അതിമനോഹരങ്ങളായ ഗ്രാമങ്ങളും പാതകളും പിന്നിട്ട് ഒരു റോഡ് ട്രിപ്പ്. ബാംഗ്ലൂരിന്‍റെ തിരക്കുകളിൽ നിന്നകന്ന് ഒരു യാത്ര പോകാം എന്നോർക്കുമ്പോൾ തന്നെ ഇവിടുള്ളവർക്ക് സന്തോഷമാണ്. അത്രയും കുറച്ച് ഹോണുകളും ബഹളങ്ങളും സഹിച്ചാൽ മതിയല്ലോ.. എന്തായാലും ബാംഗ്ലൂരിൽ നിന്നും ഭംഗിയുള്ള കുറേ കാഴ്ചകൾ കണ്ട്, പച്ചപ്പും പാടങ്ങളും കണ്ട് ഒട്ടും മടുപ്പിക്കാത്ത ഒരു യാത്രയാണ് ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.
ബാംഗ്ലൂരിൽ നിന്നും ഒരു റോഡ് ട്രിപ്പ്, അതും ക്ഷീണിപ്പിക്കാത്ത, ഓരോ വളവിലും തിരിവിലും പുതിയ കാഴ്ചകൾ കാണാൻ നോക്കിയിരിക്കേണ്ട ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ബുഡിക്കോട്ടെ ഡാം. കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുഡിക്കോട്ടയിലേക്ക് എങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാമെന്ന് നോക്കാം.

കോലാറിൽ ബംഗാരപേട്ട് താലൂക്കിന്‍റെ ഭാഗമായ ബുഡിക്കോട്ടയിൽ കാത്തിരിക്കുന്നത് ഒരു അണക്കെട്ട് ആണ്. ഒരണക്കെട്ടിൽ എന്താണ് കാണാനുള്ളത് എന്നു ചോദിച്ചാൽ ഇവിടെ നിങ്ങൾ വന്ന് നേരിട്ട് കാണുക തന്നെ വേണം. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കാഴ്ചയും നീലാകാശവും ഒക്കെ ചേരുന്ന കോംബിനേഷനിൽ പതഞ്ഞൊഴുകുന്ന വെള്ളവും മരങ്ങളും അണക്കെട്ടിന്‍റെ നിർമ്മാണവും ഒക്കെയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
കോലാർ ജില്ലയിലെ ആദ്യ അണക്കെട്ടായ ഇവിടെ എത്തിച്ചേരുന്നതിൽ ഭൂരിഭാഗവും ബാംഗ്ലൂരിൽ നിന്നും വരുന്നവരാണ്. ശാന്തമായ അന്തരീക്ഷവും മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകളും ഒക്കെയുള്ള ഇവിടം കുട്ടികളെയും കൂട്ടി വരുന്നവർക്കും ഫ്രണ്ട്സിനൊപ്പം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ സ്ഥലമാണ്.
നിറഞ്ഞു കിടക്കുന്ന അണക്കെട്ടും അതിനു ചുറ്റും നടന്നുള്ള കാഴ്ചകളുമാണ് നിങ്ങൾക്കിവിടെ ആസ്വദിക്കാൻ കഴിയുക. അണക്കെട്ടിൽ എത്തിയാൽ ഒരു പാറക്കെട്ടിൽ കയറി പാലത്തിലേക്ക് നടക്കാം. പാറക്കെട്ട് പറ്റാത്തവർക്ക് ചെറിയ പാലവും ഇവിടെ കാണാം.
ഇവിടെ വന്നിരുന്ന് ഒരു ചെറിയ പിക്നിക് മൂഡിൽ ഭക്ഷണം ഒക്കെ കഴിച്ച് ഫോട്ടോ എടുത്ത് കുട്ടികളെയും കൂട്ടി ഡാമിനു ചുറ്റും ഒന്നു നടന്ന് ആസ്വദിച്ച ശേഷം തിരികെ പോകാം.
ബാംഗ്ലൂരിൽ നിന്നും ഐടിപിഎല്‍ മെയിൻ റോഡ് വഴി വെറും 70 കിലോമീറ്ററിൽ താഴെയേ ഇവിടേക്ക് ദൂരമുള്ളൂ എന്നതിനാൽ ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നവർക്കും വീക്കെൻഡുകളിൽ എന്തു ചെയ്യണമെന്നറിയാത്തവർക്കും ഇവിടേക്ക് വരാം. കുട്ടികളെയും കൂട്ടി ഔട്ടിങ് പ്ലാൻ ചെയ്യുന്നവർക്കും ഇവിടം യോജിച്ച സ്ഥലമാണ്.
ഇവിടേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം 70 കിലോമീറ്ററിന് പരമാവധി മൂന്നു മണിക്കൂറേ വേണ്ടി വരികയുള്ളൂവെങ്കിലും വഴിയിലെ കാഴ്ചകളും റോഡും ഗ്രാമങ്ങളും ഒക്കെ കണ്ട് വണ്ടി നിർത്തി ഫോട്ടോ എടുത്ത് വരുമ്പോഴേയ്ക്കും സമയം നാല് മണിക്കൂറിനു മുകളിലെടുക്കും. അതുകൂടി കണക്കാക്കി വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് ബുഡിക്കോട്ട് ഡാമിലെത്താൻ മൂന്ന് വഴികളുണ്ട്. ഒന്ന് ഹൊസൂർ വഴി പോകുന്നു; രണ്ടാമത്തേത് സർജാപൂർ വഴി പോകുന്നു; മൂന്നാമത്തേത് വൈറ്റ്ഫീൽഡ് വഴി. ബൂഡിക്കോട്ട് പോകുമ്പോൾ ഹൊസൂർ റൂട്ടിലും തിരിച്ചു വരുമ്പോൾ വൈറ്റ്ഫീൽഡ് റൂട്ടിലും വരുന്ന വിധത്തിൽ പ്ലാൻ ചെയ്താൽ യാത്രയിൽ വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിക്കാം. ഹൊസൂർ വഴി പോകുമ്പോഴാണ് ഈ റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














