ബെംഗളൂരു നിവാസികളെ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത... വരുന്ന ക്രിസ്തുമസ്, പുതുവർഷ യാത്രകള്‍ക്ക് പുത്തനൊരിടം തേടുകയാണോ.. ഇതാ നിങ്ങൾക്കായി ഒരു കിടിലൻ സ്ഥലം.. നേരിട്ടു പോകാം, അടിപൊളി കാഴ്ചകൾ കാണാം, അടിച്ചുപൊളിച്ച് മടങ്ങിയെത്താം... ഇങ്ങനെ കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം പോകാൻ പറ്റിയ മലേഷ്യയിലെ ലങ്കാവിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍ഡിഗോ. അതെ, ഇനി ബെംഗളൂരുവിൽ നിന്ന് ലങ്കാവിയിലേക്ക് നേരിട്ട് പറക്കാം.
ബെംഗളൂരു- ലങ്കാവി സർവീസ് ഡിസംബർ 16 മുതൽ ആരംഭിച്ചതോടെ ക്രിസ്മസ് അവധി എവിടെ ചെലവഴിക്കണം എന്നു പ്ലാൻ ചെയ്യാത്തവർക്കായി ഒരിടം കൂടി ലഭിച്ചിരിക്കുകയാണ്. ഇൻഡിഗോയുടെ 36-ാമത്തെ അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനവും 124-ാമത്തെ മൊത്തത്തിലുള്ള ലക്ഷ്യസ്ഥാനവുമാണ് ലങ്കാവി. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലുള്ള യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനുള്ള ഇൻഡിഗോയുടെ ഈ സർവീസ് വിനോദസഞ്ചാരികളെ മാത്രമല്ല, ബിസിനസ് യാത്രകൾക്കും സൗകര്യപ്രദമാകുന്ന ഒന്നാണ്.
ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മലേഷ്യ
ഏഷ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നായ മലേഷ്യയിൽ എത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വിസാ രഹിത യാത്ര അനുവദിച്ചതോടെ 2024 നവബർ വരെ ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യൻ സഞ്ചാരികൾ മലേഷ്യയിൽ എത്തി. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. തായ്ലൻഡാണ് രണ്ടാമത്തെ രാജ്യം. 2024 ഡിസംബർ 15 മുതൽ ഇന്‍ഡിഗോ എയർലൈൻ ബെംഗളൂരുവിനും ക്വാലാലംപൂരിനുമിടയിൽ പ്രതിദിന സർവീസുകൾ പുനരാരംഭിച്ചിരുന്നു.
അടുത്തിടെ മലേഷ്യ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിസാ രഹിത പ്രവേശനം നല്കിയിരുന്നു. ഇതോടെ ഇന്ത്യക്കാരായ സഞ്ചാരികളുടെ കുത്തൊഴുക്കാണ് മലേഷ്യയിലേക്ക് ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന രാജ്യമെന്നിനാൽ ന്യൂ ഇയർ പ്ലാനുകളിലും പലരും മലേഷ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ പ്രിയരുടെ സ്വപ്ന നഗരമായി മാറിയ ഇവിടെ കാണാൻ എല്ലാമുണ്ട് എന്നതാണ് പ്രത്യേകത, കാടും മലയും ബീച്ചും ഭക്ഷണവും സാഹസികതയും ആഢംബരവും എന്നിങ്ങനെ എല്ലാവരെയും ആകർഷിക്കുന്ന ഇഷ്ടംപോലെ കാഴ്ചകളാൽ സമ്പന്നമാണ് മലേഷ്യ.
ലങ്കാവി
കേദയുടെ രത്‌നം എന്നറിയപ്പെടുന്ന ലങ്കാവി മികച്ച വെക്കേഷൻ ഇടമാണ്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആവോളമുള്ള ദ്വീപ് നഗരം അതിമനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. കാട്, പച്ചപ്പ്, തടാകം, പുഴ, ഗ്രാമങ്ങൾ എന്നിങ്ങനെ ഭംഗിയാർന്ന കാഴ്ചകൾ ഒരുപാടുണ്ട്. ചെമ്പരുന്തുകളുടെ നാട് ആണ് ഇവിടം. മഴക്കാടുകളും ബീച്ചുകളും നിറഞ്ഞ ലങ്കാവി മലേഷ്യയിലെ ഏറ്റവും മനോഹരമായ സ്ഥലം കൂടിയാണ്. 104 ദ്വീപുകളാണ് ലങ്കാവിയുടെ ഭാഗമായിട്ടുള്ളത്.
ബെംഗളൂരു- ലങ്കാവി ഇൻഡിഗോ വിമാനം
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എല്ലാ ദിവസം പുലർച്ചെ 03:40 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 10. 25 ന് ലങ്കാവിയിൽ എത്തും. 4 മണിക്കൂർ 15 മിനിറ്റാണ് ഇൻഡിഗോയുടെ സൈറ്റിൽ കൊടുത്തിരിക്കുന്ന യാത്രാ സമയം.
ലങ്കാവിയിൽ നിന്ന് തിരകെ പ്രാദേശിക സമയം 11.25 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 12.55 ന് ബാംഗ്ലൂരിൽ എത്തും. 4 മണിക്കൂർ ആണ് യാത്രാ സമയം.
ബെംഗളൂരുവിൽ നിന്ന് പുത്തൻ ഇടങ്ങൾ യാത്രയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കും സാഹസികതയും കൗതുകവും യാത്രകളിൽ തേടുന്നവര്‍ക്കും പറ്റിയ ലക്ഷ്യസ്ഥാനമാണ് ലങ്കാവി. ലങ്കാവി സ്കൈ ബ്രിഡ്ജ്, കേബിൾ കാർ യാത്ര, യുനെസ്‌കോ പട്ടികയിൽപെട്ട കണ്ടൽക്കാടുകൾ, സ്‌നോർക്കലിംഗ്, ദ്വീപ് ടൂറുകൾ, ഗുഹകൾ തുടങ്ങിയവാണ് കാണാനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














