ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ നീരേറ്റുപുറം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിലൊന്നാണ്. ദേവിയെ മാതൃരൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ . വനശൈലാദ്രിവാസിനിയായ ശ്രീ ദുർഗ്ഗാസങ്കൽപ്പത്തിൽ ആണ് ദേവിയുള്ളത്. എട്ടു കരങ്ങളുള്ള ദേവിയാണ് ചക്കുളത്തുകാവിലമ്മ എന്നാണ് വിശ്വാസം. പ്രാർത്ഥിച്ച് സഹായം തേടിയെത്തുന്ന ഒരാളെപ്പോലും നിരാശരാക്കാതെ, ഐശ്വര്യവും സമൃദ്ധിയും വാരിക്കോരി നല്കുന്ന ചക്കുളത്തുകാവിലമ്മയുടെ സന്നിധി കേരളത്തിലെ പ്രധാന തീർത്ഥാടന സ്ഥാനം കൂടിയാണ്. ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ക്ഷേത്രമുള്ളത്.
സ്ത്രീകളുടെ ശബരിമല
ചക്കുളത്തുകാവ് ക്ഷേത്രം അറിയപ്പെടുന്നത് സ്ത്രീകളുടെ ശബരിമല എന്നാണ്. നാരീപൂജയ്ക്ക് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ സ്ത്രീകളുടെ പാദം കഴുകി ആദരിക്കുന്ന സവിശേഷമായ ഒരു ചടങ്ങുണ്ട്. മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ പൊങ്കാല എന്നാണ് ഇവിടം അറിയപ്പെടുന്നത്.
നാരദമുനിയും ആദിപരാശക്തിയും പിന്നെ വേടനും
ചക്കുളത്ത്കാവ് ക്ഷേത്രത്തിന്‍റെ ഐതിഹ്യം തുടങ്ങുന്നത് ഒരു വേടനിൽ നിന്നാണ്. ഒരിക്കൽ ഇവിടുത്തെ കാടിനു സമീപം വിറകുവെട്ടാൻ പോയ ഇദ്ദേഹത്തെ ഒരു സർപ്പം ഇദ്ദേഹത്തെ കൊത്താനായി വന്നുവത്രെ. വേടൻ ഉടൻതന്നെ രക്ഷപെടാനായി വെട്ടിയെങ്കിലും സപർപ്പം രക്ഷപെട്ടു പോയി. കുറച്ചുകഴിഞ്ഞ് ഇതേ സർപ്പത്തെ കുളക്കരയിൽ ഒരു പുറ്റിനു മുകളിൽ കാണുകയും വീണ്ടും അതിനെ വെട്ടുവാൻ നോക്കുകയും ചെയ്തു. എന്നാൽ ഇത്തവണ ആ വെട്ടുകൊണ്ടത് അതിരുന്ന ചിതൽപ്പുറ്റിനാണ്. പുറ്റ് പൊട്ടുകയും വലിയൊരു ജലപ്രവാഹം ഉണ്ടാവുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവിടെ നിന്ന വേടനു മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ആ ഒഴുക്ക് അവസാനിക്കുമെന്ന് പറഞ്ഞു. പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ചാൽ ഒരു വിഗ്രഹം കാണാൻ സാധിക്കുമെന്നും പറഞ്ഞ് പുറ്റുടച്ച് വിഗ്രഹം പുറത്തെടുത്തതിനു ശേഷം അദ്ദേഹം അപ്രത്യക്ഷനായി. പിന്നീട് വേടന് തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് നാരദമുനിയാണെന്നു ദര്‍ശനമുണ്ടായി. അന്നു കണ്ട ഈ വിഗ്രമാണ് ഇവിടെ ക്ഷേത്രത്തിൽ പൂജിക്കുന്നതെന്നാണ് വിശ്വാസം. അതിനുശേഷം വേടനും കുടുംബവും ഇവിടെത്തന്നെ താമസമാക്കുകയും തങ്ങൾ തയ്യാറാക്കുന്ന ഭക്ഷണത്തിന്‍റെ ഒരു വിഹിതം ദേവിക്ക് നല്കിപ്പോരുകയും ചെയ്തുവന്നു. എന്നാൽ ഒരിക്കൽ ഇവർക്ക് സമയത്ത് ഭക്ഷണവുമായി വരുവാൻ സാധിച്ചില്ല. എന്നാൽ അവരവിടെ എത്തിയപ്പോഴേക്കും നിറയെ ഭക്ഷണം പാചകം ചെയ്തുവെച്ചിരിക്കുന്നതു കണ്ടു. തങ്ങൾക്കായി ഭക്ഷണം നല്കിയത് ദേവിയാണെന്നു മനസ്സിലാക്കിയ അവർ ഉച്ചത്തിൽ പ്രാർത്ഥിച്ചപ്പോൾ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കൊപ്പം എന്നുമുണ്ടായിരിക്കുമെന്ന് ദേവിയുടെ അശരീരിയുണ്ടായി. പിന്നീട് ഈ വേടന്‍ അവിടംവിട്ടു പോവുകയും ബ്രാഹ്മൺ താമസമാക്കുകയും ചെയ്തുവെത്രെ. (കടപ്പാട്:വിക്കിപീഡിയ മലയാളം)
പമ്പാ നദിക്കും മണിമലയാറിനും ഇടയിൽ
കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ക്ഷേത്രം നീരേറ്റുപുറം ഗ്രാമത്തിന്റെ നടുവിലായാണുള്ളത്. പമ്പാനദിയും മണിമലയാറും ക്ഷേത്രത്തിന്റെ തെക്കും വടക്കം ദിശകളിലായി ഒഴുകുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ മൂന്നുജില്ലകളുടെ അതിർത്തിയോട് ചേർന്നാണ് ക്ഷേത്രമുള്ളത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഇവിടുത്തെ കാട്ടിലെ കുളത്തിലെ വെള്ളത്തിന് നേരത്തെ ശർക്കര അഥവാ ചക്കരയുടെ രുചിയായിരുന്നുവത്രെ. അങ്ങനെ ഇവിടം ചക്കരക്കുളമെന്നും പിന്നീടത് ചക്കുളമെന്നും ചക്കുളത്ത് കാവെന്നുമായി മാറിയെന്നാണ് സ്ഥലനാമചരിതം.
ആഘോഷങ്ങളും ഉത്സവങ്ങളും
വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിലെ പൊങ്കാല കൂടാതെ കളമെഴുത്തും പാട്ട്, പന്ത്രണ്ടു നോയമ്പ് മഹോത്സവം, മദ്യവിമുക്ത പ്രതിജ്ഞ എടുക്കുന്ന വിളിച്ചുചൊല്ലി പ്രാർത്ഥന , കന്നിമാസത്തിലെ നവരാത്രി മഹോത്സവം,വിജയദശമിനാളിലെ വിദ്യാരംഭവും ആണ് ഇവിടുത്തെ പ്രധാനപ്പെട്ട ചടങ്ങുകൾ.
ചക്കുളത്തുകാവ് പൊങ്കാല
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയിൽ നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേക ആരാധനയാണിത്. അന്ന് വേടനും കുടുംബത്തിനും ദേവി ഭക്ഷണം തയ്യാറാക്കി നല്കിയതിന്‍റെ ഓർമ്മയിലാണ് ഇവിടുത്തെ പൊങ്കാല ആചരിക്കുന്നതെന്നാണ് വിശ്വാസം. സ്ത്രീകളാണ് പൊങ്കാലയിടുന്നത്. പുത്തൻ കലങ്ങളിൽ സമർപ്പിക്കുന്ന പൊങ്കാലഈ നാടിന്റെ ആഘോഷമാണ്.
ചക്കുളത്തുകാവ് പൊങ്കാല 2022
ഡിസംബർ 7 ബുധനാഴ്ചയാണ് ചക്കുളത്തുകാവ് പൊങ്കാല നടക്കുന്നത്. പുലർച്ചെ നാലു മണിക്ക് ഗണപതി ഹോമത്തോടു കൂടി പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമാവും.8 മണിക്ക് ഭദ്രദീപ പ്രകാശനം 8.15 ന് വിളിച്ചു ചൊല്ലി പ്രാർഥന. അതിനു ശേഷം ക്ഷേത്രം തന്ത്രി രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് അഗ്നി പകർന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിക്കു കൈമാറും. തുടർന്ന് ക്ഷേത്രത്തിനു മുന്നിൽ ഒരുക്കുന്ന പണ്ടാര അടുപ്പിലേക്കു അഗ്നി പകരും. അതിനു ശേഷം പൊങ്കാലയടുപ്പിൽ അഗ്നിപകരൽ എന്നിങ്ങനെയാണ് ചടങ്ങുകൾ. തുടർന്ന് പൊങ്കാല നിവേദ്യവും പ്രസാദവിതരണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30ന് ഉച്ചദീപാരാധനയും ദിവ്യാഭിഷേകവും, വൈകിട്ട് 5.00ന് സാംസ്കാരിക സമ്മേളനം, വൈകിട്ട് ആറിന് തൃക്കാർത്തിക വിളക്ക് കാർത്തിക സ്തംഭം കത്തിക്കൽ എന്നിവയാണ് ചടങ്ങുകൾ.
കാര്‍ത്തിക സ്തംഭം
പൊങ്കാല നാളില്‍ നടക്കുന്ന ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണ് കാർത്തിക സ്തംഭം. തിൻമയുടെയും നാശത്തിന്‍റെയും അധർമ്മത്തിന്റയും ഒക്കെ പ്രതീകമായാണ് കാര്‍ത്തിക സ്തംഭത്തെ കണക്കാക്കുന്നത്. . പൊക്കമുള്ള തൂണിൽ വാഴക്കച്ചി, പഴയ ഓലകൾ, പടക്കം, ദേവിയ്ക്ക് ചാർത്തിയ ഒരു വർഷത്തെ ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടുകയാണ് ആദ്യം ചെയ്യുന്നത്. അതിലേക്ക് നാട്ടിലെ സർവ്വ തിന്മകളെയും പാപങ്ങളെയും ആവാഹിച്ച് അത് കത്തിക്കുന്നു, അന്നത്തെ ദീപാരാധനയ്ക്കു തൊട്ടുമുൻപായാണ് ഇത് കത്തിക്കുന്നത്. അങ്ങനെ നാടിന് എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തവണത്തെ പൊങ്കാലയ്ക്ക് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലായി ഒന്നരലക്ഷം അടുപ്പുകളിൽ ഏകദേശം 70 കിലോമീറ്ററിലധികം നീളത്തിൽ പൊങ്കാല നിവേദ്യം അർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.
കെഎസ്ആർടിസി സർവ്വീസുകൾ
ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. ഗുരുവായൂർ മുതൽ തിരുവനന്തപുരം വരെയുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നുമാണ് പ്രത്യേക സർവീസുകളുള്ളത്.
തിരുവല്ലയിൽ നിന്നു ഡിസംബർ 6,7 തിയതികളിലും എടത്വായിൽ നിന്നു ആലപ്പുൻയിൽ നിന്നും കിടങ്ങറ മുട്ടാർ വഴിയുംമെല്ലാം പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്.
എത്തിച്ചേരുവാൻ
തിരുവല്ലയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ചക്കുളത്ത്കാവ് ക്ഷേത്രമുള്ളത്. ട്രെയിനിൽ വരുന്നവർക്ക് തിരുവല്ല അല്ലെങ്കിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി ഇവിടേക്ക് വരാം.