ബെംഗളുരുവിൽ നിന്ന് ഒരു നല്ല യാത്ര നമുക്ക് പ്ലാൻ ചെയ്താലോ? അതിരാവിലെയിറങ്ങി പ്രകൃതിയുടെ ഭംഗിയും പുലരിയും ആസ്വദിച്ച് നഗരത്തിന്‍റെ ബഹളങ്ങളിൽ നിന്ന് വേഗം പുറത്തു കിടന്ന് ഗ്രാമഭംഗിയിലേക്ക്, കർണ്ണാടകയുടെ ഗ്രാമീണ കാഴ്ചകളിലേക്ക് ഒരു യാത്ര. എന്നാലോ ഒന്നല്ല, ഒറ്റ യാത്രയിൽ മൂന്നിടങ്ങൾ കണ്ട് ഒരു പകൽ മികച്ച രീതിയിൽ ചെലവഴിക്കാൻ പറ്റിയ ഒരു പ്ലാൻ ആണിന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.
ഒരിടം മാത്രമായി കാണാതെ, ബാംഗ്ലൂരിൽ നിന്ന് വെറും 50 കിലോമീറ്റർ ദൂരത്തിനുള്ളിൽ മൂന്നു സ്ഥലങ്ങൾ കണ്ട് പേരുകേട്ട ഭക്ഷണങ്ങൾ കഴിച്ചുള്ള ഈ യാത്ര വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒക്കെ പോകാന് പറ്റിയ ഒരു പ്ലാനാണ്. ചെറിയ കാഴ്ചകളില്‍ തുടങ്ങി, സമാധാനപൂർണ്ണമായി കുറച്ച് സമയം ചെലവഴിച്ച് തടാകവും പിന്നെ അണക്കെട്ടും പിന്നെ വെറുതേ വന്നിരിക്കാന്‍ പറ്റിയ ഇടവും പരിചയപ്പെടുത്തുന്ന ഒന്നാണ് ഈ യാത്ര.

ഇന്ന് യാത്ര പോകുന്ന മൂന്നിടങ്ങളും സഞ്ചാരികൾക്ക് പരിചിതമാണ്. ഇതിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ പോയിട്ടുള്ളവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഇവ മൂന്നും ഒറ്റ യാത്രയിൽ കണ്ടുവരാം എന്നറിയുന്നവർ ചുരുക്കമാകും. ബെംഗളുരുവിൽ നിന്ന് ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനമായ, ശാന്ത മനോഹരമായ നെല്ലിഗുഡ്ഡെ, ദൊഡ്ഡെ ആൽമര, മാഞ്ചനബലെ ഡാം എന്നീ മൂന്നിടങ്ങളാണ് ഒറ്റയാത്രയിൽ കണ്ടുവരാൻ പ്ലാൻ ചെയ്യുന്നത്. ഇതാ എങ്ങനെ യാത്ര ആസൂത്രണം ചെയ്യണമെന്നും എങ്ങനെ ചെലവഴിക്കണമെന്നും നോക്കാം.
ബെംഗളുരു- ദൊഡ്ഡ ആലദ മര
ഈ യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം ദൊഡ്ഡ ആലദ മര ആണ്. ബെംഗളുരുവിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് ഈ ബിഗ് ബനിയൻ ട്രീ നിലകൊള്ളുന്നത്. ബാംഗ്ലൂർ-മൈസൂർ റോഡിൽ കുംബാലഗോഡ് ജംങ്ഷനിൽ നിന്നാണ് ഇവിടേക്ക് വരുന്നത്. ബാംഗ്ലൂരിലെ അര്‍ബന്‍ ജില്ലയില്‍ കേതോഹള്ളി എന്ന ഗ്രാമത്തിന്‌റെ ഭാഗമാണിത്.
കർണ്ണാടകയിലെ ഏറ്റവും വലിയ ആൽമരമായ ഇത് വലുപ്പത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തുണ്ട്. മൂന്നര ഏക്കർ സ്ഥലത്തായി വ്യാപിച്ചു നിൽക്കുന്ന ആൽമരത്തിന് നാനൂറ് വർഷത്തോളം പഴക്കമുണ്ട്.
ദൊഡ്ഡ ആലദ മര- മഞ്ചിനബലെ ഡാം
ഒരു മണിക്കൂർ ദൊഡ്ഡ ആലദ മരത്തിന് സമീപം ചെലവഴിച്ച് അവിടുന്ന് മഞ്ചനബലെ ഡാം കാണാനായി യാത്ര തുടരാം. ബെംഗളുരുവിൽ നിന്ന് പോകാൻ പറ്റിയ മികച്ച ഔട്ടിങ് സ്ഥലങ്ങളില്‍ ഒന്നാണ് മഞ്ചനബലെ അണക്കെട്ട്. ദൊഡ്ഡ ആലദ മരയിൽ നിന്ന് മഞ്ചനബലെ ഡാമിലേക്ക് 9.5 കിലോമീറ്റര്‍ ദൂരമുണ്ട്. Manchanabele sunset view point എന്നു ഗൂഗിൾ മാപ്പിൽ കൊടുത്താൽ മതി. ഇവിടുന്ന് 05 മിനിറ്റ് നടത്തമുണ്ട്. നിലവിൽ മഞ്ചനബലെ ഡാം അടച്ചിട്ടിരിക്കുകയാണെങ്കിലും ഇതിന്‍റെ വ്യൂ നിരാശരാക്കില്ല.
മഞ്ചിനെബലെ ഡാം- നെല്ലിഗുഡ്ഡെ ലേക്ക്
മഞ്ചിനബലെ ഡാമിൽ നിന്നും ഇനി യാത്ര പോകുന്നത് തീർത്തും ഓഫ്ബീറ്റ് ഇടങ്ങളിലൊന്നായ, പല സഞ്ചാരികളും കേട്ടിട്ടുകൂടിയില്ലാത്ത നെല്ലിഗുഡ്ഡെ ലേക്കിലേക്കാണ്. നെല്ലിഗുഡെ ലേക്ക് അഥവാ നെല്ലിഗുഡെ കെരെയിലേക്ക് മഞ്ചനബലെ ഡാനിൽ നിന്നും 12 കിലോമീറ്റർ ദൂരമുണ്ട്. രാമനഗരയിലെ ബിദാദിയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകവും കാഴ്ചകളും സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. പ്രകൃതിമനോഹരമായ വഴിയും നിറയെ മരങ്ങളും തടാകവും ഒക്കെ ചേരുന്ന ഒരു റൂട്ടാണിത്.
ഇവിടെവന്ന് കാര്യമായി ചെയ്യാനൊന്നുമില്ല, മറിച്ച് പ്രകൃതിഭംഗി ആസ്വദിച്ച് ഇവിടെയിരിക്കുകയോ നടന്നുകാണുകയോ ചെയ്യാം. സമീപത്തായി ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലങ്ങളും ഉണ്ട്. കുട്ടികളെയും കൂട്ടി ഒരു പിക്നിക് മോഡിൽ ഇവിടേക്ക് വരുന്നത് വ്യത്യസ്തമായ ഒരു യാത്രാനുഭവം ആയിരിക്കും. വൈകിട്ടാണ് എത്തുന്നതെങ്കിൽ സൂര്യാസ്തമയം കണ്ടിട്ടേ മടങ്ങാവൂ.
മടങ്ങുമ്പോൾ ബിദാദിയുടെ സ്വന്തം വിഭവമായ തട്ടേ ഇഡലി കൂടി കഴിക്കാൻ മറക്കരുത്. ഈ റൂട്ടിൽ തട്ടേ ഇഡലിക്ക് പേരുകേട്ട നിരവധി ഹോട്ടലുകൾ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













