ബെംഗളൂരുവിലെ ക്രിസ്മസ് ആഘോഷങ്ങള്‍ എന്നും മറ്റിടങ്ങളേക്കാൾ ഒരുപടി മുകളിലാണ്. ഡിസംബർ ആദ്യവാരം മുതൽ തന്നെ ഇവിടെ അലങ്കാരങ്ങൾക്ക് തുടക്കമാകും. ഓരോ ദിവസം ചെല്ലുംതോറും നഗരത്തിന്‍റെ ഭംഗി കൂടിക്കൊണ്ടിരിക്കും. നക്ഷത്രങ്ങൾ തൂക്കിയും ക്രിസ്മസ് ട്രീയും അതിലെ അലങ്കാരങ്ങളും സമ്മാനപ്പൊതികളും ക്രിസ്മസ് തീമിലുള്ള ഷോപ്പിങ്ങും ഫ്ലീ മാർക്കറ്റും ഒക്കെ ഇവിടെയുണ്ട്. എന്നാൽ ക്രിസ്മസിനെ അതിന്‍റെ ആത്മീയതയിൽ സ്വീകരിക്കുന്ന ദേവാലയങ്ങള് വിട്ടുപോയോ?
ബെംഗളൂരുവിലെ ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും ഒപ്പം നിൽക്കുന്നതാണ് ഇവിടുത്തെ ക്രൈസ്തവ ദേവാലയങ്ങളും. പള്ളിക്കുമുകളിൽ നക്ഷത്രം തൂക്കിയും ദേവാലയവും പരിസരവും മുഴുവൻ വിളക്കുകളാൽ അലങ്കരിച്ചും മരങ്ങളെ ക്രിസ്മസ് ട്രീകളാക്കി മാറ്റിയും ക്രിസ്മസിന്‍റെ സന്ദേശം ഉൾക്കൊള്ളുന്ന പുൽക്കൂടും കരോളും പിന്നെ പാതിരാ കുര്‍ബാനയും ഒക്കെയായി ബാംഗ്ലൂരിലെ ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ജാതിമതഭേദമില്ലാതെ, ക്രിസ്മസ് രാവും പാതിരാ കുർബാനയും കാണാനും പുൽക്കൂട് സന്ദര്‍ശിക്കാനും ഒക്കെ ബെംഗളൂരു നിവാസികൾ ഇവിടുത്തെ ദേവാലയങ്ങളിലേക്ക് എത്തുന്നു. കരോൾ കൂടി ഉണ്ണിയേശുവിന്‍റെ ജനനത്തിന് സാക്ഷ്യം വഹിച്ച് പാതിരാ കുർബാനയിൽ പങ്കെടുത്ത് മടങ്ങുന്ന പതിവ് ഇവിടുത്തെ ക്രിസ്മസ് ദിനം കാണാം. ഇതാ ബാംഗ്ലൂരിൽ നിങ്ങൾക്ക് ക്രിസ്മസ് ദിനത്തില് പോകാവുന്ന ചില ദേവാലയങ്ങൾ പരിചയപ്പെടാം.
1. ഇൻഫന്‍റ് ജീസസ് ചർച്ച്
1971 ൽ നിർമ്മിക്കപ്പെട്ട ഇൻഫന്‍റ് ജീസസ് ചർച്ച് ബെംഗളൂരു വിവേക് നഗറിൽ സ്ഥിതി ചെയ്യുന്ന റോമൻ കാത്തലിക് ചർച്ച് ആണ്. ഓരോ ആഴ്ചയും ഏറ്റവും കുറഞ്ഞത് പതിനായിരം പേരെങ്കിലും ഈ ദേവാലയത്തിലെത്തുന്നായാണ് കണക്ക്. ജാതിമത വ്യത്യാസമില്ലാതെ ആളുകൾ എത്തുന്ന ഈ ദേവാലയത്തിൽ വ്യാഴാഴ്ചകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. അന്ന് ഏഴു ഭാഷകളിലായി ഇവിടെ കുർബാന അർപ്പിക്കപ്പെടാറുണ്ട്. ക്രിസ്മസ് പാതിരാ കുർബാനയ്ക്ക് ഏറ്റവുമധികം ആളുകൾ പോകുന്ന ദേവാലയങ്ങളിലൊന്നുകൂടിയാണിത്.

2. സെന്‍റ് മാർക്ക്സ് കത്തീഡ്രൽ
ക്രിസ്മസ് കാലത്ത് അതിമനോഹരമായി അലങ്കരിച്ച് വിശ്വാസികളെയും അല്ലാത്തവരെയും ആകർഷിക്കുന്ന ദേവാലയമാണ് എംജി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മാർക്ക്സ് കത്തീഡ്രൽ. ലണ്ടനിലെ സെന്‍റ് പോൾസ് കത്തീഡ്രലിന്‍റെ മാതൃകയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1812 ൽ ഈ ദേവാലയം നിർമ്മിച്ചത്. കൊളോണിയർ നിർമ്മിതിയാണ് ഇതിന്‍റെ പ്രത്യേകത. തടിയിൽ തീർത്ത ശില്പങ്ങളും, ചില്ലുഗ്ലാസിന്‍റെ അലങ്കാരങ്ങളും ഇതിന്‍റെ ഭംഗി കൂട്ടുന്നു. ഇവിടുത്തെ പാതിരാ കുർബാന വിശ്വാസികൾക്ക് പ്രത്യേക അനുഭവം തന്നെ നല്കുന്നു.
3. സെന്‍റ് മേരീസ് ബസലിക്ക
ബെംഗളൂരുവിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നാണ് സെന്‍റ് മേരീസ് ബസലിക്ക. 17-ാം നൂറ്റാണ്ടിൽ ഒരു ചെറിയ ദേവാലയമായി നിർമ്മിക്കപ്പെട്ട ഇത് ഇന്നൊരു മൈനർ ബസലിക്കയാണ്. ഗോഥിക് രീതിയിൽ ഫ്രഞ്ച് ആർക്കിടെക്റ്റാണ് കുരിശിന്‍റെ രൂപത്തിൽ ഈ ദേവാലയം നിർമ്മിച്ചത്. ഇവിടുത്തെ മാതാവിന്‍റെ രൂപം അനക്കുവാൻ സാധിക്കില്ലെന്നാണ് വിശ്വാസം. സെന്‍റ് മേരീസ് ബസലിക്കയിലെ ക്രിസ്മസ് ആഘോഷങ്ങൾ എല്ലായ്പ്പോഴും ലളിതമാണെങ്കിലും ക്രിസ്മസ് പാതിരാ കുർബാന തീർച്ചയായും പോയിരിക്കേണ്ട ഒന്നാണ്.
4. ഓൾ സെയിന്‍റ്സ് ആംഗ്ലിക്കൻ ചർച്ച്
ഗാർഡൻ സിറ്റിയുടെ ഗാർഡൻ ചർച്ച് എന്നാണ് റിച്ച്മോണ്ട് ടൗണിൽ സ്ഥിതി ചെയ്യുന്ന ഓൾ സെയിന്‍റ്സ് ആംഗ്ലിക്കൻ ചർച്ച് അറിയപ്പെടുന്നത്. ബെംഗളൂരുവിലെ പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നായ ഇതിന് 150 വർഷം പഴക്കമുണ്ട്. ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളും അതിനു ഉള്ളിലായി കൊളോണിയൽ രീതിയിൽ നിർമ്മിക്കപ്പെട്ട ദേവാലയവും ഇതിന്‍റെ ഭംഗി വർധിപ്പിക്കുന്നു.
5. ഹോളി ട്രിനിറ്റി ചര്‍ച്ച്
1851 ൽ നിർമ്മിക്കപ്പെട്ട ഹോളി ട്രിനിറ്റി ചർച്ച് ബ്രിട്ടീഷ് റെജിമെന്‍റിനു വേണ്ടി നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. എംജി റോഡിലെ ട്രിനിറ്റി സർക്കിളിനു സമീപം ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. മിലിട്ടറി ദേവാലയം എന്നറിയപ്പെടുന്ന ഇവിടെ ദേവാലയത്തിനകത്ത് 700 പേർക്ക് ഇരിക്കാം. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ വളറെ പ്രസിദ്ധമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












