കയറിച്ചെല്ലുമ്പോൾ തന്നെ മാമ്പഴത്തിന്‍റെ മണമാണ്. വായിൽ കപ്പലോടിക്കാനുള്ളത്രയും വെള്ളം നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ
വിവിധ വലുപ്പത്തിലും രൂപത്തിലും നിരത്തിവെച്ചിരിക്കുന്ന മാമ്പഴങ്ങൾ. അതിൽ മധുരം കൂടിയതും കുറഞ്ഞതും പുളിയില്ലാത്തതും ഒക്കെയുണ്ട്. വായിൽ വെച്ചാൽ അലിഞ്ഞു പോകുന്നത്രയും മൃദുവായ മാംസളമായ മാമ്പഴങ്ങളും ഇവിടെയുണ്ട്. എന്താണ് സംഭവമെന്നല്ലേ ആലോചിക്കുന്നത്.
ബെംഗളുരു ലാൽ ബാഗിലെ മാമ്പഴ മേളയിൽ നിന്നുള്ള കാഴ്ചകളാണിത്. ലാൽബാഗ് മാംഗോ മേളാ ഫെസ്റ്റിവൽ 2024 ഇത്തരത്തിൽ മാമ്പഴങ്ങളുടെ രുചിയുടെ ലോകത്തേയ്ക്ക് സന്ദർശകരെ കൊണ്ടുപോകുന്ന ഒരു പ്രദർശനമാണ്. വർഷം തോറും നടത്തിവരുന്ന ലാൽ ബാഗ് മാങ്കോ മേള ഇവിടുത്തെ പേരുകേട്ട പ്രദർശനങ്ങളിലൊന്നാണ്. വ്യത്യസ്ത നാടുകളിലെ മാങ്ങകൾ കാണാനും രുചിക്കാനും ഒക്കെയായി നിരവധി ആളുകൾ ഇവിടേക്ക് വരുന്നു.

കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ ഉൾപ്പെടുത്തിയ ഈ മേള മേയ് 23 നാണ് ആരംഭിച്ചത്. മാംഗോ ഫെസ്റ്റിവൽ 3 ആഴ്ച പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ജൂൺ 10 വരെ മേള നീണ്ടു നിൽക്കും. കർണാടക യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കർഷകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
50 ഓളം സ്റ്റാളുകളിൽ വിവിധയിനം മാമ്പഴങ്ങൾ വിൽക്കും. കൂടാതെ 15 ഓളം സ്റ്റാളുകളിൽ ചക്ക വില്പനയും തകൃതിയായി നടക്കുന്നു.
ഇത്തവണത്തെ താരം കാരി ഇഷാദ്
ലാൽ ബാഗ് മാമ്പഴ മേളയിലെ ഇത്തവണത്തെ പ്രധാന ആകർഷണം ഉത്തര കർണ്ണാടകയിലെ അൻകോളയിൽ നിന്നുള്ള കാരി ഇഷാദ് മാമ്പഴമാണ്. ജിഐ ടാഗ് ചെയ്ത കാരി ഇഷാദ് മാമ്പഴങ്ങൾ വലുതും ഓവൽ ആകൃതിയിലുള്ളതുമാണ്. കാരി ഇഷാദ് (നേർത്ത തൊലി), ബിലിൽഷാദ് (കട്ടിയുള്ള തൊലി) എന്നിങ്ങനെ രണ്ടു തരങ്ങൾ ഇതിലുണ്ട്. മേളയിൽ കിലോയ്ക്ക് 300 രൂപാ നിരക്കിൽ ഈ മാമ്പഴം ലഭിക്കും.
കൂടാതെ, അൽഫോൻസോ, മല്ലിക, കേസർ, ദാഷേരി, റാസ്‌പുരി, തോതാപുരി, ഇമാം പസന്ദ്, ബദാമി തുടങ്ങിയ മാമ്പഴ ഇനങ്ങളും മേളയിലുണ്ട്. ഇമാം പസന്ദ്, മുൽഗോബ തുടങ്ങിയ ഇനങ്ങൾക്ക് കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ് വില. മല്ലിക, ദസ്സേരി, ബദാമി/അൽഫോൺസോ, രസ്പുരി എന്നിവ കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയാണ്. ഷുഗർ ബേബി ഇനത്തിന് കിലോയ്ക്ക് 200 രൂപയും കാലപ്പാട് കിലോയ്ക്ക് 120 മുതൽ 135 രൂപ വരെയും നല്കണം. ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് കിലോയ്ക്ക് 60 രൂപയുള്ള സിന്ധുരയും കിലോയ്ക്ക് 50 രൂപ മുതൽ 70 രൂപ വരെയുള്ള തോതാപുരിയും ആണ്.
ബാംഗനപ്പള്ളി, നീലം, മാൽഗോവ, ഹിംസാഗർ, തുടങ്ങിയ ഇനങ്ങളും ലാൽ ബാഗ് മാംഗോ ഫെസ്റ്റിവലിൽ ലഭിക്കും. ഇത് കൂടാതെ രാസവസ്തുക്കളില്ലാതെ പ്രകൃതിദത്തമായി വിളയുന്ന മാമ്പഴങ്ങളും മാംഗോ ഫെസ്റ്റിവലിലുണ്ട്. ഈ ജൈവ മാമ്പഴങ്ങൾക്ക് മാത്രമായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്
രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് മാംഗോ മേളയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












