ഒരു നാടിന്‍റെ മുഴുവൻ ഐശ്വര്യങ്ങളുടെയും കേന്ദ്രമായി നിലനിൽക്കുന്ന ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. മഹാദേവനൊപ്പം അനുഗ്രഹം വർഷിച്ചു നിൽക്കുന്ന പാർവ്വതി ദേവി.
മനസ്സു തുറന്ന് വിശ്വസിച്ച് പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന ദേവിയുടെ തൃപ്പൂത്താറാട്ട് വീണ്ടും വന്നിരിക്കുകയാണ്. ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കുന്ന ആറാട്ടിൽ പങ്കെടുത്ത് പ്രാർത്ഥിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്.
മഹാദേവനൊപ്പം ദേവിയും വാഴുന്ന ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം, ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഒരേ ശ്രീകോവിലിൽ പരസ്പരം അഭിമുഖമായി, അർധനാരീശ്വര സങ്കല്പത്തിൽ വാഴുന്ന മഹാദേവനും പാർവ്വതിയും ഈ നാടിന് ഐശ്വര്യം മാത്രമാണ് നല്കുന്നത്, മഹാദേവന്‍റെ പേരിലാണ് പ്രതിഷ്ഠയെങ്കിലം പ്രാധാന്യവും പേരും ഇവിടുത്തെ ദേവിക്കുതന്നെയാണ്.

ചെങ്ങന്നൂരിലെ തൃപ്പൂത്താറാട്ട്
വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുന്ന ദിവസങ്ങളാണ് ദേവിയുടെ തൃപ്പൂത്താറാട്ട്. ദേവി രജസ്വലയാകുന്നതും തുടർന്നുള്ള ആഘോഷങ്ങളും ആറാട്ടും ഈ നാടിന്‍റെ തന്നെ ആഘോഷമണ്. ആർത്തവത്തിന്‍റ പേരിൽ അശുദ്ധയെന്നും അബലയെന്നും പറഞ്ഞ് സ്ത്രീയെ അകറ്റി നിർത്തുന്ന കേരളത്തിൽ തന്നെയാണ് ഇത് നടക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ദേവി രജസ്വലയാകുന്ന ദിവസങ്ങൾ
ക്ഷേത്രത്തിലെ നിത്യ പൂജകളുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ ദേവി രജസ്വലയായ അടയാളങ്ങൾ കണ്ടാൽ തൃപ്പൂത്താറാട്ടിനുള്ള ആഘോഷങ്ങൾ തുടങ്ങുകയായി. ആദ്യ മൂന്നു ദിവസങ്ങൾ ക്ഷേത്രത്തിന്റെ നടയടയ്ക്കുന്നതാണ് പതിവ്. പടിഞ്ഞാറേ നടയാണിങ്ങനെ അടയ്ക്കുന്നത്. തുടർന്ന് ഈ കാലയളവിലേക്കായി ദേവിയുടെ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും.

തൃപ്പൂത്താറാട്ട്
തൃപ്പൂത്തായ ശേഷം നാലാം ദിവസമാണ് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. നാലാം ദിവസം ദേവിയെ ആഘോഷപൂർവ്വം മിത്രപ്പുഴയിൽ കൊണ്ടുപോയി ആറാട്ട് നടത്തും. ആറാട്ടിനു ശേഷം കടവിലെ കുളിപ്പുരയിൽ ആനയിച്ചിരുത്തും, തുടർന്ന് ദേവിയെ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കും. ഇതേ സമയം തിരിച്ചെത്തുന്ന ദേവിയെ സ്വീകരിക്കാനായി മഹാദേവനും വരും, കിഴക്കേ ആനക്കൊട്ടിലിലേക്കാണ് ദേവനെത്തുന്നത്. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം പടിഞ്ഞാറേ നട വഴ ദേവി അകത്തേയ്ക്കെത്തുന്നു. മഹാദേവൻ കിഴക്കേ നടവഴിയും അകത്തേയ്ക്ക് വരുന്നു.
ഈ സമയത്തെല്ലാം ദേവിയെ സ്വീകരിക്കാനായി വിശ്വാസികൾ പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി നിൽക്കുന്നതും ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്. ഈ മലയാള വർഷത്തിൽ എട്ടം തവണയാണ് ദേവി തൃപ്പൂത്ത് ആകുന്നത്. ഇതിനെത്തുടർന്നുള്ള ആറാട്ട് ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കും.

ഹരിദ്രാപുഷ്പാഞ്ജലി
ചെങ്ങന്നൂരമ്മ തൃപ്പൂത്താകുന്ന സമയത്ത് നടത്തുന്ന പ്രത്യേക വഴിപാടാണ് ഹരിദ്രാപുഷ്പാഞ്ജലി. ദേവിയുടെ ഇഷ്ട വഴിപാടാണ് ഇതെന്നാണ് വിശ്വാസം, കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ഈ വഴിപാട് ഇല്ല. അപൂർവ്വമായ ഈ വഴിപാട് നേരാനും പ്രാർത്ഥിക്കാനും ദേവി തൃപ്പൂത്ത് ആകുന്ന നേരത്ത് ആയിരക്കണക്കിന് വിശ്വാസിൾ ഇവിടെ എത്തുന്നു. ക്ഷേത്രത്തിലെ ഉത്സവസമയത്ത് ഹരിദ്രാപുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ചാൽ അതാഗ്രഹവും ദേവിയുടെ സഹായത്താൽ നടക്കുമെന്നാണ് വിശ്വാസം.
തൃപ്പൂത്താറാട്ടിൽ ദേവിയെ ദർശിച്ചാൽ
തൃപ്പൂത്താറാട്ട് നടക്കുന്ന ദിവസങ്ങളിൽ ദേവിയെ ദർശിച്ചാൽ ആഗ്രഹങ്ങളൊക്കെയും സഫലമാകുമെന്നാണ് വിശ്വാസം. മനസ്സിലാഗ്രഹിക്കുന്നതു പോലും ദേവി നടത്തിതരുമത്രെ. വിവാഹതടസ്സങ്ങൾ മാറാനും സന്താനഭാഗ്യം ലഭിക്കാനുമെല്ലാം വിശ്വാസികൾ ഈ ദിവസങ്ങളിൽ ഇവിടേക്ക് വരുന്നു. ഈ ദിവസങ്ങളിൽ ഹരിദ്രാപുഷ്പാഞ്ജലി അര്‍പ്പിച്ചാലും പ്രത്യേക ഫലങ്ങൾ ലഭിക്കുമത്രെ. തൃപ്പൂത്തായ ദേവിയുടെ മുന്നിൽ യുവതികൾ വണങ്ങി പ്രാർത്ഥിക്കുന്ന ഒരു പതിവും നിലനിന്നു പോരുന്നു.

ചെങ്ങന്നൂർ ടൗണിനോട് വളരെ അടുത്തായാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റാൻഡിൽ നിന്ന് അരകിലോമീറ്ററും റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്ററും അകലത്തിലായാണ് ഈ ക്ഷേത്രമുള്ളത്.
Cover Image: Chengannur Mahadeva Temple WikiMedia
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












