പൂരുരുട്ടാതി
ജ്യോതിഷത്തിലെ 25-ാം നക്ഷത്രമാണ് പൂരുരുട്ടാതി. ആത്മീയ കാര്യങ്ങളിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ നക്ഷത്രക്കാർ ജീവിതത്തിൽ അംഗീകരിക്കപ്പെടുന്നവരായിരിക്കുമെന്ന് പറയാം. നല്ലതുവരുമെന്ന വിശ്വാസത്തിൽ ജീവിക്കുന്ന ഇവർ വളരെ ശുഭാപ്തി വിശ്വാസക്കാർ കൂടിയാണ്. ഈ രാശിയിൽപെട്ടവരെ നിരാശയോടെ ഒരിക്കലും കാണുവാൻ സാധിക്കില്ല. മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇവർ മാനുഷിക മൂല്യങ്ങള്ഡക്ക് വില കല്പിക്കുന്നവരാണ്. എത്ര ചെറിയ കാര്യമാണെങ്കിൽക്കൂടിയും ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ആത്മാര്‍ത്ഥതയോടെ പൂർത്തീകരിക്കുവാൻ ഇവര്‍ക്ക് സാധിക്കും ഏതു കാര്യത്തിനായാലും കൃത്യമായ നിലപാട് ഇവരുടെ പ്രത്യേകതയാണ്.
പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രം
പത്തനംതിട്ടയിലെ പ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം ആണ് പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രം. കേരളത്തിലെ പേരുകേട്ട വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഇവിടെ കൃഷ്ണനെയാണ് ആരാധിക്കുന്നത്. 108 ദിവ്യദേശങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. പമ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അർജുനന്‍റെ തേരാളിയായ കൃഷ്ണനെ പാര്‍ഥസാരഥി ആയാണ് ആരാധിക്കുന്നത്.
PC:wikimedia
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
പാണ്ഡവരിലെ അർജുനൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. പാണ്ഡവരിലെ മറ്റുളളവർ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങൾ ഈ ക്ഷേത്രത്തിനു ചുറ്റിലുമായി നില്ക്കുന്നു. പാപപരിഹാരത്തിനായി നിർമ്മിക്കപ്പെട്ട ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. മഹാഭാരത യുദ്ധത്തിൽ സഹോദരനായ കർണനെ കൊലപ്പെടുത്തിയതിന്റെ പരിഹാരാർത്ഥമാണ് അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം.
PC:Wikipedia
ആറന്മുളയെന്ന പേര്
ആറൻമുളയെന്ന പേര് ക്ഷേത്രവിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ഒന്നാണ്. ഈ ക്ഷേത്രവും പ്രതിഷ്ഠയും നേരത്തെ നിലയ്ക്കലിൽ ആയിരുന്നുവത്രെ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് മറ്റുചില കാരണങ്ങളാൽ ആറു മുളകളുള്ള ചങ്ങാടത്തില്‍ കെട്ടി ഇവിടേക്ക് പാർത്ഥസാരഥിയുടെ വിഗ്രഹം കൊണ്ടുവരികയായിരുന്നുവെന്നാണ് വിശ്വാസം. അങ്ങനെയാണ് ആറന്മുളയെന്ന പേര് വന്നത്.
PC:Wikipedia
വിശ്വരൂപത്തിലുള്ള കൃഷ്ണൻ
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇവിടുത്തെ വിഗ്രഹത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ശ്രീകൃഷ്ണൻ അര്‍ജുനന് കാണിച്ചുകൊടുക്കുന്ന വിശ്വരൂപത്തിൽ ആണ് ഇവിടുത്തെ പ്രതിഷ്ഠ, കൃഷ്ണന്റെ വിഗ്രഹത്തിന് ആറടിയിലധികം ഉയരമുണ്ട്. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹവും ഇവിടെതന്നെയാണ്. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടെയുള്ളത്. കിഴക്കോട്ടാണ് പ്രതിഷ്ഠയുടെ ദർശനം.
ശബരിമലയും ആറന്മുള ക്ഷേത്രവും
ശബരിമലയുമായി ആറന്മുള ക്ഷേത്രത്തിന് ചില വിശ്വാസങ്ങളുണ്ട്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്. മകരപൂജയുടെ ഭാഗമായി പന്തളത്തുനിന്നു് ശബരിമലയിലേക്ക് തിരുവാഭരണം കൊണ്ടുപോകുന്ന ഘോഷയാത്രാസംഘം തങ്ങുന്ന വിശ്രമകേന്ദ്രങ്ങളില്‍ ഒന്നുംകൂടിയാണിത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലൂടെ അകത്ത് കടക്കണമെങ്കിൽ 18 പടികൾ കയറേണ്ടതുണ്ട്. ഈ പടികള് ശബരിമലയെ ഓര്‍മ്മിപ്പിക്കുന്നു.
ഈ ക്ഷേത്രത്തിന് നാലുകവാടങ്ങളുണ്ട്. മലദൈവങ്ങൾ ഇതിന് കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം.
പുലർച്ചെ 4.00 മുതല്‍ 11.00 വരെയും വൈകുന്നേരം 5.00 മുതല്‍ 8.00 വരെയും ക്ഷേത്രം തുറന്നിരിക്കും.
PC:Wikipedia
എത്തിച്ചേരുവാൻ
പത്തനംതിട്ട ജില്ലയുടെ ഭാഗമാണ് ആറന്മുള. ചെങ്ങന്നൂരാണ് ആറന്മുളയ്ക്ക് സമീപത്തുള്ള പ്രധാന ടൗൺ. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനും ഇവിടെത്തന്നെയാണ്. ചെങ്ങന്നൂരിൽ നിന്നും ആറന്മുളയിലേക്ക് ബസുകൾ ലഭ്യമാണ്. വെറും അരമണിക്കൂർ യാത്രാദൂരമേയുള്ളൂ.
PC:Wikipedia