ഫെബ്രുവരിയുടെ നിറം പ്രണയമാണ്. പ്രണയിതാക്കൾ ഏറ്റവും ആകാംക്ഷയോടെയും കൗതുകത്തോടെയും ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ദിവസമില്ല. ഹൃദയം തുറക്കുവാനും പ്രണയത്തിന് ഉത്തരം നല്കകും ഒക്കെ തയ്യാറായിരിക്കുന്ന ഈ ദിവസത്തിൽ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം ഒരു യാത്ര കൂടി പ്ലാൻ ചെയ്യണം. നിങ്ങളുടെ മാത്രമായ ഒരു ലോകത്തേയ്ക്ക് പോകാൻ പറ്റിയ ബെംഗളൂരുവിലെ സ്ഥലങ്ങൾ പരിചയപ്പെട്ടാലോ..
പ്രണയിതാക്കൾക്ക് പോകാൻ പറ്റിയ ഒരുപാട് ഇടങ്ങൾ ബെംഗളൂരുവിന് ചുറ്റിലും ഉണ്ട്. എന്നാൽ ഈ പ്രണയദിനത്തിൽ, ഇതുവരെ പോകാത്ത, ആള്‍ക്കൂട്ടങ്ങളോ തിരക്കോ ഇല്ലാത്ത സ്ഥലങ്ങളാണ് തേടുന്നതെങ്കിൽ നിങ്ങൾക്കുള്ള ഉത്തരം ഇതാ ഇവിടെയുണ്ട്. പ്രണയം ആഘോഷിക്കാൻ പ്രിയപ്പെട്ട ആള്‍ക്കൊപ്പം ബെംഗളൂരുവിൽ നിന്ന് പോകാൻ പറ്റിയ സ്ഥലങ്ങൾ ഇതാ..

1. മഹാദേവപുര
പ്രണയദിനം നാട്ടിൽ ആഘോഷിക്കണമെന്ന് ആഗ്രഹിച്ചിട്ട് അത് നടക്കാത്തവർക്ക് കാഴ്ചയിൽ കേരളം പോലെ തോന്നിപ്പിക്കുന്ന ഒരിടത്തേയ്ക്ക് പോയാലോ. അത്തരത്തിൽ ബാംഗ്ലൂരിൽ നിന്ന് 130 കിലോമീറ്റർ മാത്രം പോയാൽ കാണാൻ കഴിയുന്ന സ്വര്‍ഗ്ഗമാണ് മഹാദേവപുര. നെൽപ്പാടങ്ങളും തെങ്ങിൻതോട്ടങ്ങളും ചെറിയ അരുവികളും പഴയ ക്ഷേത്രങ്ങളും ഗ്രാമങ്ങളും ഒക്കെയുള്ള കാഴ്ചയണ് ഇവിടം നല്കുന്നത്.
കാവേരി നദികാടിനകത്തു കൂടി ചുറ്റിയൊഴുകുന്ന കാഴ്ചയും പക്ഷികളും കരിമ്പു കൃഷികളും ഇവിടെ കാണാം, സീസൺ നോക്കാതെ വരാമെങ്കിലും അതിരാവിലെ എത്തി ഉച്ചയ്ക്ക് മുന്‌പേ മടങ്ങുന്ന വിധത്തിലാക്കുന്നതാണ് നല്ലത്. ബെംഗളൂരു- മാണ്ഡ്യ- കോതത്തി- കൊടിയാല- അരകെരെ- മാണ്ഡ്യ കൊപ്പലു സർക്കൾ- മഹാദേവപുര എന്നതാണ് റൂട്ട്.

2. മഹിമാപുര
വാലന്‍റൈന്‍ ദിനത്തിൽ പ്രിയപ്പെട്ട ആൾക്കൊപ്പം അതിമനോഹരമായ കുറച്ച് ചിത്രങ്ങളെടുത്താലോ. വേണെമങ്കിൽ വീഡിയോ
എടുത്ത് റീൽസ് ആക്കുകയും ചെയ്യാം. അതിനു പറ്റിയ ഇടമാണ് മഹിമാപുര. നിങ്ങൾ എത്ര നോക്കിയാലും റീൽസിലും വീഡിയോകളിലും ഒന്നും കണ്ടെത്താൻ സാധ്യതയില്ലാത്ത ഇവിടം
ബാംഗ്ലൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ നിങ്ങൾ ട്രെക്കിങും നടത്തവും ഒക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിലേ ഇവിടം തിരഞ്ഞെടുക്കാവൂ.
ഏകദേശം മുന്നൂറ് പടികൾ കയറി മുകളിലെത്തിയാലേ ഈ പറഞ്ഞ കാഴ്ചകൾ കാണാൻ സാധിക്കൂ. സൂര്യോദയം കാണാൻ ആണ് വരുന്നതെങ്കിൽ മാജിക് പോലെ പ്രകൃതിഭംഗി ഇവിടെ ആസ്വദിക്കാം. സൂര്യന്‍റെ കിരണങ്ങളും കുന്നുകളും ക്ഷേത്രങ്ങളം പിന്നെ മുകളിൽ നിന്നു താഴെ ഗ്രാമങ്ങളും പട്ടണങ്ങളും ഒക്കെയുണ്ട് കാണുവാൻ. ബാംഗ്ലൂര്‍- പൂനെ ദേശീയപാതയിൽ തുംകൂർ റൂട്ടിൽ 45 കിമി പോയാൽ മഹിമാപുര ബോർഡ് കാണാം. ഇവിടുന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം.
3. വണ്ണാമ തടാകം
ബെംഗളൂരുവിൽ നിന്നും ഏകദേശം 62 കിമി അകലെയാണ് വണ്ണാമ തടാകം സ്ഥിതി ചെയ്യുന്ന്. നഗരത്തിനടുത്ത് ഇത്രയും നോഹരമായ ഒരിടം നിങ്ങൾ കണ്ടില്ലെങ്കിൽ അതായിരിക്കും വലിയ നഷ്ടങ്ങളിലൊന്ന്. കരയിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങളും അല്പം മാറിയുള്ള കുതിരകളും അതിന്‍റെ പശ്ചാത്തലത്തിൽ വെയിലടിക്കുമ്പോൾ തിളങ്ങുന്ന തടാകവും ഇവിടെ മനോഹരമായ അന്തരീക്ഷം തീർക്കുന്നു. ഇവിടെ എത്തേണ്ട, അതിനു മുമ്പേ ഇവിടേക്കുള്ള വഴി മുതൽ കാഴ്ചകൾ തുടങ്ങും.
കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഡെങ്കണിക്കോട്ടൈയ്ക്ക് അടുത്താണ് വണ്ണാമ തടാകം സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോണിക് സിറ്റിയില് നിന്ന് വണ്ണാമ തടാകത്തിലേക്ക് 46 കിലോമീറ്ററാണ് ദൂരം. ഹൊസൂരിൽ നിന്ന് വണ്ണാമ തടാകത്തിലേക്ക് 30 കിലോമീറ്റർ ദൂരമേയുള്ളൂ.
4. മറക്കൊനഹള്ളി
പ്രണയദിനം ആഘോഷിക്കാൻ പറ്റിയ, ലോകത്തെ ഗൗനിക്കാതെ നിങ്ങൾക്ക് മാത്രമായി ഒരു ലോകം തീർക്കാൻ പറ്റിയ ഇടമാണ് മറക്കൊനഹള്ളി. നീണ്ട യാത്രയും അതിനൊടുവിലെ കാഴ്ചകളും നടത്തവും ഒക്കെ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മറക്കൊനഹള്ളി ബെംഗളൂരുവിൽ നിന്ന് 96 കിമി അകലെയാണ് സ്ഥിതി ചെയ്യുന്നത്. തുംകൂർ ജില്ലയിൽ കുനിഗൽ താലൂക്കിൽ ആണ് മർക്കൊഹനള്ളി അണക്കെട്ട് ഉള്ളത്.
നഗരത്തിരക്കിൽ നിന്നുമാറി ഒരു പകൽ മുഴുവൻ മറ്റൊരിടത്ത് ചെലവഴിക്കൻ പോകുന്നവർക്ക് റൂട്ട് ഇങ്ങോട്ടിടാം. പുലർച്ചെ ഇറങ്ങി വെയിൽ മൂക്കുന്നതിനു മുൻപ് എത്തിച്ചേരാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഷിംശാ നദിയുടെ കുറുകേ പണിത അണക്കെട്ടിനോട് ചേർന്ന് ഒരു പാർക്കും ഉണ്ട്. പാവഗഡ കോട്ട, ശിവഗംഗാ ഹിൽസും അവിടുത്തെ രണ്ട് ക്ഷേത്രങ്ങളും, ദേവരായന ദുര്‍ഗാ കാട്, ദേവരായനദുര്‍ഗാ ഹിൽ സ്റ്റേഷൻ, യെഡിയൂര് സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഈ യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലങ്ങൾ.
5. നെല്ലിഗുഡെ ലേക്ക്
ഒരു ചെറിയ യാത്ര, ഒത്തിരി ദൂരമൊന്നും ഡ്രൈവ് ചെയ്തു പോകാൻ പറ്റില്ല. അങ്ങനെയൊരു ഇടമാണ് നോക്കുന്നതെങ്കിൽ നെല്ലിഗുഡെ ലേക്ക് മതി. നെല്ലിഗുഡെ ലേക്ക് അഥവാ നെല്ലിഗുഡെ കെരെ ബെംഗളുരുവിൽ നിന്നും 40 കിമി സഞ്ചരിച്ചാൽ എത്തുന്ന ഇടമാണ്. നീണ്ടുനിവർന്നു കിടക്കുന്ന തടാകവും ചുറ്റിലും മരങ്ങളും നല്ല വഴിയും ഒക്കെ ഇവിടെയുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കണമെങ്കിൽ കുറച്ചുകൂടി മുന്നോടട് പോയാൽ വയലുകളും കൃഷിഭൂമിയും കാണാം. സമയമുണ്ടെങ്കിൽ മഞ്ചനബലെ ഡാം, ബിഗ് ബനിയൻ ട്രീ എന്നിവ കൂടി ഉൾപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













