ബെംഗളൂരുവിൽ നിന്നുള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ കുറച്ച് ദൂരെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാൻ പലർക്കം മടിയാണ്. അത്രയും ദൂരം ഡ്രൈവ് ചെയ്യേണ്ടേ,അതും ഒന്നോ രണ്ടോ ഇടങ്ങള്‍ മാത്രം കാണാൻ എന്നതാണ് പലരുടെയും ബുദ്ധിമുട്ട്. ചരിത്രസ്ഥലങ്ങൾ കാണാനുള്ള യാത്രയാണെങ്കിൽ കുറേപ്പേർക്ക് താല്പര്യവും കാണില്ല. പക്ഷേ, പോകാൻ താല്പര്യമുണ്ടെങ്കിലും എങ്ങനെ പോകണം എന്നറിയാത്ത ഒരാളാണോ നിങ്ങൾ? ഇതാ കർണ്ണാടക ടൂറിസം ഒരു അടിപൊളി പാക്കേജ് നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. അതും വിശ്വാസികൾക്കും ചരിത്രപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക്..
യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയ ബേലൂർ, ഹലേബിഡ് എന്നിവയ്ക്കൊപ്പം ശ്രാവണബെലഗോളയും കണ്ടു വരുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പാക്കേജ് ഒറ്റ ദിവസം കൊണ്ടു പോയി വരുന്നതാണ് എന്ന ആകർഷണവും ഉണ്ട്. മൂന്നിടങ്ങൾ മാത്രമേ ഉള്ളൂവെന്നതിനാൽ ആവശ്യത്തിന് സമയമെടുത്ത് ഓരോ ഇടങ്ങൾ കാണുവാനും ഓടിപ്പാച്ചിൽ ഇല്ലാതെ യാത്ര പൂർത്തിയാക്കി സമാധാനത്തിൽ വരുവാനും സാധിക്കും. പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം
ബേലൂർ ചെന്നകേശവ ക്ഷേത്രം
ഹൊയ്സാല രാജവംശം നിർമ്മിച്ച ബേലൂർ ചെന്ന കേശവ ക്ഷേത്രം കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം യാഗാച്ചി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. അതീവ ഭംഗിയർന്ന വിഷ്ണു പ്രതിമയാണ് ഇവിടെയുള്ളത്. അതിൽ നിന്നാണ് ചെന്ന കേശവ ക്ഷേത്രം എന്ന പേര് പോലും ഇതിന് ലഭിക്കുന്നത്. ഹൊയ്സാല ചക്രവർത്തിയായ വിഷ്ണുവർദ്ധൻ ആണ് 12-ാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. മുകളിൽ നിന്നു നോക്കിയാൽഒരു നക്ഷത്രത്തിന്‍റെ ആകൃതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന് കാണാം.
ഹലേബീഡു
ബേലൂരിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് ഹലേബിഡ് സ്ഥിതി ചെയ്യുന്നത്. ഹാസൻ ജില്ലയുടെ ഭാഗമായ ഇവിടം ദ്വാരക സമുഗ്ര എന്നാണ് പണ്ടുകാലം മുതലേ അറിയപ്പെടുന്നത്. ഒരു കാലത്ത് ഹൊയ്സാല വംശത്തിന്‍റെ തലസ്ഥാനമായും ഇവിടം പ്രവർത്തിച്ചിട്ടുണ്ട്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഹലേബീഡു ക്ഷേത്രം ഹൊയ്സാലേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു.
ബെംഗളൂരു-ബേലൂർ- ഹലേബീഡു- ശ്രാവണബലഗോള പാക്കേജ്
രാവിലെ 6.30 ന് യശ്വന്ത്പുര ബിഎംടിസി ബസ് സ്റ്റാൻഡിലെ കെഎസ്ടിഡിസി ഹെഡ് ഓഫീസിൽ നിന്നും യാത്ര പുറപ്പെടും. ഒരു ദിവസം നിശ്ചിത ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. എട്ടരയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കും. ഒൻപത് മണിക്ക് യെഡിയൂരിൽ നിന്ന് യാത്ര തുടർന്ന് 10.30 ന് ശ്രാവൺബെലഗോളയിൽ എത്തും.
ബാഹുബലി അഥവാ ഗോമതേശ്വര ദർശനമാണ് ഇവിടെ ലഭിക്കുന്നത്. പാറക്കെട്ടുകളിലൂടെ കയറിയുള്ള യാത്രയും വിദൂരദൃശ്യങ്ങളും ഒക്കെ ഇതിന്‍റെ പ്രത്യേകതയാണ്. 11.30 ഓടെ ഇവിടുന്ന് ഇറങ്ങി ബേളൂരിലേക്ക് പോകും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബേളൂരിൽ എത്തി ഹോട്ടൽ മയൂര വേളാപുരിയിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം ചെന്നകേശവ ക്ഷേത്രം സന്ദർശിക്കാനായി പോകും. ദർശനവും മറ്റും കഴിഞ്ഞ് മൂന്നു മണിയോടെ ക്ഷേത്രത്തിൽ നിന്നിറങ്ങി ഹലേബീഡുവിലേക്ക് യാത്ര പോകും.
3.45 ന് ഹലേബീഡുവിൽ എത്തി ഹൊയ്സേലശ്വര ക്ഷേത്രം കാണും. ഒരു മണിക്കൂർ സമയമാണ് ഇവിടെ ചെലവഴിക്കാനായി ഉള്ളത്. നാലേമുക്കാലിന് അവിടുന്നിറങ്ങി ബാംഗ്ലൂരിലേക്ക് മടക്കയാത്ര. രാത്രി 10. മണിക്ക് യശ്വന്ത്പൂരിലെത്തും. 950 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 080- 4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















