ബെംഗളുരുവിൽ നിന്നും യാത്രകൾ പ്ലാൻ ചെയ്യാൻ അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ഏതെങ്കിലും ഒരു അവധിയോ ആഘോഷങ്ങളോ വിശേഷ ദിവസങ്ങളോ വരുന്നുണ്ടെന്ന് കേട്ടാൽ പിന്നെ യാത്രയുടെ തിരക്കുകളാണ്. ചെറുതോ വലുതോ ആവട്ടെ, ഒരു യാത്ര പോയിരിക്കണം എന്നതാണ് ലൈൻ. ഇനി വരുന്നത് ബുദ്ധപൂർണ്ണിമ ദിവസമാണ്.
ബുദ്ധമത വിശ്വാസികൾ ശ്രീബുദ്ധന്‍റെ ജൻമദിനമായി ആഘോഷിക്കുന്ന ബുദ്ധപൂർണ്ണിമയുടെ വാരാന്ത്യത്തിൽ ബെംഗളുരുവിൽ നിന്ന് യാത്ര പോയാലോ. വാരാന്ത്യ യാത്രയായതിനാൽ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് വരുന്ന വിധത്തിലുള്ള യാത്രകളാവും നല്ലത്. ഇതാ ബാംഗ്ലൂരിൽ നിന്നും പോയി വരാൻ പറ്റിയ വാരാന്ത്യ യാത്രകൾ നോക്കാം.

വയനാട് (278 km)
ബാംഗ്ലൂരിൽ നിന്ന് എപ്പോൾ വേണമെങ്കിലും പോകാൻ സാധിക്കുന്ന എളുപ്പസ്ഥലമാണ് വയനാട്. കാടും മലയും കുന്നും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും ക്യാംപിങ്ങും ട്രെക്കിങ്ങും എല്ലാം ചേരുന്ന വയനാട്ടിലേക്ക് ഒരു രണ്ടു രാത്രിയെങ്കിലും ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ വേണം വരുവാൻ. ബാംഗ്ലൂർ- മൈസൂർ എക്സ്പ്രസ്വേ വന്നതോടെ ഇവിടേക്കുള്ള യാത്രയും എളുപ്പമായിട്ടുണ്ട്.
മഴയായതിനാൽ പച്ചപ്പിനും വെള്ളച്ചാട്ടങ്ങൾക്കുമെല്ലാം പതിവിലും ഇരട്ടി ഭംഗി പ്രതീക്ഷിക്കാം. കയാക്കിങും ട്രെക്കിങും പോലുള്ള സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുവാനും മറക്കരുത്. എന്നാൽ നിലവിലെ മഴ കാരണം പലയിടങ്ങളിലും പ്രവേശനത്തിന് വിലക്കുണ്ട്. അത് മുൻകൂട്ടി അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ട് വേണം യാത്ര പ്ലാൻ ചെയ്യാൻ.
ഹൊഗെനക്കൽ (125 km)
കർണ്ണാടകയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം ഈ വരാന്ത്യ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലേക്ക് ബെംഗളരുവിൽ നിന്നും വെറും 125 കിലോമീറ്ററേയുള്ളൂ. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലെ ഹൊഗെനക്കൽ ശരിക്കും പത്ത് വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ്. കാവേരിനദിയിലൂടെ വട്ടത്തോണിയിലുള്ള യാത്രയാണ് ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം.
കൂര്‍ഗ് (242 km)
ബാംഗ്ലൂരിൽ നിന്ന് ഏത് യാത്ര പ്ലാൻ ചെയ്താലും അതിലൊന്ന് കൂർഗിലേക്കായിരിക്കും. അത്രയ്ക്കുണ്ട് ബെംഗളുരു നിവാസികൾക്ക് കൂർഗിനോടുള്ള സ്നേഹം. ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗ് പച്ചപ്പിനും മലനിരകള്‍ക്കും കാപ്പിത്തോട്ടങ്ങൾക്കുമെല്ലാം പേരുകേട്ടതാണ്. വൈറ്റ് വാട്ടർ റാഫ്റ്റിംഗ് , എസ്റ്റേറ്റിലെ താമസം, ഗ്രാമീണ റോഡുകളിലൂടെ സൈക്കിൾ സവാരി എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.
നാഗർഹോളെ ദേശീയോദ്യാനം (201 km)
പ്രകൃതിയോട് ചേർന്നുള്ള കാഴ്തകൾ കാണാനാണ് ഈ വാരാന്ത്യം നിങ്ങൾ ചെലവഴിക്കുന്നതെങ്കിൽ നാഗർഹോളെ ദേശീയോദ്യാനം തിരഞ്ഞെടുക്കാം. കർണാടകയിൽ കൊടഗു , മൈസൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാഗർഹോളെ ദേശീയോദ്യാനം. ആന, കരടി, കാട്ടുപോത്ത്, കടുവ, പുലി, വിവിധയിനം മാനുകൾ കാട്ടുപന്നി തുടങ്ങിയവ ഇവിടെ ധാരാളം വസിക്കുന്നു. ഈ പാർക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടിയാണ് കബനി നദി ഒഴുകുന്നത്.
കബിനിയിലും (കാരപുര) ഹുൻസൂരിന് സമീപത്തുള്ള വീരനഹള്ളിയിലുമാണ് ദേശീയോദ്യാനത്തിലേക്കുള്ള കവാടങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














