ഉത്രാടം നക്ഷത്രം
നന്മയുടെ നക്ഷത്രം എന്നു പലപ്പോഴും പറയപ്പെടുന്ന നക്ഷത്രമാണ് ഉത്രാടം നക്ഷത്രം. ആർക്കും ദ്രോഹം ചെയ്യാതെ മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്ന ഉത്രാടം നക്ഷത്രം ജ്യോതിശാസ്ത്രത്തിലെ 21-ാമത്തെ നക്ഷത്രമാണ്. സംസാരത്തിലം പ്രവർത്തിയിലും മറ്റുള്ളവരെ ബഹുമാനിക്കുന്ന ഇവർ എല്ലായ്പ്പോഴും സത്യസന്ധരായിരിക്കുവാൻ ശ്രമിക്കും. തെറ്റ് ചെയ്യുവാനുളള അവസരങ്ങളും എളുപ്പത്തിൽ പണം സമ്പാദിക്കുവാനുള്ള അവസരങ്ങളും മുന്നില്‍ വന്നാൽ പോലും ഇവരെ വീഴ്ത്തുവാനാകില്ല. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കാത്ത പ്രകൃതക്കാരാണ് ഈ നക്ഷത്രത്തിൽ ജനിച്ചവർ. മാത്രമല്ല, മറ്റുള്ളവരെ ഇവർ വേഗത്തിൽ വിശ്വസിക്കുകയുമില്ല. എന്നാൽ, ഒരിക്കൽ വിശ്വസിച്ച് കൂടെ നിർത്തിയാൽ ജീവിതകാലം മുഴുവനും ഇവർ കൂടെ നില്ക്കും. ഇനി ഒരാളോട് ദേഷ്യം തോന്നിയാൽതന്നെ ഇവർ അത് പ്രകടിപ്പിക്കുകയില്ല. പകരം കഴിവതും മാറി നില്ക്കുവാനാണ് ശ്രമിക്കുക.
ഉത്രാടം നക്ഷത്രക്കാർക്ക് പോകുവാൻ പറ്റിയ ക്ഷേത്രം
ആലപ്പുഴയിലെ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രമാണ് ഉത്രാടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. തുറവൂർ മഹാക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. നരസിംഹമൂർത്തിയെയും സുദർശനമൂർത്തിയെയും തുല്യ പ്രാധാന്യത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ഒരേ നാലമ്പലത്തിലാണ് ഈ രണ്ടു പ്രതിഷ്ഠകളും ഉള്ളത്. ആലപ്പുഴയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം വിഷ്ണു ഭക്തരുടെ സ്ഥിരം ക്ഷേത്രംകൂടിയാണ്.
PC:Dvellakat
തുറവൂര്‍ നരസിംഹ ക്ഷേത്രം
കേരളത്തിലെ പുരാതന നരസിംഹ ക്ഷേത്രങ്ങളിലൊന്നാണ് തുറവൂര്‍ നരസിംഹ ക്ഷേത്രം. രണ്ടു പ്രതിഷ്ഠകൾക്കുമായി രണ്ടു കൊടിമരങ്ങളും രണ്ട് മേൽശാന്തിമാരും ഇവിടെയുണ്ട്. ദിവസവും അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടക്കുന്ന ഈ മഹാക്ഷേത്രം പ്രസിദ്ധമായ പല ചടങ്ങുകൾക്കും ആചാരങ്ങൾക്കും പ്രസിദ്ധമാണ്. കേരളത്തിൽ നരസിംഹമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.
PC:Dvellakat
രണ്ടായി ഭാഗിച്ചിരിക്കുന്ന ശ്രീകോവിൽ
നേരത്തെ പറഞ്ഞപോലെ ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ ആണല്ലോ ഇവിടെയുള്ളത്. രണ്ടു നിലയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ശ്രീകോവിൽ വട്ടത്തിലാണുള്ളത്. അപ്പോൾ രണ്ടുപേര്‍ക്കുമായി നാലമ്പലം തുല്യപ്രധാന്യത്തിൽ പങ്കുവെച്ചിരിക്കുന്നു. എന്നാൽ പ്രതിഷ്ഠകളിൽ കൂടുതൽ പഴക്കം സുദർശന മൂർത്തിക്കാണുള്ളത്. ഇതിൽ വടക്കുവശത്ത് നരസിംഹമൂർത്തിയും തെക്കുവശത്ത് സുദർശനമൂർത്തിയുമാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.
PC:Dvellakat
പ്രതിഷ്ഠകളുടെ വിശ്വാസങ്ങൾ
ഇവിടുത്തെ രണ്ടു പ്രതിഷ്ഠകൾക്കും പല കഥകളും വിശ്വാസങ്ങളുമുണ്ട്. ചതുർബാഹു വിഷ്ണുവിഗ്രഹത്തിലാണ് സുദർശന മൂർത്തിയെ ആരാധിക്കുന്നത്. എന്നാൽ, അഞ്ജനശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹത്തിലാണ് നരസിംഹമൂർത്തിയുടെ പ്രതിഷ്ഠയുള്ളത്. വാരണാസിയിൽ നിന്നാണ് ഇവിടുത്തെ നരസിംഹ പ്രതിഷ്ഠ എത്തിയിട്ടുള്ളത് എന്നാണ് വിശ്വാസം. ശങ്കരാചാര്യരുടെ ശിഷ്ൻ പദ്മപാദർ പൂജിച്ചിരുന്ന വിഗ്രഹമാണ് കാശിയിൽ നിന്നും കൊണ്ടുവന്ന് ഇവിടെ ആരാധിക്കുന്നതെന്നാണ് വിശ്വാസം.
PC:RajeshUnuppally
ഉത്സവങ്ങൾ
ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും ഒരുപാട് പ്രാധാന്യം ക്ഷേത്രത്തില് കാണാം. തുലാമാസത്തിലെ ദീപാവലിയോട് അനുബന്ധിച്ചാണ് പ്രധാന ഉത്സവം വരുന്നത്. അഷ്ടമി രോഹിണി, വിഷു, മകരസംക്രാന്തി , ഏകാദശി തുടങ്ങി നിരവധി ആഘോഷങ്ങള്‍ ക്ഷേത്രത്തിൽ നടക്കാറുണ്ട്.
PC: Dvellakat