വിചിത്രമായ പല കഫേകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. കൂടെ അരുമമൃഗങ്ങളുണ്ടെങ്കിൽ മാത്രം പ്രവേശനം നല്കുന്ന കഫേകൾ, കാലിലിട്ടിരിക്കുന്ന ഷൂസിന്‍റെ അളവിൽ പാനീയം വിളമ്പുന്ന കഫേകൾ എന്നിങ്ങനെ രൂപത്തിലും ഭാവത്തിലും വിഭവങ്ങളിലും രുചികളിലും എല്ലാം വ്യത്യസ്തമായ കഫേകൾ. എന്നാൽ ഇന്നവിടെ പരിചയപ്പെടുത്തുന്നത് തീർത്തും വ്യത്യസ്തമായ ഒരിടമാണ്, ഇവിടെ മനുഷ്യർക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, പകരം പ്രവേശനം അനുവദിക്കുന്നത് നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില അതിഥികൾക്കാണ്.
ബാംഗ്ലൂർ ലാൽ ബാഗ് ഉദ്യാനത്തിലുള്ള ചെറിയ പ്രാണികള്‍ക്കായി ഹോർട്ടികൾച്ചർ ഡിപ്പാര്‍ട്മെന്‍റ് ആണ് ഈ പുതിയ കഫേ ഒരുക്കിയിരിക്കുന്നത്. 'ഇൻസെക്ട് കഫേ' എന്നു പേരിട്ടിരിക്കുന്ന ഈ ഉദ്യമം ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡനുള്ളിൽ വിഭിന്ന ഇന്ത്യ ഫൗണ്ടേഷന്‍റെ സിഎസ്ആർ ഇനിഷ്യേറ്റീവുമായി ചേർന്നാണ് ഒരുക്കിയിരിക്കുന്നതെന്ന് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്തു.

മാറിവരുന്ന പരിസ്ഥിതിയും കാടുകൾ നഗരങ്ങൾക്ക് വഴിമാറുന്നതും നഗരവത്ക്കരണവും പോലുള്ള കാരണങ്ങളാൽ ആവാസവ്യവസ്ഥകളുടെ നാശം സംഭവിച്ച പ്രാണികൾക്ക് ഒരു അഭയകേന്ദ്രവും പ്രജനന കേന്ദ്രവും ഒരുക്കാനാണ് ഈ ശ്രമം ലക്ഷ്യം വയ്ക്കുന്നത്.
കഫേ എന്ന പേരുകേട്ട് സ്ഥിരം കണ്ടുവരുന്ന രൂപത്തിലുള്ള ഒന്ന് പ്രതീക്ഷിക്കേണ്ട. ഈ 'ഇൻസെക്ട് കഫേ' കുറേ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുകയാണ്. പ്രാണികൾക്ക് വസിക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഉണങ്ങിയ പുല്ല്, മരം, വിവിധതരം ചെടിത്തടികൾ, മറ്റ് വസ്തുക്കൾ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.

ലാല്‍ ബാഗ് തീർത്തും വ്യത്യസ്തമായ വിവിധതരം പ്രാണികളുടെയും തേനീച്ചകളുടെയും ഒക്കെ ആവാസ കേന്ദ്രാണ്. ബംബിൾ ബീസ്, കാർപെന്‍റർ തേനീച്ചകൾ തുടങ്ങിയവയും ഉണങ്ങിയ മരത്തിലേക്ക് തുളച്ചുകയറുന്നതോ നിലത്ത് ദ്വാരങ്ങൾ തുരന്ന് ഭൂമിയുടെ അടിയിൽ വസിക്കുന്നതോ ഉൾപ്പെടെ വിവിധ പ്രാണികളെ ഇവിടെ കാണാം.
ഹോർട്ടികൾച്ചർ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇത്തരം കഫേ ലാൽബാഗ് കൂടാതെ നന്ദി ഹിൽസ്, കബ്ബൺ പാർക്ക്, കൃഷ്ണരാജേന്ദ്ര ഗിരിധാമ, കെമ്മനഗുണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിക്കുവാനും വകുപ്പിന് പദ്ധതിയുണ്ട്. കഫേകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം, ആത്യന്തികമായി അവരുടെ സ്വന്തം വീട്ടുമുറ്റത്ത് അത്തരം ആവാസവ്യവസ്ഥകൾ സ്ഥാപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും വിവിധ വനമേഖലകളിലേക്ക് ആശയം വ്യാപിപ്പിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












