നിർമ്മികളുടെ കാര്യത്തിൽ എന്നും അത്ഭുതപ്പെടുത്തുന്നത് ഗൾഫ് രാജ്യങ്ങളാണ്. ആകാശത്തെ തൊട്ടു നിൽക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. അതിലെ രാജാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, അത് ബുർജ് ഖലീഫയാണ്. ഒരു പതിറ്റാണ്ടോളമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ബുർജ് ഖലീഫ ആർക്കും വിട്ടുകൊടുത്തിട്ടുമില്ല. ഇപ്പോഴിതാ , ഉയരത്തിന്‍റെ കാര്യത്തിൽ ബുർജ് ഖലീഫയെ കടത്തിവെട്ടുന്ന ഒരു നിർമ്മിതിയുമായി വരാൻ പോവുകയാണ് കുവൈറ്റ്. ബുര്‍ജ് മുബാറക് അല്‍ കബീര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി ഇത് മാറും.

PC: Dovi
ബുര്‍ജ് മുബാറക് അല്‍ കബീര്‍
ബുര്‍ജ് മുബാറക് അല്‍ കബീര്‍ കുവൈററ് നിർമ്മിക്കുവാനൊരുങ്ങുന്ന വാർത്ത വന്നതു മുതൽ ലോകം അതിശയത്തിലാണ്. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സിൽക്ക് സിറ്റി അഥവാ മദീനത്ത് അൽ ഹരീരിൽ ആണ് ബുര്‍ജ് മുബാറക് വരിക. 1001 മീറ്റർ (3284 അടി) അഥവാ ഒരു കിലോമീറ്റർ ഉയരത്തിലാണ് ബുർജ് മുബാറക് നിർമ്മിക്കുക. ബുർജ് ഖലീഫയുടെ ഉയരം 828 മീറ്റർ ആണ്. ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച 'ആയിരത്തൊന്നു രാവുകൾ' എന്ന അറബി നാടോടിക്കഥകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണത്രെ ബുർജ് മുബാറക്കിന്റെ ഉയരം 1001 മീറ്ററാക്കിയത്.
ഇത്രയും ഉയരം ഉള്ളതുകൊണ്ടുതന്നെ പ്രത്യേകത നിറഞ്ഞതാണ് ഇതിന്‍റെ രൂപകല്പന. കാറ്റിനെ നേരിടുവാൻ പ്രാപ്തമായ രീതിയിൽ മൂന്നു ടവറുകൾ അല്പം വളഞ്ഞു, ചേർന്നു നിൽക്കുന്ന രീതിയിലാവും നിർമ്മിക്കുക. സിൽക്ക് സിറ്റിയുടെ ഹൃദയഭാഗത്തായാണ്
ബുര്‍ജ് മുബാറക് അല്‍ കബീര്‍ നിർമ്മിക്കുന്നത്.

25 വർഷം
ഏകദേശം 25 വർഷത്തോളം വേണ്ടിവരും ബുർജ് മുബാറക്കിന്റെ നിർമ്മാണം പൂർത്തിയാകുവാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 234 നിലകളിലായി നിർമ്മിക്കുന്ന ഇതിൽ ഒരേസമയം 7000 ആളുകൾക്ക് താമസിക്കാന്‍ സാധിക്കും. ഓഫീസുകൾ, വിനോദത്തിനായുള്ള പ്രത്യേകം സ്ഥലങ്ങള്‍, ഹോട്ടലുകൾ തുടങ്ങി ആവശ്യമായ എല്ലാം ഇതിലൊരുങ്ങും. ഇതെല്ലാം ഉൾപ്പെടുന്ന ഏഴ് വെർട്ടിക്കൽ വില്ലേജുകൾ ഇതിന്റെ ഭാഗമായി വരും.
ബുര്‍ജ് മുബാറക് അല്‍ കബീര്‍ - ചെലവ്
25000 കോടി കുവൈറ്റ് ദിനാർ ആണ് ബുര്‍ജ് മുബാറക് അല്‍ കബീര്‍ നിർമ്മിക്കുന്നതിന്‍റെ ചിലവായി കണക്കാക്കിയിരിക്കുന്നത് (6.69 ലക്ഷം കോടി രൂപ). ഇസ്സാമിക മിനാരങ്ങളുടെ രൂപകല്പനയിൽ നിന്നും പ്രചോദനം സ്വീകരിച്ചുള്ള നിർമ്മാണ രീതിയാവും ഇതിന്‍റേത്. സ്പാനിഷ് ആര്‍കിടെക്ട് സാന്‍റിയാഗോ കലത്വാരയാണ് ബുര്‍ജ് മുബാറക് ഡിസൈൻ ചെയ്തിരിക്കുന്നത്.

സിൽക്ക് സിറ്റി പ്രോജക്ട്
കുവൈറ്റ് സിറ്റിയിലെ സുബിയയിലാണ് സിൽക്ക് സിറ്റിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. 250 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രോജക്ടിൽ സ്കൂളുകൾ, താമസസ്ഥലങ്ങൾ, ആശുപത്രികൾ, എന്നിവയെല്ലാം ഉൾപ്പെടും. സിൽക്ക് സിറ്റിയുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന് കൂടുതൽ വരുമാന മാര്‍ഗ്ഗങ്ങളം നിക്ഷേപങ്ങളും ഇവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തേടിയെത്തുമെന്നാണ് പ്രതീക്ഷ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












