ബാംഗ്ലൂർ യാത്രകളിൽ വ്യത്യസ്ത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടങ്ങൾ എപ്പോഴെങ്കിലും തിരഞ്ഞിട്ടുണ്ടോ?? തീം കഫേ മുതൽ കബ്ബൺ പാർക്കിലെ ഞായറാഴ്ച സന്ദർശനങ്ങളും പിന്നെ ചെറിയ ചെറിയ ട്രിപ്പുകളും ഒക്കെയാവും മിക്കവരുടെയും ലിസ്റ്റിലെ ഐറ്റം. ഇതൊന്നുമല്ലാതെ മറ്റുചില കാഴ്ചകളും ഇവിടെയുണ്ട്. അതാണ് ദൊഡ്ഡ ആലട മര എന്ന ബിഗ് ബനിയൻ ട്രീ.
പേരു കേൾക്കുമ്പോൾ ആൽമരം ആണെന്ന് മനസ്സിലാകുമെങ്കിലും ഒരു മരത്തിനെന്താ ഇത്രയും പ്രത്യേകത എന്നല്ലേ? ആൽമരം പലതും കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രദേശം മുഴുവന് പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽമരം ബാംഗ്ലൂരിലേ കാണു. അതാണ് സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായ ദൊഡ്ഡ ആലട മര. ബാംഗ്ലൂരിൽ നിന്നും ഏകദിന യാത്രകൾക്ക് പറ്റിയ ബിഗ് ബനിയൻ ട്രീയെക്കുറിച്ച് വായിക്കാം.

PC: BostonMA
ബിഗ് ബനിയൻ ട്രീ
ബാംഗ്ലൂരിൽ ഒരു ഒഴിവ് ദിവസം കിട്ടിയിട്ട് എന്തുചെയ്യണം എന്നറിയാത്തവർക്ക് പെട്ടന്നു പ്ലാൻ ചെയ്തു പോകാൻ കഴിയുന്ന യാത്രയാണ് ബിഗ് ബനിയൻ ട്രിയിലേക്കുള്ളത്. കുടുംബവുമൊത്ത് പോകാനും കുട്ടികൾക്ക് ഒരു പിക്നിക് അനുഭവം നല്കാനുമെല്ലാം പറ്റിയ ഈ സ്ഥലം വാരാന്ത്യ യാത്രകൾക്കാണ് പേരുകേട്ടിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും 28 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാണാനുള്ളതും ആൽമരത്തിന്‍റെ കാഴ്ചകൾ തന്നെയാണ്.
ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ആൽമരം കൗതുകത്തിന് പുറമേ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവവും നല്കുന്നു. 250 മീറ്ററിലധികം ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന മരത്തിന് 400 വർഷത്തിലേറെ പഴക്കം ഉണ്ട് . രാമോഹള്ളി എന്ന സ്ഥലത്താണ് ഈ മരം സ്ഥിതി ചെയ്യുന്നത്. കാണുമ്പോൾ ഒരുപാട് മരങ്ങൾ ചേർന്നതാണ് ഈ ആൽമരമെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒറ്റ ആൽമരമേ ഇവിടെയുള്ളൂ. കാലപ്പഴക്കത്തിൽ വേരുകളിറങ്ങി നില്ക്കുന്ന കാഴ്ച പല മരങ്ങൾ ചേർന്നതാണ് ഇതെന്ന തോന്നലുണ്ടാക്കുന്നു.

PC: Kiran Gopi
കർണ്ണാടകയിലെ ഏറ്റവും വലിയ ആൽമരം മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ. നാലാമത്തെ ആൽമരം എന്ന പ്രത്യേകതയും ഇതിനുണ്ട്. വർഷം ചെല്ലുംതോറും വലുപ്പും കൂടുന്ന മരം ഒരു കൗതുക കാഴ്ച തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. കുട്ടികൾക്ക് കളിക്കുവാനും ഒരു പിക്നിക് മൂഡിൽ ഒഴിവു സമയം ആസ്വദിക്കാനും പറ്റിയ ഇടമെന്ന നിലയിൽ ഇവിടം പ്രസിദ്ധമാണ്.
അടുത്തുള്ള സ്ഥലങ്ങൾ
ബിഗ് ബനിയൻ ട്രീ സന്ദർശിക്കുമ്പോൾ അടുത്തുള്ള സ്ഥലങ്ങള് കൂടി പ്ലാനിൽ ഉൾപ്പെടുത്താം. മഞ്ചനബെലെ അണക്കെട്ട് (10 കിലോമീറ്റർ), മഗഡി രംഗനാഥസ്വാമി ക്ഷേത്രം (26 കിലോമീറ്റർ), രാമനഗര (36 കിലോമീറ്റർ) എന്നിവ ബിഗ് ബനിയൻ ട്രീയ്‌ക്കൊപ്പം സന്ദർശിക്കേണ്ട ചില സ്ഥലങ്ങളാണ്.
ശ്രദ്ധിക്കേണ്ടത്
ബിഗ് ബനിയൻ ട്രീയില്‍ കുരങ്ങന്മാരുടെ ശല്യം വളരെയധികമുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളെ തനിച്ചു വിടാതെയിരിക്കുക. ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിക്കുക. അവ സാധനങ്ങൾ തട്ടിയെടുത്തു കൊണ്ടുപോകുവാനുള്ള സാധ്യത കൂടുതലാണ്. രാവിലെ മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം,
ബാംഗ്ലൂർ-മൈസൂര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന രാമോഹള്ളിയിലേക്ക് വേഗത്തിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് 28 കിലോമീറ്റർ അകലെ ബാംഗ്ലൂർ - മൈസൂർ റോഡിലാണ് ബിഗ് ബനിയൻ ട്രീ സ്ഥിതി ചെയ്യുന്നത്. മൈസൂർ റോഡിൽ കുമ്പളഗോഡ് ജംഗ്ഷനിൽ നിന്ന് വലത്തോട്ടുള്ള ഇടുങ്ങിയ റോഡിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












