നീണ്ടകാലത്തെ തീർത്ഥാടന കാലത്തിന് ശൈത്യകാലത്തെ വിശ്രമത്തിനായി കേഥാർനാഥ് ക്ഷേത്രത്തിന്‍റെയും യമുനോത്രിയുടെയും ഗംഗോത്രിയുടെയും വാതിലുകൾ അടഞ്ഞു. ഗര്‍വാൾ ഹിമാലയത്തിലെ ചാർധാം തീർത്ഥാടന കേന്ദ്രങ്ങളായ യമുനോത്രിയും കേഥാര്‍നാഥ് ക്ഷേത്രവും ബുധനാഴ്ചയാണ് അടച്ചത്. ശിവന് സമർപ്പിച്ചിരിക്കുന്ന കേദാർനാഥിന്റെ വാതിലുകൾ രാവിലെ 8:30 നും യമുനോത്രിയുടെ വാതിലുകൾ 11:57 നും അടച്ചു. ചൊവ്വാഴ്ച ഗംഗോത്രി ക്ഷേത്രവും അടച്ചു.
ശൈത്യകാലത്തെ അതിശക്തമായ മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഇപ്പോൾ കേദാർനാഥിലെ വാർത്തകൾ. നാലിഞ്ച് കനത്തോളം കട്ടിയിലാണ് ഇവിടെ മഞ്ഞുവീണു കിടക്കുന്നത്. ശ്രീകോവിലിന് സമീപം ഇത്രയും മഞ്ഞുവീഴ്ച ഉണ്ടായിട്ടും നൂറുകണക്കിന് വിശ്വാസികൾ ക്ഷേത്രം അടയ്ക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുവാനായി എത്തിയിരുന്നുവെന്ന് അധികൃർ അറിയിച്ചു.
കേദാർനാഥിൽ നടന്ന സമാപന ചടങ്ങിൽ 2500-ലധികം തീർഥാടകർ പങ്കെടുത്തതായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് പറഞ്ഞു.

ഇനി ആരാധന ഉഖീമഠിൽ
ശൈത്യകാലത്ത് കേദാർനാഥ് ക്ഷേത്രത്തിൽ പൂജകൾ നടക്കില്ല. പകരം കേദാർനാഥന്‍റെ പഞ്ചമുഖി ഉത്സവ് ഡോലി ഉഖിമഠിലെ ക്ഷേത്രം അഥവാ തീർത്ഥാടന കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. തണുപ്പുകാലത്ത് മധ്യമഹേശ്വർ ക്ഷേത്രത്തിലെയും കേദാർനാഥിലെയും ഉത്സവ പ്രതിഷ്ഠകൾ സൂക്ഷിക്കുന്നതും ആരാധന നടത്തുന്നതും ഉഖിമഠത്തിലാണ്. കാലങ്ങളായി ഇങ്ങനെ തന്നെയാണ് ഇവിടുത്തെ രീതികൾ. ആറു മാസത്തോളം കാലം കേദാർനാഥിനെ ഇവിടെ സൂക്ഷിച്ചാണ് ആരാധന നടത്തുന്നത് .
പൂജകൾ നടത്തുന്ന നാരദ മഹർഷി
കേദാർനാഥ് ക്ഷേത്രം ശൈത്യകാലത്ത് ആറുമാസത്തോളം കാലം പൂട്ടിയിടുമ്പോഴൾ അവിടെ പൂജകൾ മുടങ്ങാതെ നടത്തുന്നത് നാരദ മഹർഷി ആണെന്നാണ് വിശ്വാസം. അതു കൂടാതെ ക്ഷേത്രം അടയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിനുള്ളിൽ കത്തിക്കുന്ന ദീപം പിന്നീട് ആറു മാസങ്ങൾക്കു ശേഷം വീണ്ടും തുറക്കുന്ന സമയം വരെ ജ്വലിച്ചു നിൽക്കുന്നതായി കാണാമെന്നാണ് പറയപ്പെടുന്നത്. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രം കൂടിയാണ് കേദാർനാഥ ക്ഷേത്രം.

യമുനോത്രി ക്ഷേത്രം
ചാർധാം സർക്യൂട്ടിന്റെ ഭാഗമായ യമുനോത്രി ക്ഷേത്രത്തിലെ ഈ വർഷത്തെ തീർത്ഥാടനവും അവസാനിച്ചിരിക്കുകയാണ്. ഇനി ഉത്തരകാശി ജില്ലയിലെ ഖർസാലി ഗ്രാമത്തിലെ ശീതകാല വസതിയായ ഖുശിമഠിൽ ആണ് ആറുമാസക്കാലത്തോളം യമുനാദേവിയെ ആരാധിക്കുന്നത്.
ബദരീനാഥ് ക്ഷേത്രം
ബദരീനാഥ് ധാമിന്റെ വാതിലുകൾ നവംബർ 18 നും അടയ്ക്കും. മഞ്ഞുവീഴ്ചയും ശൈത്യകാലത്തെ കഠിനമായ തണുപ്പും കാരണം, ചാർധാമിന്റെ വാതിലുകൾ എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭക്തർക്കായി അടച്ചിടുകയും ഏപ്രിൽ-മെയ് മാസങ്ങളിൽ വീണ്ടും തുറക്കുകയും ചെയ്യുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














