തണുപ്പു വീണുതുടങ്ങിയതോടെ മൂന്നാർ വിനോദസഞ്ചാരം ആവേശത്തിലായിരിക്കുകയാണ്. വരും ദിവസങ്ങളിൽ മഞ്ഞിനൊപ്പം തന്നെ സഞ്ചാരികളും ഇവിടേക്ക് എത്തിച്ചേരും. കേരളത്തിൽ വിന്‍റർ ടൂറിസത്തിന് ഏറ്റവും പേരുകേട്ട മൂന്നാറിന്‍റെ ഗോൾഡന്‍ ഡേയ്സ് തുടങ്ങുന്നതേയുള്ളൂ. എന്നിരുന്നാലും ഈ ഡിസംബർ മാസത്തിലെ യാത്രകളിലൊന്ന് മൂന്നാറിലേക്ക് തന്നെ എന്നു സഞ്ചാരികൾ ഉറപ്പിച്ച മട്ടാണ്!
മൂന്നാറിന്‍റെ അതിന്‍റെ ഏറ്റവും മനോഹരമായ രൂപത്തിൽ കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു പറ്റിയ സമയവും ഇതു തന്നെയാണ്. കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന പ്രഭാതങ്ങൾ മാത്രമല്ല വൈകുന്നേരങ്ങളും ഇപ്പോഴുണ്ട്.ഈ തണുപ്പുസമയത്ത് മൂന്നാറിലേക്ക് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മൂന്നാർ യാത്രയ്ക്ക് പറ്റിയ സമയം
ശൈത്യകാലമാണ് മൂന്നാർ യാത്രയ്ക്ക് ഏറ്റവും യോജിച്ചത്. കോടമഞ്ഞും കഠിനമായ തണുപ്പും ഒക്കെയാണെങ്കിലും ആ സുഖത്തിൽ നേരം പുലർന്നെണീക്കുന്നതും പുറത്ത് നിങ്ങളെ കാത്തിരിക്കുന്ന കാഴ്ചകളും ഭയങ്കര രസകരമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു മൂന്നാർ യാത്ര മനസ്സിലുണ്ടെങ്കിൽ ഡിസംബർ, ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിലായി അത് പോയിരിക്കണം.
വിറപ്പിക്കുന്ന തണുപ്പ്
ഡിസംബർ മാസം വന്നതോടെ മൂന്നാർ തണുപ്പിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവു കുറഞ്ഞ താപനിലയായ ആറ് ഡിഗ്രി കഴിഞ്ഞ ചൊവ്വാഴ്ച തേയില തോട്ട പ്രദേശങ്ങളായ ലാക്കാട്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. മാട്ടുപ്പെട്ടി, കന്നിമല, തെന്മല എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

മൂന്നാറിൽ വരുമ്പോൾ ശ്രദ്ധിക്കാൻ
തണുപ്പുകാലത്ത് മൂന്നാറിൽ വരുന്നവർ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ കരുതാൻ മറക്കരുത്. ക്രിസ്മസ്, പുതുവർഷം തുടങ്ങിയ സമയം മൂന്നാറിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സമയം കൂടിയാണ്. അതിനാൽ താമസസൗകര്യം വേണം എന്നുണ്ടെങ്കിൽ അത് മൂൻകൂട്ടി ബുക്ക് ചെയ്ത്, ലഭ്യമാണെന്ന് ഉറപ്പുവരുത്തണം.
മൂന്നാർ ടൂർ പാക്കേജ്
മൂന്നാറിലേക്ക് യാത്ര ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗം കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകളാണ്. വിവിധ ഡിപ്പോകളിൽ നിന്നായി ക്രിസ്മസ്, ന്യൂ ഇയർ യാത്രകളടക്കം മൂന്നാറിലേക്ക് നടത്തുന്നു,
കണ്ണൂർ- മൂന്നാർ പാക്കേജ്
വാഗമണ്‍- മൂന്നാര്‍, മൂന്നാര്‍ കാന്തല്ലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണ് കെഎസ്ആർടിസി കണ്ണൂരിൽ നിന്നു നടത്തുന്നത്. പൈന്‍ വാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ്, അഡ്വെഞ്ചര്‍ പാര്‍ക്ക് ,ചതുരങ്കപ്പാറ വ്യൂപോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്കല്‍ ഡാം എന്നീ സ്ഥലങ്ങളാണ് വാഗമണ്‍- മൂന്നാര്‍ പാക്കേജിൽ സന്ദർശിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച എത്തുന്ന വിധത്തിലാണ് യാത്ര. 4,100 രൂപയാണ് നിരക്ക്.
കാന്തല്ലൂരും മൂന്നാറും കണ്ടുവരുന്ന യാത്ര ഡിസംബര്‍ എട്ട്, ഡിസംബര്‍ 27 എന്നീ തിയതികളിൽ രാത്രി 7.00 മണിക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നാരംഭിക്കും. ഇരവികുളം ദേശീയ പാര്‍ക്ക്, മറയൂർ, ഓഫ്‌റോഡ് സഫാരി, ഇരച്ചില്‍പാറ, പെരിയകനാല്‍ വെള്ളച്ചാട്ടം,കാന്തല്ലൂരിലെ പഴത്തോട്ടങ്ങൾ എന്നിവ സന്ദർശിക്കും. 2,960 രൂപയാണ് ടിക്കറ്റ് നിരക്ക്.
മൂന്നാർ ഇരവികുളം അതിരപ്പിള്ളി വാഴച്ചാല്‍
ഡിസംബർ 2, 9, 16, 23, 30 എന്നീ തിയതികളിൽ കോഴിക്കോട് ഡിപ്പോയാണ് മൂന്നാർ ഇരവികുളം അതിരപ്പിള്ളി വാഴച്ചാല്‍ യാത്ര സംഘടിപ്പിക്കുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി ഡാം, മൂന്നാർ, ഇരവികുളം, മാട്ടുപ്പെട്ടി, കുണ്ടള ഡാം, എക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാർഡൻ എന്നിവ സന്ദര്‍ശിക്കും. 1830 രൂപയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












