പട്ടിണി കിടക്കണമെങ്കിൽ പോലും കയ്യിൽ കാശ് വേണമെന്ന് പറയുന്ന ചില നഗരങ്ങളില്ലേ... അത്തരത്തിലൊന്നാണ് ബെംഗളുരു എന്ന് ചിലപ്പോള്‍ തോന്നും. എവിടെ തൊട്ടാലും പൈസ. പുറത്തിറങ്ങിയാൽ ചെലവ്... എന്നാൽ റൂമിലിരിക്കാമെന്ന് വെച്ചാലോ... ഏതെങ്കിലും വിധത്തിൽ ചെലവുകൾ വന്നിരിക്കും. എന്നാല് കയ്യിൽ കാശ് ഒന്നുമില്ലെങ്കിലും ബാംഗ്ലൂരിൽ സൗജന്യമായി ചെയ്യാൻ പറ്റിയ ചില കാര്യങ്ങളുണ്ട്.
പ്രകൃതിയോ ചരിത്രമോ വെറുതേയുള്ള നടത്തമോ എന്തുമായിക്കോട്ടെ, പോക്കറ്റിൽ നിന്നും ഒരു പൈസ പോലും ചെലവാക്കാതെ ചെയ്യാൻ പറ്റിയ കുറേ കാര്യങ്ങൾ നഗരത്തിലുടനീളമുണ്ട്. ഇതാ ബാംഗ്ലൂരില്‍ ഉള്ളപ്പോൾ ചെയ്യാൻ പറ്റിയ, അതും സൗജന്യമായി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം,

1. വിധാൻ സൗധ
കർണ്ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് വിധാൻ സൗധ. ചരിത്രത്തോട് ചേർന്നു കിടക്കുന്ന, രാഷ്ട്രീയ നാടകങ്ങൾക്ക് സ്ഥിരം വേദിയാകുന്ന, കർണ്ണാടകയുടെ ഭാവി തീരുമാനിക്കപ്പെടുന്ന വിധാൻ സൗധ കർണ്ണാടകയുടെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന കെട്ടിടമാണ്. കബ്ബൺ പാർക്കിനു സമീപം സാംപൻഡി രാമനഗറിൽ ഡോ. അംബേദ്കർ വീഥിയിലാണ് ഇതുള്ളത്. 46 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിധാൻ സൗധ നഗരമധ്യത്തിൽ 60 ഏക്കർ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.
അതിമനോഹരമായി നിർമ്മിക്കപ്പെട്ട ഈ കെട്ടിടം പുറമേ നിന്നു കാണുന്നത് ബാംഗ്ലൂരിൽ ചെയ്യാന്‍ പറ്റിയ സൗജന്യ കാര്യങ്ങളിലൊന്നാണ്. മുൻകൂർ അനുമതിയില്ലാതെ വിധാൻ സൗധയ്ക്കുള്ളിലേക്ക് കടക്കാൻ സാധിക്കില്ല. എന്നാൽ ഗേറ്റിനു പുറത്തു നിന്ന് ഇവിടം കാണാം. വൈകുന്നരേങ്ങളിൽ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു.
2. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്
കർണ്ണാടകയുടെ തനത് കലകളും നൃത്തരൂപങ്ങളും മറ്റു കലാരൂപങ്ങളും ഒക്കെ സൗജന്യമായി കാണാനുള്ള അവസരം എൻജിഎംഎ എന്ന നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഒരുക്കാറുണ്ട്. എക്സിബിഷനുകളും കർച്ചറൽ ഇവന്‍റുകളും ഒക്കെ വരുമ്പോൾ സൗജന്യ പ്രവേശനം പൊതുജനങ്ങൾക്കായി നല്കും. എന്നാൽ അവരുടെ ഷെഡ്യൂൾ നോക്കി ഈ ദിവസങ്ങള്‍ ഏതൊക്കെയെന്ന് കണ്ടുവയ്ക്കണമെന്നു മാത്രം.
3.കെആർ മാർക്കറ്റ്
ബെംഗളുരുവിന്‍റെ ഏറ്റവും സാധാരണ മനുഷ്യരെ കാണുവാനും അവരുടെ ജീവിതം മനസ്സിലാക്കാനും പറ്റിയ സ്ഥലമാണ് കെആർ മാർക്കറ്റ്. ബാംഗ്ലൂരിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ ഇവിടെ നിങ്ങള‍്ക്ക് എന്തും വിലയ്ക്കു ലഭിക്കും, അതിരാവിലെ മൂന്നു മണി മുതൽ ഇവിടം സജീവമാകും. ഫോട്ടോ എടുക്കാനായി നിരവധി ആളുകൾ ഇവിടെ വരുന്നു. സൗജന്യമായി ബെംഗളുരുവിൽ സന്ദർശിക്കാൻ പറ്റിയ ഇവിടം നിങ്ങളെ നിരാശപ്പെടുത്തില്ല.
4. എംജി റോഡിലെ സ്ട്രീറ്റ് ആർട്
ബെംഗളുരുവിൽ കറങ്ങുമ്പോൾ കുറച്ച് അടിപൊളി ഫോട്ടോകൾ എടുക്കേണ്ടേ...അതിനായി കാശ് കൊടുത്ത് ഹോട്ടലുകളിലോ പബ്ബുകളിലോ ഒന്നും പോകേണ്ട.. എംജി റോഡ് വരെ പോയാൽ കിടിലന്‍ ചിത്രങ്ങളും സ്ട്രീറ്റ് ആർടുകളും കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യാം. പക്ഷേ, കുറച്ചധികം ദൂരം നടന്നു കാണുവാനുള്ളതിനാൽ വൈകുന്നേരം പോകുനനതാവും നല്ലത്. എംജി റോഡിലും ബ്രിഗേഡ് റോഡിലും സ്ട്രീറ്റ് ആർട് കാണാൻ സാധിക്കും.
5. ഉൾസൂർ ലേക്ക്
നഗരത്തിരക്കുകളിലേക്ക് പോകുവാൻ താല്പര്യമില്ലെങ്കിൽ ശാന്തമായി വെറുതേ പോയിരിക്കാൻ പറ്റിയ സ്ഥലങ്ങള് ഒരുപാടുണ്ട് ഇവിടെ. അതിലൊന്നാണ് ഉൾസൂർ ലേക്ക്, തടാകത്തിന്‍റെ കരയിൽ വെറുതേ ഇരുന്നാൽ പോലും ഒരു സമാധാനം കിട്ടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












