ബെംഗളുരു യാത്ര പ്ലാൻ ചെയ്യുമ്പോ പലർക്കും ഉള്ള സംശയമാണ് കുട്ടികളെയും കൂട്ടി പോകാൻ പറ്റുമോ എന്നത്. മറ്റൊന്നുമല്ല, മുതിർന്നവർക്ക് പോകാൻ പബ്ബുണ്ട്, പാർക്കുകൾ ഉണ്ട്, നന്ദി ഹിൽസ്, മാർക്കറ്റുകൾ, നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ചെറിയ യാത്രകൾ എന്നിങ്ങനെ കുറേ കാര്യങ്ങൾ ചെയ്യാം. പക്ഷേ, കുട്ടികളെ പാർക്കുകളിലേക്കല്ലാതെ വേറെ എവിടേക്കാണ് കൊണ്ടുപോവുക. അതിനുള്ള ഉത്തരമാണ് കബ്ബൺ പാർക്ക്.
കുട്ടികൾക്ക് കുറച്ചു നേരം ഓടിക്കളിക്കാം, നടക്കാം.. സമാനപ്രായത്തിലുള്ളവരെ കാണാം എന്നൊക്കെയല്ലേ ഇവിടെയെത്തിയാൽ ചെയ്യാൻ പറ്റുന്നത്. അല്ല, ഇതുമാത്രമല്ല, കുട്ടികളെയും കൂട്ടി ഒരു ദിവസത്തെ ഔട്ടിങ്ങിന് കബ്ബൺ പാർക്കിലേക്ക് വന്നാൽ ഇഷ്ടംപോലെ കാര്യങ്ങളുണ്ട്. ടോയ് ട്രെയിൻ യാത്രയും ബോട്ടിങ്ങും പാർക്കും എല്ലാമായി കുട്ടികൾക്ക് ആസ്വദിക്കാൻ പറ്റിയ ഒരുപാട് ആക്റ്റിവിറ്റികൾ ഇവിടെയുണ്ട്. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഇവയെല്ലാം ആസ്വദിക്കാം.

കബ്ബൺ പാർക്ക്
ബെംഗളുരുവിൽ ഏറ്റവും ചെലവ് കുറഞ്ഞ ഔട്ടിങ് സ്ഥലമാണ് കബ്ബൺ പാർക്ക്. ശ്രീ ചാമരാജേന്ദ്ര പാർക്ക് എന്നും ഇതിനു പേരുണ്ട്. നൂറു വർഷത്തിലധികം പഴക്കം ഇതിനുണ്ട്. 1870-ൽ അന്നത്തെ മൈസൂരിലെ ആക്ടിംഗ് കമ്മീഷണറായിരുന്ന ശ്രീ ജോൺ മീഡാണ് ഇത് സ്ഥാപിച്ചത്. നഗരത്തിന്‍റെ ഹരിത ശ്വാസകോശം എന്നു വിളിക്കാൻ പറ്റിയ ഇവിടെ നിറയെ മരങ്ങളാണ്. മരത്തണലിൽ ഇരിക്കുവാനും പുതിയ ആളുകളെ പരിചയപ്പെടുവാനും ഒഴിവു സമയങ്ങൾ ചെലവഴിക്കാനുമെല്ലാം ഇവിടേക്ക് വരാം. പ്രായഭേദമന്യേ ആളുകൾ വരുന്ന ഇടങ്ങളിലൊന്നാണ് കബ്ബൺ പാർക്ക്.
കബ്ബൺ പാർക് ബാൽ ഭവൻ
കബ്ബൺ പാർക്കിൽ കുഞ്ഞുങ്ങളെയും കൂട്ടി വരുമ്പോൾ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് ബാൽ ഭവൻ. കബ്ബൺ പാർക്കിനുള്ളിലെ ഈ പാർക്ക് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ഇടമാണ്. അതായത് കുട്ടികളെ മുഴുവൻ സമയവും ആക്ടീവ് ആയി നിർത്തുന്ന ഒരുപാട് കാര്യങ്ങള് ബാൽ ഭവനിൽ ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കു മാത്രമല്ല, മുതിർന്നവർക്കും അവരോടൊപ്പം ആസ്വദിക്കുകയും ചെയ്യാം.

കുട്ടികളെ സംബന്ധിച്ചെടുത്തോളം ശരിക്കും ഒു കളിസ്ഥലമാണിത്. കുട്ടികൾക്ക് ഓടാനും ഊഞ്ഞാൽ കളിക്കാനും ജംഗിൾ ജിമ്മുകളിൽ കയറാനും കഴിയുന്ന ഒരു രസകരമായ കളിസ്ഥലം പോലെയാണിത്. കുട്ടികൾക്കായി മാത്രം രൂപകൽപ്പന ചെയ്‌ത ഗെയിമുകളും ആക്‌റ്റിവിറ്റികളും ഇവന്‍റുകളും ബാൽ ഭവനിൽ ഉണ്ട്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് ക്വാളറ്റി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണിത്.
കബ്ബൺ പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും ബാൽ ഭവനിൽ കയറണമെങ്കിൽ ഫീസ് ഉണ്ട്. കബ്ബൺ പാർക്കിനുള്ളിൽ കയറിയാലാണ് ഇവിടേക്കുള്ള എൻട്രി കാണാന് സാധിക്കുക, മുതിർന്നവർക്ക് 20 രൂപയും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവുമാണ് ബാൽ ഭവനിലേക്ക്. നിങ്ങൾക്ക് ടോയ് ട്രെയിൻ,ബോട്ടിങ് എന്നിവ നടത്താൻ താല്പര്യമുണ്ടെങ്കിൽ എൻട്രി ടിക്കറ്റിനൊപ്പം എൻട്രൻസിൽ നിന്നും ഇതിനുള്ള ടിക്കറ്റും എടുക്കണം. അല്ലെങ്കിൽ വീണ്ടു ംപോയി ക്യൂ നിൽക്കേണ്ടി വരും.
ബാല്‍ ഭവനിൽ കുട്ടികളെ രസിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതിലൊന്നാമത്തേതാണ് ബോട്ടിങ്. പാർക്കിനു നടുവിലൂടെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര കുട്ടികൾക്ക് ഉറപ്പായും ഇഷ്ടമാകും. മുതിർന്നവർക്ക് 30 രൂപയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ബോട്ടിങ് ഫീസ്.
ടോയ് ട്രെയിന്‍ യാത്രയും കൗതുകം നല്കുന്ന ഒന്നാണ്. ബാൽ ഭവന് ചുറ്റുമുള്ള പാളത്തിലൂടെ സുരക്ഷിതമായി പോകുന്ന ടോയ് ട്രെയിൻ കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരിക്കും. മാത്രമല്ല, ഒരു ചെറിയ ടണലിലൂടെയും ഈ ട്രെയിൻ പോകുന്നുണ്ട്. മുതിർന്നവർക്ക് 30 രൂപയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ടോയ് ട്രെയിൻ ഫീസ്.
അത് കൂടാതെ കുട്ടികൾക്കായി ആക്ടിവിറ്റി ഏരിയ ഉണ്ട്. പിറന്നാൾ പോലുള്ള ആഘോഷങ്ങള് ഇവിടെ വെച്ച് നടത്താം. കുട്ടികളുടെ പരിപാടികൾക്കായി തിയേറ്റര്‍, ഭിന്നശേഷിക്കാര കുട്ടികൾക്കായി പ്രത്യേക പാര്‍ക്ക്, കുട്ടികൾക്കുള്ള കളിസ്ഥലം, ഡ്രാഗൺ ട്രെയിൻ, കൊളംബസ്,ത്രിഡി ഹോളോഗ്രാം, സ്കേറ്റിങ്, വാൾ ക്ലൈംബിങ് എന്നിവയും ഇവിടെയുണ്ട്.
ബാല ഭവൻ പ്രവർത്തന സമയം, അവധി ദിവസം
രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് ബാൽ ഭവന്‍ പ്രവർത്തന സമയം. ഉച്ചയ്ക്ക് 1.00 മണി മുതൽ 2.30 വരെ ലഞ്ച് ബ്രേക്ക് ആണ് ഈ സമയത്ത് ഇവിടെ ആക്ടിവിറ്റികളൊന്നും നടക്കില്ല. അതിനനുസരിച്ച് സമയം ക്രമീകരിച്ച് വരണം.
എല്ലാ തിങ്കളാഴ്ചയും മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയും ബാൽ ഭവന് അവധിയായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












