ബെംഗളൂരു നഗരജീവിതം എളുപ്പവും സുതാര്യവുമാക്കുന്ന നിരവധി പദ്ധതികളിലൂടെയാണ് കടന്നു പോകുന്നത്. സ്വിഫ്റ്റ് സിറ്റി പ്രോജക്ട്, പുതിയ മേൽപ്പാലങ്ങൾ, മെട്രോ ലൈനുകൾ, ട്യൂബ് ടണൽ എന്നിങ്ങനെ വ്യത്യസ്തമായ പ്രോജക്ടുകൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ. നഗരത്തിലെ റെയിൽ ഗതാഗതയും സൗകര്യങ്ങളും മെച്ചപ്പെടുക്കുന്നതിനും വിമാനത്താവള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി ദേവനഹള്ളിയിൽ പുതിയ റെയില്‍വേ ടെർമിനൽ വരികയാണ്.
ബെംഗളുരുവിനെ സമീപ പ്രദേശങ്ങളും ജില്ലകളുമായി ബന്ധിപ്പിക്കുന്ന സർക്കുലർ റെയിൽവേ ഇടനാഴിയുടെ ഭാഗമായി വരുന്ന ദേവനഹള്ളി ടെർമിനൽ വരുംകാലങ്ങളിൽ നഗരത്തിന്‍റെ മുഖച്ഛായ അപ്പാടെ മാറ്റുവാൻ കഴിയുന്നതാണ്. 287 കിലോമീറ്റർ സർക്കുലർ റെയിൽവേ ഇടനാഴിയും നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ്.

വെങ്കടഗിരി ഹാൾട്ട് സ്റ്റേഷനു സമീപം നിര്‍മ്മിക്കുന്ന ടെർമിനല്‍
രാജ്യത്തുടനീളം സമാനമായ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി റെയിൽവേ ബോർഡ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി നടത്തുന്ന സംരംഭത്തിന്‍റെ ഭാഗമാണ് എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ഇതിന്‍റെ സാധ്യതാ പഠനം ഉടൻ കമ്മീഷൻ ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥർ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധ്യതാ പഠനം വഴി പദ്ധതിക്ക് ആവശ്യമായി വരുന്ന ഭൂമി, കണക്കാക്കിയ വില, സാമൂഹികവും പരിസ്ഥിതികവുമായ സാഹചര്യങ്ങൾ തുടങ്ങിയവകണക്കാക്കാൻ സാധിക്കും.
ഏകദേശം ആയിരം ഏക്കർ സ്ഥലത്തായി പ്രഖ്യാപിച്ചിരിക്കുന്ന ദേവനഹള്ളിയിലെ മെഗാ റെയില്‍വേ ടെർമിനൽ ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുക.
ഇതിന്റെ വലുപ്പവും സാധ്യതകളും മനസ്സിലാക്കണമെങ്കിൽ കർണാടകയിലെ ഏറ്റവും വലിയ ട്രെയിൻ സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവുമായി നമുക്ക് ഒന്ന് താരതമ്യം ചെയ്തു നോക്കാം.
ദേവനഹള്ളിയിലെ റെയില്‍വേ ടെർമിനൽ Vs കെഎസ്ആര്‍ ബെംഗളൂരു
ദേവനഹള്ളിയിലെ റെയില്‍വേ ടെർമിനൽ ആയിരം ഏക്കർ സ്ഥലത്തായാണ് നിർമ്മിക്കുന്നതെന്ന് പറഞ്ഞല്ലോ. ഇതിൽ 16 പ്ലാറ്റ്ഫോമുകളും 20 സ്റ്റെബ്ലിങ് ലൈനുകളും 10 പിറ്റ് ലൈനുകളുമുണ്ടാകും.
അതേസമയം നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റേഷനായ കെഎസ്ആര്‍ ബെംഗളൂരു നിലകൊള്ളുന്നത് വെറും 107 ഏക്കർ സ്ഥലത്താണ്. ഇതിൽ , 10 പ്ലാറ്റ്‌ഫോമുകൾ, ആറ് സ്റ്റേബിളിംഗ് ലൈനുകൾ (സർവീസ് കഴിഞ്ഞ് ട്രെയിനുകൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ് സ്റ്റേബിളിംഗ് ലൈൻ) അഞ്ച് പിറ്റ് ലൈനുകൾ (തീവണ്ടിയുടെ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന ഇടം) എന്നിവയുണ്ട്.
ദേവനഹള്ളി റെയില്‍ ടെർമിനൽ, ലൊക്കേഷൻ
ട്രെയിന്‍ യാത്രകൾക്ക് മാത്രമല്ല, വിമാന യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ് ഈ സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു-ഹൈദരാബാദ് റോഡിന് (ദേശീയപാത 44) സമീപമാണിത്. വേണമെങ്കില് നടന്നെത്താവുന്ന ദൂരം. റോഡിൽ നിന്നുള്ള ദൂരം നോക്കിയാൽ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൽ നിന്ന് 7 കി മീ മാത്രവും ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്ററും അകലെയാണിത്. സ്റ്റേഷന് അടുത്തുള്ള ബുള്ളഹള്ളി, കെജി ഗുരുരായണഹൊസൂരു എന്നീ ഗ്രാമങ്ങളിലെ ഭൂമിയാണ് പദ്ധതിക്കായി എറ്റെടുക്കുക.
വിമാനത്താവള യാത്ര എളുപ്പം
റെയിൽവേ ആവശ്യങ്ങൾക്കൊപ്പം തന്നെ വിമാനത്താവളത്തിലേക്കുള്ള യാത്രകൾ എളുപ്പമാക്കി, നിലവിലെ യാത്രാ ദുരിതം പരിഹരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. കൂടാതെ, യശ്വന്തപുര, മജസ്റ്റിക് റെയിൽവേ സ്റ്റേഷനുകളുടെ തിരക്ക് പരിഹരിക്കാനും ഈ പദ്ധതി പൂർത്തിയാകുന്നതോടെ സാധിക്കും.
ബെംഗളൂരുവിൽ വരുന്ന രണ്ടാമത്തെ റെയിൽ ടെർമിനൽ പ്രോജയ്ക് ആണ് ദേവനഹള്ളിയിലേത്. ഒന്നാമത്തേത് ബയ്യപ്പനഹള്ളിയിലെ എസ് എം വി ടി ടെർമിനൽ ആണ്. ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന ഈ ടെർമിനലിൽ ഏഴ് പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. കിഴക്കും വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് പോകുന്ന ഏകദേശം 50 ട്രെയിനുകൾ ആണ് ഇവിടെ വരുന്നത്. 2023-24 മാത്രം ഇതുവഴി 44.49 ലക്ഷം ആളുകൾ സഞ്ചരിച്ചുവെന്നാണ് കണക്ക്.
ഇവ കൂടാതെ, മൈസൂരു റോഡിന് പുറത്തുള്ള ഹെജ്ജലയിൽ എസ്‌ഡബ്ല്യുആർ മുമ്പ് ഒരു മെഗാ ടെർമിനൽ നിർദ്ദേശിച്ചിരുന്നുവെങ്കിലും അതിനു പറ്റിയ ഒരു സ്ഥലം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












