ബാംഗ്ലൂർ യാത്ര രസകരമായി ആസ്വദിക്കാനുള്ള മാർഗ്ഗങ്ങളിലൊന്നാണ് ഇവിടുത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ. ഒരു ദിവസം മുഴുവനും ആഘോഷമായി, ഒട്ടും മടുപ്പിക്കാതെ ചെലവഴിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. കുട്ടികൾക്കും സന്തോഷമാകും എന്നതിനപ്പുറം അവരെയും കൊണ്ട് പകൽ മുഴുവനും എൻഗേജ്ഡ് ആയി ഇരിക്കുവാൻ ഇതിലും മികച്ചൊരു മാർഗ്ഗം വേറെയില്ല.
എന്നാൽ ബാംഗ്ലൂരിലെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഉത്തരം കുറച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. പോക്കറ്റിന് താങ്ങാനാവുന്നതായിരിക്കണം, കുട്ടികളെ മടുപ്പിക്കാത്തതായിരിക്കണം ഒപ്പം എത്തിച്ചേരാന്‍ എളുപ്പവും വ്യത്യസ്തമായ റൈഡുകളും ഉള്ളതായിരിക്കണം എന്നൊക്കെ പല ആവശ്യങ്ങളും നമുക്കുണ്ട്. ഇതാ ബാംഗ്ലൂരിലെ പ്രധാനപ്പെട്ട അമ്യൂസ്മെന്‍റ് പാർക്കുകൾ ഏതൊക്കെയെന്ന് നോക്കാം..

1. വണ്ടർലാ
ബാംഗ്ലൂരിലെ ഏറ്റവും പേരുകേട്ട അമ്യൂസ്മെന്‍റ് പാർക്കുകളിലൊന്നാണ് വണ്ടർലാ. ഔട്ട് ഡോർ ആക്ടിവിറ്റികളും ലാൻഡ് റൈഡുകളും വാട്ടർ റൈഡുകളുമാണ് ഇവിടെ ആസ്വദിക്കാനുള്ളത്. ചെറിയ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള രസകരവും അപകടരഹിതവുമായ ടോയ് റൈഡ് മുതൽ നിങ്ങളുടെ ഉള്ളിലെ സാഹസികനു വേണ്ടിയുള്ള കിടിലൻ റൈഡുകൾ വരെ ഇവിടെയുണ്ട്.
ഇതൊക്കെ കുട്ടികൾക്കും ചെറുപ്പക്കാർക്കും മാത്രമാണ് എന്ന പേരും പറഞ്ഞ് ആരും മാറിനിൽക്കേണ്ടതില്ല. ഓരോരുത്തരുടെയും പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള റൈഡുകൾ ഇവിടെയുണ്ട്. വിർച്വല്‍ റിയാലിറ്റിയിലൂടെയുള്ള റൈഡുകൾ, ഫ്ലാഷ് ടവർ, എക്വിനോക്സ്, മാവെറിക്, ഡ്രോപ് സോൺ, വൈ സ്ക്രീം, വണ്ടർലാ ബാംബാ, ഹറികെയിൻ , ഇന്ത്യയിലെ ആദ്യത്തെ റിവേഴ്സ് ലൂപ്പിങ് റോളർ കോസ്റ്റര്‍ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.

ബാംഗ്ലൂരിൽ നിന്നു 28 കിമീ അകലെ മൈസൂർ റോഡിലാണ് വണ്ടർലാ സ്ഥിതി ചെയ്യുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11.00 മുതൽ വൈകിട്ട് 6.00 വരെയും ആഴ്ചാവസാനങ്ങളിലും അവധിയിലും രാവിലെ 11.00 മുതൽ വൈകിട്ട് 7.00 വരെയും തുറന്നിരിക്കും.
2. നീലാദ്രി അമ്യൂസ്മെന്‍റ് പാർക്ക്
ബാംഗ്ലൂരിലെ ആദ്യ തീം പാർക്കുകളിലൊന്നാണ് നീലാദ്രി അമ്യൂസ്മെന്‍റ് പാർക്ക്. 30 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പാർക്കിൽ അൻപതോളം റൈഡുകൾ ഉണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റിയ റൈഡുകൾ ഇവിടെയുണ്ട്. ബൗൺസിങ് കാസിൽ, വാട്ടര്‍ ച്യൂട്ട്. ഫോർമുല ടു, ബംബിങ് കാർ എന്നിങ്ങനെ കുറേ കാര്യങ്ങള്‍ ഇവിടെയുണ്ട്. ഹൊസൂർ റോഡിലാണ് നീലാദ്രി പാർക്ക് സ്ഥിതി ചെയ്യുന്നത്.
3. ബാംഗ്ലൂർ സ്നോ സിറ്റി
ലഡാക്കിലോ കാശ്മീരിലെ മഞ്ഞുവീഴ്ച കാണാൻ പോകണമെന്ന് ആഗ്രഹിച്ചിട്ടും ആ സ്വപ്നം നടക്കാതെ പോയവർക്ക് മഞ്ഞുവീഴ്ചയും മഞ്ഞിലൂടെയുള്ള നടത്തവും ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂർ സ്നോ സിറ്റി . ബാംഗ്ലൂരിലെ ചൂടുള്ള ഒരു ദിവസം മൈനസ് അഞ്ച് ഡിഗ്രിയിൽ ആസ്വദിക്കണമെങ്കിൽ ഇവിടേക്ക് പോന്നാൽ മതി. ഇൻഡോർ സ്നോ തീം പാർക്ക് ആ സ്നോ സിറ്റി ഡെസി നഗറിലെ ഫൺവേൾഡ് കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് കൂടാതെ 9D തിയേറ്റർ. പാക് മാൻ സ്മാഷ്, ലേസർ ടാഗ്, ലേസർ മേസ് തുടങ്ങിയ ആക്ടിവിറ്റികളും ഇവിടെയുണ്ട്. രാവിലെ 10.00 മുതൽ രാത്രി 8.00 വരെയാണ് പ്രവേശനം.
4. ജവഹർ ബാലഭവന്‍
കുട്ടികളെയും കൂട്ടി ചെലവില്ലാത്ത ഒരു ചെറിയ പാർക്കിൽ പോകാനാണ് ആഗ്രഹമെങ്കിൽ കബ്ബൺ പാർക്കിന് അടുത്തുള്ള ജവഹർ ബാലഭവൻ പാർക്കിൽ പോകാം. സുരക്ഷിതമായി കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്. പന്ത്രണ്ട ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പാർക്കിൽ ആഴ്ചാവസാനങ്ങളിലാണ് തിരക്ക് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുകൽ രാത്രി 10.00 വരെ ഇത് തുറന്നിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












