വാരാന്ത്യമായാല്‍ പിന്നെ ബാംഗ്ലൂരിൽ എല്ലാവരും യാത്ര പോകാനുള്ള ഓരോ വഴികളും കാരണങ്ങളും കണ്ടെത്തുന്നത് പതിവാണ്. വെറുതേ റൂമിൽ ഇരുന്ന് സമയം ചെലവഴിക്കുന്നതിനേക്കാൾ ഏതെങ്കിലും പുതിയൊരു ഇടം തേടി പോകാനാണ് എല്ലാവർക്കും താല്പര്യം. അതിപ്പോൾ നിരവധി തവണ പോയ നന്ദി ഹിൽസോ ൽ ലാൽ ബാഗോ ആണെങ്കിലും മടുപ്പില്ലാതെ വീണ്ടും പോകുന്നവർ ഒരുപാടുണ്ട്. എന്നാൽ ഇത്തവണത്തെ യാത്രകൾ കുറച്ച് വ്യത്യസ്തമാക്കി ബാംഗ്ലൂരിലെ വെള്ളച്ചാട്ടങ്ങൾ തേടിപ്പോയാലോ?
ചെറിയ യാത്രകൾക്ക് പറ്റിയ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങള്‍ ബാംഗ്ലൂരിന് ചുറ്റുമുണ്ട്. എളുപ്പത്തിൽഒരു ഡ്രൈവും നഗരത്തിരക്കിൽ നിന്ന് ഒരു രക്ഷപെടലും ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലങ്ങൾ ധൈര്യമായി തിരഞ്ഞെടുക്കാം. ഇതാ ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകൾക്ക് പോകാൻ പറ്റിയ അഞ്ച് വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം.

PC:Deepak TL
1. ഹൊഗനക്കൽ വെള്ളച്ചാട്ടം
ബാംഗ്ലൂരിൽ നിന്ന് ഏകദിന യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം പരിഗണിക്കാൻ പറ്റിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം. ഒരു കിടിലൻ ഡ്രൈവും അതിനൊടുവിലെത്തുന്ന വെള്ളച്ചാട്ടവും അതിന്‍റെ ഗംഭീരമായ കാഴ്ചകളും കുട്ടവഞ്ചി യാത്രയും ഒക്കെയായി ഒരു ദിവസം മുഴുവനും ആസ്വദിക്കാൻ പറ്റിയ ഒരു ലക്ഷ്യസ്ഥാനമാണ് തമിഴ്നാടിന്‍റെ ഭാഗമായ ഹൊഗെനക്കൽ വെള്ളച്ചാട്ടം.
കാവേരി നദി ദക്ഷിണേന്ത്യയുടെ നയാഗ്രയായി ആർത്തുപതിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.
പാറക്കെട്ടിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഒന്നും രണ്ടുമല്ല പല ഭാഗങ്ങളിലായി പത്തോളം ഉണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഈ വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് കുട്ടവഞ്ചിയിൽ കയറി പോവുകയും ചെയ്യാം. വെള്ളത്തിലിറങ്ങാൻ താല്പര്യമില്ലെങ്കില്‍ കരയിൽ നിന്ന് അപ്പോൾ പിടിച്ച് വറുത്ത മീൻ ചൂടോടെ കഴിച്ച് സമയം ചെലവഴിക്കാം. ബാംഗ്ലൂരിൽ നിന്നും ഹൊഗെനെക്കലിലേക്ക് 170 കിലോമീറ്റർ ദൂരമുണ്ട്. അതിരാവിലെ വന്നാൽ വലിയ വെയിലിൽ നിന്നു രക്ഷപെട്ട് ഇവിടെ വരാം.

2. ജോഗ് വെള്ളച്ചാട്ടം
ശനിയും ഞായറും എടുത്ത് കറങ്ങി വരാൻ പറ്റുന്ന, അല്ലെങ്കിൽ ലോങ് ഡ്രൈവ് ചെയ്ത് രണ്ടു ദിവസം കൊണ്ട് വരാൻ സാധിക്കുന്ന ജോഗ് വെള്ളച്ചാട്ടവും ഈ യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ്. ബാംഗ്ലൂരിൽ നിന്ന് 420 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തന്നെ എട്ടു മണിക്കൂറിനടുത്ത് എടുക്കും. ശാരാവതി നദിയില്‍ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. 829 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്.
ഷിമോഗാ ജില്ലയുടെ ഭാഗമായ ജോഗിൽ നാല് വെള്ളച്ചാട്ടങ്ങളാണ് കാണാനുള്ളത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിങ്ങനെ മത്സരിച്ചൊഴുകുന്ന നാലു കിടിലൻ വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ഓരോ ഇടങ്ങളിൽ നിന്നായി തുടങ്ങി ഒരുമിച്ച് പതിക്കുന്നതിൽ രാജയാണ് ഏറ്റവും മുകളിൽ നിന്നും വരുന്നത്. മഴക്കാലത്താണ് ഇവിടം കാണാൻ ഏറ്റവും ഭംഗി എന്നിരുന്നാലും എല്ലാ സമയത്തും ഇവിടെ ആളുകൾ എത്തുന്നു.
3. ചുഞ്ചി വെള്ളച്ചാട്ടം
ബാംഗ്ലൂരിലെ പേരുകേട്ട വീക്കെൻഡ് ഡെസ്റ്റിനേഷൻ ആണ് ചുഞ്ചി വെള്ളച്ചാട്ടം. ഒരു ബൈക്കുണ്ടെങ്കിൽ രാവിലെ ഇറങ്ങി വെയിൽ വീഴുന്നതിനു മുൻപ് ലക്ഷ്യസ്ഥാനത്തെത്തി കാഴ്ചകൾ കണ്ട് വൈകിട്ട് തിരിച്ചാൽ മതിയാവും. അർക്കാവതി നദിയുടെ ഭാഗമായ ഈ വെള്ളച്ചാട്ടം ബാംഗ്ലൂരിൽ നിന്നും 90 കിലോമീറ്റർ ദൂരത്തിലാണുള്ളത്. കനകപുരയിൽ നിന്നും വെറും 30 കിലോമീറ്ററേ ചുഞ്ചിയിലേക്കുള്ളൂ. കനകപുരയിൽ നിന്ന് ഹാലഹള്ളി വഴിയാണ് ഇവിടേക്കെത്തുക. പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം പതിക്കുന്നതും ഒഴുകുന്നതുമായ കാഴ്ചയാണ് ഇവിടെയുള്ളത്.
4. ശിവനസമുദ്ര വെള്ളച്ചാട്ടം
ബാംഗ്ലൂരിൽ നിന്നും ഏകദിന യാത്രയ്ക്ക് പറ്റിയ മറ്റൊരു വെള്ളച്ചാട്ടമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. ഒന്നല്ല, രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളച്ചാട്ടമായ ഇവിടം മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണുള്ളത്. കാവേരി നദി ഭാരാചുക്കി, ഗഗനചുക്കി എന്നിങ്ങനെ രണ്ടായി പിരിഞ്ഞൊഴുകി പതിക്കുന്നതാണ്
ശിവനസമുദ്ര വെള്ളച്ചാട്ടം. ബെംഗളുരു-മൈസൂർ എക്സ്പ്രസ് വേ വഴി 134 കിലോമീറ്ററാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
5. ഇരുപ്പു വെള്ളച്ചാട്ടം
കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ ഇരുപ്പു വെള്ളച്ചാട്ടം കർണ്ണാടകയിലെ യാത്രാ ലിസ്റ്റിൽ ചേർത്തുവയ്ക്കാൻ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ്. ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്തിലുള്ള ഇരുപ്പു വെള്ളച്ചാട്ടം കൂർഗ് യാത്രയിൽ ഉറപ്പായും കാണേണ്ട സ്ഥലങ്ങളിലൊന്നും കൂടിയാണ്. ബാംഗ്ലൂരിൽ നിന്നും 247 കിലോമീറ്റർ ദൂരത്തിലാണ് ഇരുപ്പു വെള്ളച്ചാട്ടമുള്ളത്. ബാംഗ്ലൂരിൽ നിന്ന് മൈസൂരിലെത്തി ഗോണിക്കൊപ്പ വഴി ഇരുപ്പു വെള്ളച്ചാട്ടത്തിലെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












