ബാംഗ്ലൂരിൽ നിന്നുള്ള യാത്രകൾക്ക് പലവഴിയുണ്ടെങ്കിലും പണി കിട്ടുന്നത് കുട്ടികളെയും ഒപ്പം കൂട്ടുമ്പോഴാണ്. ട്രെക്കിങ്ങും ഹൈക്കിങും ദൂര യാത്രയും ടൂ വീലർ ട്രിപ്പുമൊന്നും എല്ലായ്പ്പോഴും കുഞ്ഞുങ്ങളെയും കൊണ്ടുപോകുമ്പോൾ സാധ്യമായെന്ന് വരില്ല. മാത്രമല്ല, മുതിർന്നവരെ രസം കൊള്ളിക്കുന്ന കാഴ്ചകൾ അവർക്ക് ഇഷ്ടമാകുമെന്ന് ഉറപ്പിച്ച് യാത്ര പ്ലാൻ ചെയ്യാനം കഴിയില്ല. കുട്ടികളെയും കൂട്ടിയാണ് യാത്രയെങ്കിൽ അവർക്കും കൂടി ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഇടങ്ങള് വേണം തിരഞ്ഞെടുക്കാൻ.
ഇതാ ബാംഗ്ലൂരിൽ നിന്നും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര പോകുമ്പോൾ എവിടേക്ക് പോകുമെന്നോ അത് അവർക്ക് ഇഷ്ടമാകുമോ എന്നോർത്ത് ആശങ്കപ്പെടേണ്ട. ഇതാ കുട്ടികൾക്കും ഇഷ്ടമാകുന്ന, അവരിൽ കൗതുകം ജനിപ്പിക്കുന്ന പക്ഷി സങ്കേതങ്ങളും പക്ഷികളുടെ കാഴ്ചകളും കാണാൻ പോകാം. ബാംഗ്ലൂരിൽ നിന്നും ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്ന, വെറും 150 കിലോമീറ്ററിനുള്ളിൽ ഉള്ള പക്ഷി സങ്കേതങ്ങൾ പരിചയപ്പെടാം.

PC:Avinash Uppuluri/Unsplash
ബാംഗ്ലൂരിലെ പക്ഷി സങ്കേതങ്ങള്‍
ബാംഗ്ലൂരിന് തൊട്ടടുത്തായി പക്ഷി സങ്കേതങ്ങൾ കുറവാണെങ്കിലും ചെറിയൊരു യാത്ര പ്ലാൻ ചെയ്താൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങൾ ഉണ്ട്. കൊക്കരെ ബെല്ലൂർ, രാമനഗര വൾച്ചർ സാങ്ച്വറി തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. ഇതാ ബാംഗ്ലൂരിൽ നിന്നും 150 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന,കുട്ടികൾക്കും കൂടി ഇഷ്ടമാകുന്ന അഞ്ച് പക്ഷി സങ്കേതങ്ങൾ പരിചയപ്പെടാം.
1. രാമനഗര വൾച്ചർ സാങ്ച്വറി
ബാംഗ്ലൂരിൽ നിന്നും ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇടമാണ് രാമഗര ജില്ലയിലെ രാമദേവര ബേട്ട വൾച്ചർ സാങ്ച്വറി. ഇന്ത്യയിലെ തന്നെ ഏക വൾച്ചർ സാങ്ച്വറി ആയ ഇവിടെ കഴുകന്മാരെയാണ് സംരക്ഷിക്കുന്നത്. 2012 ൽ ആരംഭിച്ച ഈ കഴുകൻ സങ്കേതത്തിൽ ഇന്ത്യയിൽ കാണുന്ന 9 തരം കഴുകന്മാരിൽ മൂന്ന് തരത്തെയും കാണാം.

ലോങ് ബില്‍ഡ്, ഈജിപ്ഷ്യൻ, വൈറ്റ് ബാക്ക്ഡ് എന്നീ മൂന്നിനങ്ങളാണ് ഇവിടെയുള്ളത്. ബാംഗ്ലൂരിൽ നിന്നും വെറും 46 കിലോമീറ്റർ അകലെയുള്ള രാമനഗര ജില്ലയുടെ ഭാഗമാണ് രാമദേവര ബേട്ട വൾച്ചർ സാങ്ച്വറി. വളരെ എളുപ്പത്തിലുള്ള യാത്ര സാധ്യമാക്കുന്നു എന്നത് മാത്രമല്ല, അധികം ദൂരെല്ല എന്നതും ഒറ്റപകലിൽ പോയി വരം എന്നതും കൂടി ഇവിടം തിരഞ്ഞെടുക്കുവാനുള്ള കാരണമാണ്.
2. കൊക്കരെ ബെല്ലൂർ
കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയുടെ ഭാഗമായാണ് കൊക്കരെ ബെല്ലൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. മൈസൂരിനും ബാംഗ്ലൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം മഡ്ഡൂര്‍ താലൂക്കിന്‍റെ ഭാഗമാണ്. കൊക്കിന്‍റെ വർഗ്ഗത്തിൽ പെട്ട വർണ്ണക്കൊക്ക് ആണിവിടെയുള്ളത്. നമ്മുടെ നാട്ടിൽ ഇതിനെ പൂതക്കൊക്ക് അല്ലെങ്കിൽ വർണ്ണക്കൊറ്റി എന്നാണിതിനെ വിളിക്കുന്നത്.
കൂടാതെ, സ്പോട്ട് ബിൽഡ് പെലിക്കനുകളും ഇവിടെയുണ്ട്. ഇന്ത്യയിലെ പക്ഷികളുടെ 21 പ്രജനന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവ രണ്ടും. ബാംഗ്ലൂർ-മൈസൂർ ഹൈവേയിൽ വരുമ്പോൾ 82 കിലോമീറ്റർ ദൂരമുണ്ട്. ഗ്രാമത്തിൽ നിന്നും ഇവിടേക്ക് 12 കിലോമീറ്റർ കൂടി പോകണം.

3.ആദിചുൻചനഗിരി മയിൽ സംരക്ഷണ കേന്ദ്രം
ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിക്കുന്ന ഇടമാണ് കർണ്ണാടകയിലെ മാണ്ഡ്യയിൽ തന്നെയുള്ള ആദിചുൻചനഗിരി മയിൽ സംരക്ഷണ കേന്ദ്രം. നാഗമംഗല താലൂക്കിന്‍റെ ഭാഗമായ ഇവിടം ബാംഗ്ലൂരിൽ നിന്നും 110 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചുഞ്ചനഗിരി ക്ഷേത്രത്തിനു സമീപത്തായാണ് ഈ സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇത് തുറന്നിരിക്കുന്നത്. നിരവധി സാഹസിക സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടേക്ക് വരുന്നത്.
4. രംഗനതിട്ടു പക്ഷി സങ്കേതം
ബാംഗ്ലൂരിൽ നിന്നും കുട്ടികളെയും കൂട്ടി പോകുവാൻ പറ്റിയ മറ്റൊരു രക്ഷി സങ്കേതമാണ് രംഗനതിട്ടു പക്ഷി സങ്കേതം. മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന
രംഗനതിട്ടു 40 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം കൂടിയാണിത്. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പക്ഷി സങ്കേതം റംസാർ സൈറ്റ് കൂടിയാണ്. ബാംഗ്ലൂരിൽ നിന്ന് 130 കിലോമീറ്ററും മൈസൂരിൽ നിന്ന് 16 കിലോമീറ്ററും മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.
5. കഗ്ഗലഡു പക്ഷി സങ്കേതം
തുംകൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കഗ്ഗലഡു പക്ഷി സങ്കേതം വർണ്ണക്കൊക്കുകളെ കാണുന്ന മറ്റൊരു പക്ഷി സങ്കേതമാണ്. കൊക്കരബെല്ലൂർ കഴിഞ്ഞാല് ഏറ്റവും കൂടുതൽ വർണ്ണക്കൊക്കുകൾ വരുന്ന ഇടവും കൂടിയാണിത്. ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ഇവിടുത്തെ ഗ്രാമീണരുടെ നേതൃത്വത്തിൽ ഈ പക്ഷികൾക്ക് കൂടുകൂട്ടുവാനും മുട്ടയിടുവാനുമായി പുളിമരങ്ങള് വച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ബാംഗ്ലൂരിൽ നിന്നും 132 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













