ചതയം നക്ഷത്രം
ജ്യോതിഷത്തിലെ 24-ാം നക്ഷത്രമാണ് ചതയം. പെട്ടന്നാർക്കും പിടികൊടുക്കാത്ത ആളുകളായാണ് പൊതുവെ ചതയം നക്ഷത്രത്തിൽ ജനിച്ചവരെ കണക്കാക്കുന്നത്. തങ്ങളെക്കുറിച്ച് മറ്റുള്ളവർക്കു മുന്നിൽ അധികം തുറക്കാത്ത നക്ഷത്രക്കാരാണ് ഇവർ. ഇവരെ ചുറ്റി നിഗൂഢതകൾ ഉണ്ടെന്നു തോന്നിയാൽ പോലും സംശയിക്കുവാൻ കഴിയാത്ത പോലെ മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ കഴിയാത്തവരാണിവർ. സത്യത്തിൽ വിശ്വസിക്കുകയും സത്യസന്ധരായി ജീവിക്കുകയും ചെയ്യുന്ന ചതയ നക്ഷത്രക്കാർ ധർമ്മിഷ്ഠരും കൂടിയാണ്. ഒരു കാര്യം ചെയ്യണമെന്നു കരുതിയാൽ അതുപൂർത്തീകരിക്കുന്നവരാണ് ഈ രാശിയിൽ ജനിച്ചവർ. നിങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കുവാൻ നിങ്ങൾ എല്ലായ്പ്പോഴും തയ്യാറാണ്. കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ഈ നക്ഷത്രക്കാർ ടീം വർക്കിനേക്കാൾ സ്വന്തമായി പ്രവർത്തിക്കുവാനാണ് ഇഷ്ടപ്പെടുന്നത്.
ചതയം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം
തൃശൂരിലെ പ്രസിദ്ധമായ വടക്കുംനാഥൻ ക്ഷേത്രമാണ് ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. തൃശൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിൽ ഒന്നാമത്തേതു കൂടിയാണ്. എന്നാൽ ഒരുകാലത്ത് ഇത് ബുദ്ധ ക്ഷേത്രമായിരുന്നു എന്നും കരുതപ്പെടുന്നു. ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് വടക്കുംനാഥ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.
PC:Challiyan
വടക്കേ അറ്റത്തെ ശിവൻ
മൂന്നു പ്രധാന പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. എന്നാൽ വടക്കുംനാഥ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശിവനെയാണ് വടക്കുംനാഥനായി ആരാധിക്കുന്നത്. പരമശിവൻ, രാമസ്വാമി, ശങ്കരനാരായണമൂർത്തി എന്നീ മൂന്നുപേരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. അതിൽ ശിവൻ വടക്കുഭാഗത്തും ശ്രീരാമൻ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും വാഴുന്നുവെന്നാണ് വിശ്വാസം. എന്നാൽ ക്ഷേത്രപാരമ്പര്യങ്ങൾ പ്രാധാന്യം നല്കുന്നത് വടക്കുഭാഗത്തെ പ്രതിഷ്ഠയ്ക്കാണ്. വടക്കിന്റെ നാഥന് പിന്നീട് വടക്കുംനാഥനായി മാറുകയായിരുന്നു.
PC:Adarsh Padmanabhan
കലിശില
വടക്കുംനാഥ ക്ഷേത്ര വിശ്വാസങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒന്നാണ് ഇവിടുത്തെ കലിശില. പടിഞ്ഞേറെ ഗോപുരം വഴി ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോഴാണ് ഇത് കാണുവാൻ സാധിക്കുന്നത്. സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. ഓരോ ദിവസംചെല്ലുംതോറും ഈ ശില വളരുന്നുണ്ടെന്നും എന്നാണോ ഇത് പടിഞ്ഞാറേ ഗോപുരത്തിന്‍റെയത്രയും ഉയരത്തിലെത്തുന്നത്, അന്ന് ലോകം അവസാനിക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
PC:Shijan Kaakkara
ദക്ഷിണ കൈലാസം
വിശ്വാസികൾ വടക്കുംനാഥ ക്ഷേത്രത്തെ ദക്ഷിണ കൈലാസം എന്നാണ് വിളിക്കുന്നത്. ഇതിനു കാരണം ഇവിടുത്തെ നെയ്മലയാണ്. ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന വടക്കേ അറ്റത്തെ ശ്രീകോവിലിലെ ശിവലിംഗത്തിൽ നെയ്യാണ് അഭിഷേകത്തിനുപയോഗിക്കുന്നത്. ഇത് നീക്കം ചെയ്യാറില്ലെന്നു മാത്രമല്ല, ഇതിനു മുകളിലായി നെയ്യഭിഷേകവും നടത്തുന്നു. അങ്ങനെ ശിവലിംഗത്തിന്റെ സ്ഥാനത്ത് ഒരു വലിയ മലപോലയാണ് കാണപ്പെടുന്നത്. അങ്ങനെ നെയ്മല എന്നറിയപ്പെടുന്നു. കൈലാസപർവ്വതത്തെ സൂചിപ്പിയ്ക്കുന്നതാണ് നെയ്മല എന്നാണ് വിശ്വാസം.
PC: Shijan Kaakkara
മഹാഗോപുരങ്ങള്
കേരളത്തിൽ ഏറ്റവും വലിയ മതിൽക്കെട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് വടക്കുംനാഥന്‍ ക്ഷേത്രം. 20 ഏക്കര്‍ വിസ്താരമേറിയതാണത്രെ ഈ ക്ഷേത്രം. നാലു ദിശകളിലേക്കുമായി നാല് മഹാ ഗോപുരങ്ങൾ ഇവിടെ കാണാം. ശ്രീകൃഷ്ണൻ, അയ്യപ്പൻ, ഹനുമാൻ (സങ്കല്പം), വേട്ടേയ്ക്കരൻ, നന്ദികേശ്വരൻ, പരശുരാമൻ, സിംഹോദരൻ, ആദിശങ്കരാചാര്യർ, ഋഷഭൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകൾ.
ക്ഷത്രയവധം നടത്തി എന്ന പാപമുണ്ടായിരുന്ന പരശുരാമൻ തന്റെ പാപപരിഹാരങ്ങളുടെ ഭാഗമായാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷത്രിയർക്ക് ഇവിടെ പ്രവേശനമില്ലത്രെ.
PC:Aruna
തിങ്കളാഴ്ച വരാം
വടക്കുംനാഥ ദർശനത്തിന് ഏറ്റവും യോജിച്ച സമയം എന്നത് തിങ്കളാഴ്ചകളാണ് എന്നാണ് വിശ്വാസം. രാവിലെ നെയ്യഭിഷേകവും വൈകിട്ട് ശംഖാഭിഷേകവുമാണു പ്രധാനപ്പെട്ട അഭിഷേകങ്ങൾ. ഇവിടുത്തെ തൃപ്പുക തൊഴൽ വളരെ പ്രസിദ്ധമാണ്. അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ദേവന്മാർ ഈ സമയത്ത് വടക്കുംനാഥ സന്നിധിയിൽ എത്തുമത്രെ.
PC:T M Cyriac