ബാംഗ്ലൂരിനെക്കുറിച്ച് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ട ഒരാവശ്യവുമില്ല. വെറുതേ ഒരു ട്രിപ്പ് പോയാലോ എന്ന ആലോചന മനസ്സിൽ വരുമ്പോൾ തന്നെ ബാഗുമെടുത്ത് പോകാൻ പറ്റിയ ഇടം. കൂട്ടുകാർക്കൊപ്പം ഒരു വീക്കെൻഡ് ആഘോഷിക്കാനാണെങ്കിലും സോളോ ട്രിപ്പിനായാലും ഷോപ്പിങ് ആണെങ്കിലും ബാംഗ്ലൂർ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്ത് നിൽക്കുന്ന നഗരമാണ് ബെംഗളുരു.
കേരളത്തിൽ നിന്നും വലിയ ദൂരമില്ലെങ്കിലും കാലാസ്ഥയിലും ഭൂപ്രകൃതിയിലും രീതികളിലുമെല്ലാം സർവ്വത്ര വ്യത്യാസം ഇവിടെ കാണാം. അതുകൊണ്ടു തന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇതാ ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെടും മുൻപ് ബാഗ് പാക്ക് ചെയ്യുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

1. ബാംഗ്ലൂർ കാലാവസ്ഥ
വർഷത്തിൽ ഏതു സമയത്തും ധൈര്യമായി പേടിക്കാതെ വരാൻ പറ്റിയ ഇടമാണ് ബാംഗ്ലൂർ. കൂടുതൽ സമയവും തണുത്ത കാലാവസ്ഥയാണ് ബാംഗ്ലൂരിലെങ്കിലും വേനൽ ചില സമയങ്ങളില്‍ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലൊത്തെ നല്ല തണുപ്പാണ് ഇവിടെ അനുഭവപ്പെടുക. ഒരേ ദിവസം തന്നെ മഞ്ഞും മഴയും വെയിലും വരെ മാറിവരുന്ന കാലാവസ്ഥ ഇവിടെ ഒരു പുതുമയേ അല്ല. വേനലിൽ പരമാവധി 32-33 ഡിഗ്രി സെൽഷ്യസ്‍ വരെ പോയോക്കാം. 20 ഡിഗ്രി ഒക്കെയാണ് തണുപ്പുകാലത്തെ ഇവിടുത്തെ താപനില.
2. ബാംഗ്ലൂർ യാത്രയിൽ ബാഗ് പാക്ക് ചെയ്യുമ്പോൾ
ബാംഗ്ലൂർ എന്നല്ല, ഏതു യാത്രയിലും ഏറ്റവും കുറഞ്ഞ ലഗേജ് തന്നെയാണ് ഏറ്റവും നല്ലത്. അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ എടുക്കാൻ മറക്കരുത്. മറ്റു സാധനങ്ങൾ അവിടെ ചെന്നാലും കുറഞ്ഞ തുകയിൽ മേടിക്കാം എന്നതിനാൽ വലിയ ചെലവാകും എന്ന കാര്യമോര്‍ത്ത് പേടിക്കേണ്ട. ട്രെയിനിലും മെട്രോയിലും ബസിലും ഒക്കെ പോകുമ്പോൾ ചെറിയ ബാഗ് തന്നെയാണ് നല്ലത്.

3. ബാംഗ്ലൂർ യാത്രയിലെ വസ്ത്രങ്ങള്‍
നിങ്ങൾ പോകുന്ന സമയവും കാലാവസ്ഥയും യാത്രാ പ്ലാനുകളും ഒക്കെ നോക്കി വേണം ബാംഗ്ലൂര്‍ യാത്രയ്ക്കുള്ള ബാഗ് പാക്ക് ചെയ്യുവാൻ. കാലാവസ്ഥ നോക്കുമ്പോൾ വിന്‍റർ സീസണിലാണ് യാത്രയെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന ജാക്കറ്റും വൂളൻ കോട്ടും തൊപ്പിയും എടുക്കാൻ മറക്കേണ്ട. സോക്സ് കരുതുന്നതും ഗുണം ചെയ്യും. വേനലിലാണ് പോകുന്നതെങ്കിൽ കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രം എടുക്കാം. പബ്ബിലേക്കും മറ്റും യാത്ര പോകുന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള വസ്ത്രങ്ങളും എടുക്കാം.
4. നഗരം ചുറ്റാൻ
ഓട്ടോയും ക്യാബുമാണ് ബാംഗ്ലൂര്‍ നഗരം ചുറ്റിക്കറങ്ങാൻ ഏറ്റവും നല്ല വഴി. ചെലവ് കുറച്ച് കൂടുമെങ്കിലും ചെറിയ സ്ഥലങ്ങളും ഉൾപ്രദേശങ്ങളും ഒക്കെ പോകാൻ ഇതു സഹായിക്കും. എന്നാൽ നഗരത്തിനുള്ളിലെ യാത്രകളാണെങ്കിൽ ബിഎംടിസി ബസ് സർവീസുകളും മെട്രോയും മതിയാകും. പ്രധാന കേന്ദ്രങ്ങളിലേക്കും റൂട്ടുകളിലേക്കും ബസും മെട്രേയും ഇടതടവില്ലാതെ ലഭിക്കും. ബിഎംടിസി ബസ് പാസ് എടുത്താൽ ഒരു ദിവസം മുഴുവൻ എത്ര വേണമെങ്കിലും യാത്രകൾ നടത്താം. എടുക്കുന്ന ബസ് അനുസരിച്ചാണ് ഇതിന് നല്കേണ്ടത്. മെട്രോയിലും ഇങ്ങനെ ഒരു ദിവസം അണ്‍ലിമിറ്റഡ് യാത്രകൾ നല്കുന്ന കാർഡ് എടുക്കാം.

5. സിറ്റി ടൂർ പാക്കേജ്
ഒറ്റ ദിവസമാണ് ബാംഗ്ലൂരിൽ നിങ്ങൾക്ക് ചെലവഴിക്കാൻ ഉള്ളതെങ്കിൽ സിറ്റി ടൂർ പാക്കേജുൾ തിരഞ്ഞെടുക്കാം. ഏജന്‍സികളും ടൂർ ഓപ്പറേറ്റർമാരും ഇഷ്ടംപോലെ നടത്തുന്ന പാക്കേജുകൾ ഉണ്ടെങ്കിലും പോക്കറ്റ് ചേരാതെ ബാംഗ്ലൂർ കാണാൻ കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻറെ ബാംഗ്ലൂർ സിറ്റി ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കാം. ബുൾ ടെംപിൾ, ഗവി ഗംഗാധരേശ്വര ക്ഷേത്രം, ലാൽ ബാഗ്, ടിപ്പു പാലസ്, വിധാൻ സൗധ, ഗവൺമെന്‍റ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുന്ന ബാംഗ്ലൂർ സിറ്റി ടൂർ പാക്കേജിന് 340 രൂപയണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 080-43344335/8970650070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













