ലഡാക്ക്.. എല്ലാ സഞ്ചാരികളുടെയും യാത്രാ ലിസ്റ്റിൽ ഉള്‍പ്പെട്ടിരിക്കുന്ന ലഡാക്ക് ഒരിക്കലെങ്കിലും കാണമെന്ന് ആഗ്രഹിക്കാത്തവര് കാണില്ല. എന്നാൽ ബാംഗ്ലൂരിൽ നിന്നും വെറും 60 കിലോമീറ്റർ പോയാൽ ലഡാക്ക് ആയി എന്നു പറഞ്ഞാൽ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയൊരു സ്ഥലം ഉണ്ട്. ലഡാക്ക് എന്നല്ല. ഛോട്ടാ ലഡാക്ക് അഥവാ ബാംഗ്ലൂരിന്‍റെ സ്വന്തം മിനി ലഡാക്ക്.
ഛോട്ടാ ലഡാക്ക്...കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ബാംഗ്ലൂർ സഞ്ചാരികളുടെ ഇടയിൽ
ഉയർന്നു വന്ന പേരാണിത്. ബാംഗ്ലൂരിലെന്തു ലഡാക്ക് എന്ന് കേൾക്കുന്നവർ അത്ഭുതപ്പെട്ടേക്കാം. പക്ഷേ, ഫോട്ടോകൾ കണ്ടാൽ എവിടെയോ ലഡാക്കിന്‍റെ ഒരു രൂപം ഉണ്ടോ എന്നും തോന്നും. സംഗതി സത്യമാണോ എന്നറിയാൻ നോക്കിയാൽ ഇഷ്ടംപോലോ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ കാണാം.

ബാംഗ്ലൂരില്‍ നിന്നും ഒരു ചെറിയ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമെന്ന നിലയിലാണ് ഛോട്ടോ ലഡാക്ക് എന്ന മിനി ലഡാക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ഒരിക്കൽ ലഡാക്ക് കണ്ടിട്ടുള്ളവർക്ക് യാഥാർത്ഥത്തിലുള്ള ലഡാക്കുമായി വലിയ സാദൃശ്യം ഒന്നും തോന്നുകയില്ലെങ്കിലും ഒരു ചെറിയ ബൈക്ക് റൈഡ് എന്ന നിലയിൽ ഇവിടുത്തെ കാഴ്ചകളും റൂട്ടും ആസ്വദിക്കാം.
ഛോട്ടാ ലഡാക്ക്
ബാംഗ്ലൂരില്‍ നിന്നും വീക്കെന്‍ഡിലോ അവധി ദിവസങ്ങളിലോ വെറുതേയിരിക്കാതെ ഒന്നു പോയി ഒരു ചെറിയ ഡ്രൈവ് നടത്തി, പ്രകൃതി മനോഹരമായ കുറച്ച് കാഴ്ചകളും ഒപ്പം മിനി ലഡാക്കും കണ്ടുവരാൻ സാധിക്കുന്ന യാത്രയാണിത്. ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അഥവാ ഒന്നര മണിക്കൂർ യാത്രാ സമയം മാത്രമേ ഇവിടേക്കുള്ളൂ എന്നതിനാൽ മുഴുവൻ ദിവസം അവധിയില്ലെങ്കിൽ പോലും പോയി വരാൻ കഴിയുന്ന ഇടമാക്കി ഇതിനെ മാറ്റുന്നു.

ചോട്ടാ ലഡാക്ക് അഥവാ ഡൊഡ ആയുർ എന്ന സ്ഥലത്തേയ്ക്ക് നിങ്ങള് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യം അതിരാവിലെയോ വൈകിട്ടോ മാത്രം പോവുക എനന്താണ്. കൂടുതലും ഹൈവേയിലൂടെയും തുടർന്ന് വിജനമാ യ പ്രദേശത്തുകൂടിയും യാത്ര ചെയ്യേണ്ടി വരുന്നതിനാൽ മരത്തണൽ പോലും വെയിലത്ത് ആശ്രയമായി കാണില്ല. ഉച്ച നേരത്തെ ചൂട് ഒഴിവാക്കി വേണം പോകാൻ. അതിരാവിലെ പുറപ്പെട്ട് മടങ്ങുന്നതാവും കുറച്ചുകൂടി നല്ലത്.
ദേശീയപാത 75 ൽ ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഛോട്ടാ ലഡാക്ക് സ്ഥിതി ചെയ്യുന്നത്. യുവാക്കളും കോളോജ് വിദ്യാർത്ഥികളും എല്ലാം ധാരാളമായി എത്തിച്ചേരുന്ന ഇടമാണിത്. ലഡാക്കിലെ തടാകങ്ങൾക്കു സമാനമായി പാറക്കെട്ടുകൾക്കു നടുവിൽ നിറഞ്ഞു കിടക്കുന്ന പോലെ തോന്നിക്കുന്ന ജലാശയമാണ് ഇവിടെ കാണാനുള്ളത്.

അവിചാരിത കണ്ടുപിടുത്തം
ബാംഗ്ലൂരിൽ എങ്ങനെ മിനി ലഡാക്ക് വന്നു എന്നത് രസകരമാണ്. ഇവിടെ ദേശീയപാത 4 അഥവാ ബാംഗ്ലൂര്‍-ചെന്നൈ ഹൈവേ നാലുവരിയാക്കുന്നതിനായി ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് അധികൃതർ ഒരു ക്വാറി ഭൂമി പാട്ടത്തിനെടുത്തു. അവിടെ നിന്നാണ് പണിക്കാവശ്യമായ കല്ലും മറ്റും എത്തിത്തിരുന്നത്. അങ്ങനെ പാറപൊട്ടിച്ച് ക്വാറി വലിയ ആഴമുള്ളതാവുകയും മഴക്കാലത്ത് അതിൽ വെള്ളം നിറഞ്ഞതോടെ അതിന് കൗതുകകരമായ രൂപം കൈവരികയും ചെയ്തു.
പിന്നീട് പ്രദേശത്തുള്ള യുവാക്കൾ ഇതിന്റെ ചിത്രം ഛോട്ടാ ലഡാക്ക് എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും അത് പിന്നീട് ആളുകൾ ഏറ്റെടുത്ത് ഹിറ്റാക്കുകയും ചെയ്തു. ഏകദേശം 200 അടി ആഴമുള്ള കുളമാണിത്. അതുകൊണ്ടു തന്നെ ഇതിലിറങ്ങാൻ അനുവാദമില്ല. വൈകിട്ടാണ് വരുന്നതെങ്കിൽ ഇവിടെ നിന്ന് സൂര്യാസ്മയം കൂടി കണ്ട് മടങ്ങാം.
ഛോട്ടാ ലഡാക്ക് എന്ന പേരു കേട്ടാണ് പലരും ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നതു തന്നെ. എന്നാൽ ഇവിടെ വന്ന് സ്ഥലം കണ്ട ശേഷം ലഡാക്കുമായി യാതൊരു സാമ്യവും ഈ സ്ഥലത്തിനില്ലെന്ന് ഒരുപാട് ആളുകൾ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. എന്തുതന്നെയായാലും ബാംഗ്ലൂരിൽ നിന്നും ചെറിയൊരു ഔട്ടിങ് പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഇടമാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












