ചിറങ്ങി വരുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മീശപ്പുലിമലയോട് സാമ്യമുള്ള ഈ കാഴ്ച കാണാൻ കഴിയുന്നത്.
സമുദ്ര നിരപ്പിൽ നിന്നും നല്ല ഉയരത്തിലുള്ളതിനാൽ ഇവിടെ നിന്നുള്ള കാഴ്ചകൾക്ക് പ്രത്യേക സുഖമാണ്. വെറുതേയിരിക്കുമ്പോൾ, ഒരു യാത്ര പോയി വരാൻ തോന്നിൽ വരാവുന്നത്രയും അടുത്താണെന്നു മാത്രമല്ല, എളുപ്പവുമാണ് ഇവിടേക്കുള്ള യാത്ര. ചെറിയ നടത്തം വേണം ഇവിടേക്ക് എത്തുവാൻ. യുവാക്കളാണ് ഇവിടെ എത്തുന്നവരിൽ ഏറിയ പങ്കും.
പാറക്കെട്ടിനു മുകളിൽ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാൻ പറ്റുന്ന തരത്തില‍് ഉള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഒരിക്കലും വറ്റാത്ത ഒരു കുളവും ഇവിടെ പാറക്കെട്ടിനു മുകളിൽ കാണം. ഇവിടെ വന്നു കഴിയുമ്പോൾ വിശ്രമിക്കാനായി രണ്ടു വലിയ പാറകളുമുണ്ട്. അഞ്ചുമലപ്പാറയിൽ നിന്നും നോക്കിയാൽ പത്തനംതിട്ട, കൊല്ലം ജില്ലകളുടെ ഒരു ദൂരക്കാഴ്ച കാണാം..
പത്തനംതിട്ടയിൽ ഒരു ഓഫ്ബീറ്റ് സ്ഥലത്തേയ്ക്കാണ് അടുത്ത യാത്രയെങ്കിൽ നിർബന്ധമായും ഇവിടവും ഉൾപ്പെടുത്താം. പത്തനംതിട്ടയിൽ നിന്നും അഞ്ച്മലയിലേക്ക് 27 കിലോമീറ്ററാണ് ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












