പുതുച്ചേരിയെന്ന പോണ്ടിച്ചേരി, ആഘോഷങ്ങളുടെയും കൂടിച്ചേരലുകളുടെയും നഗരം, ബീച്ചും ഫൂഡും പിന്നെ പരിധിയില്ലാത്ത ആഘോഷങ്ങളും ചേരുമ്പോൾ അത് പോണ്ടിച്ചേരിയാകും. കാലങ്ങളായി സഞ്ചാരികളുടെയും ബാക്ക് പാക്കേഴ്സിന്‍റെയും സീസണൽ യാത്രികരുടെയുമെല്ലാം പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. പഴമയുടെയും പുതുമയുടെയും ഏറ്റവും മികച്ച സങ്കലനം ഒരുക്കുന്ന ഇവിടെ കണ്ടെത്തുവാനും കണ്ടറിയുവാനും അനുഭവിക്കുവാനും ഒരുപാട് വ്യത്യസ്തതകൾ കാത്തിരിക്കുന്നു.

എന്നാൽ, ഇനിമുതൽ പോണ്ടിച്ചേരി മൊത്തത്തിൽ മാറിമറിയുവാൻ പോവുകയാണ്. ഇതുവരെ കണ്ട പോണ്ടിച്ചേരിയും യാത്രകളും ഒന്നുമല്ല ഇനിയിവിടേയ്ക്ക് ആളുകളെ ആകർഷിക്കുന്നത്. അതൊരു ബസ് ആണ്. ചെന്നൈയിൽ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള ബിയർ ബസ്. ചരിത്ര നഗരത്തെ തീർത്തും വ്യത്യസ്തമായി ആസ്വദിക്കുവാനുള്ള ബിയർ ബസ് എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത് പോണ്ടിച്ചേരിയിലെ ആദ്യത്തെ മൈക്രോ ബ്രൂവറിയായ കാറ്റാമാറൻ ബ്രൂവിങ് ആണ്. പോണ്ടിച്ചേരിയിലെത്തുന്ന സഞ്ചാരികൾക്ക് തീർത്തും നവീനമായ ഒരു യാത്രാനുഭവം നല്കുക എനന് ഉദ്ദേശത്തിലാണിത്. ഏപ്രിൽ 22 ശനിയാഴ്ച സർവീസിന് തുടക്കമാകും.
ചെന്നൈയില് നിന്നു പോണ്ടിച്ചേരിയിലേക്കും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പിന് 3000 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. 3 കോഴ്സ് മീൽസ്, അൺലിമിറ്റഡ് ക്രാഫ്റ്റ് ബിയർ എന്നിവ ഈ നിരക്കിൽ ഉൾപ്പെട്ടിരിക്കുന്നു. മാത്രമല്ല, മൈക്രോബ്രൂവറിയിൽ ഒരു പേഴ്സണൽ ടൂറും ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് കമ്പനി നല്കും. ഏപ്രിൽ 22 ന് ഇത് ഉദ്ഘാടനം ചെയ്യും. തുടർന്ന് എല്ലാ ആഴ്ചാവസാനങ്ങളിലും സർവീസ് നടത്തുവാനാണ് ലക്ഷ്യം. ബിയർ ബസിൽ 40 പേർക്കാണ് ഒരു ട്രിപ്പിൽ സഞ്ചരിക്കുവാൻ സാധിക്കുക.

ബിയർ ബസ് എന്നാണ് പേരെങ്കിലും യാത്രയിലുടനീളമോ, ബസിലിരുന്നോ ബിയർ കഴിച്ച് യാത്ര ചെയ്യുകയല്ല ഇതിന്‍റെ ഉദ്ദേശം. പകരം, പുതുച്ചേരി ഗവൺമെൻറ് മ ദ്യ പി ക്കുവാൻ അനുമതി നല്കിയ ഇടങ്ങളിലൊന്നിൽ ബസ് നിര്‍ത്തി അവിടെ വെച്ചായിരിക്കും ഈ ക്രാഫ്റ്റ് ബിയർ കഴിക്കുവാൻ സാധിക്കുക
തുടക്കം ഇങ്ങനെ
അപ്രതീക്ഷിതമായ ഒരു ചോദ്യത്തില്‍ നിന്നാണ് ബിയർ ബസ് എന്ന ആശയത്തിന് തുടക്കമായതെന്ന് കാറ്റാമാരൻ ബ്രൂവിങ് സഹസ്ഥാപകനായ പ്രസാദ് രാധാകൃഷ്ണൻ പറഞ്ഞു. ചെന്നെയിലെത്തിയ ഒരു യാത്രക്കാരൻ കുറഞ്ഞ വിലയിൽ മ ദ്യം ലഭിക്കുന്ന പോണ്ടിച്ചേരിയിലേക്ക് പോകുവാനായുള്ള സർവീസുകളെക്കുറിച്ച് ചോദിച്ചു. അങ്ങനെയാണത്രെ സുരക്ഷിതമായി ആളുകളെ ചെന്നൈയിൽ നിന്നു പോണ്ടിച്ചേരിയിലെത്തിച്ച് ക്രാഫ്റ്റ് ബിയർ ആസ്വദിക്കുവാൻ അവസരം നല്കി, അതേ ദിവസം തന്നെ തിരികെ ചെന്നെയിലെത്തിക്കുന്ന സർവീസ് ആരംഭിക്കുവാൻ കാരണമായതെന്ന് പ്രസാദ് രാധാകൃഷ്ണൻ പറഞ്ഞതായി ഇന്ത്യാ ടൈംസ് റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പ് ആയി യാത്ര ചെയ്യുന്നവർക്ക് പറ്റിയ ഓപ്ഷൻ കൂടിയാണ് ചെന്നൈ- പോണ്ടിച്ചേരി ബിയര് ബസ്.
ബീച്ചുകൾക്കും ചരിത്രകാല കെട്ടിടങ്ങൾക്കും പ്രസിദ്ധമായ പോണ്ടിച്ചേരി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാരാന്ത്യ കവാടങ്ങളിലൊന്നാണ്. മുൻ ഫ്രഞ്ച് കോളനിയായിരുന്ന ഇവിടെ അക്കാലത്തെ നിരവധി കെട്ടടങ്ങളും ചരിത്ര നിർമ്മിതികളും കാണാം. ഇന്നും ഇതിന്റെ പഴമയും പ്രൗഢിയും ഇവിടെ കാത്തുസൂക്ഷിക്കുന്നു. പോണ്ടിച്ചേരി യാത്ര ചിലവ് കൂടിയതാണെന്ന് സഞ്ചാരികൾക്ക് ഒരഭിപ്രായമുണ്ടെങ്കിലും ചിലവ് കുറഞ്ഞ യാത്രകൾക്കും പോണ്ടിച്ചേരി പ്രസിദ്ധമാണ്. ചെന്നൈയിൽ നിന്നാണ് ഇവിടേക്ക് കൂടുതലും ആളുകൾ എത്തുന്നത്.

പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, ഓറോവില്‍ ബീച്ച്, പ്രോമനേഡ് ബീച്ച് എന്നിങ്ങനെ നാല് ബീച്ചുകളാണ് പോണ്ടിച്ചേരിയിലുള്ളത്. . വാര്‍ മെമ്മോറിയല്‍, ജോന്‍ ഓഫ് ആര്‍ക്ക് പ്രതിമ, ടൗണ്‍ ഹാള്‍, പഴയ ലൈറ്റ് ഹൗസ്, ഗാന്ധി പ്രതിമ, ഡൂപ്ലെക്‌സ് പ്രതിമ, ഓറോവില്ല, പഴയകാല ഫ്രഞ്ച് കെട്ടിടങ്ങൾ, സ്ട്രീറ്റ് ഫൂഡ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാണുവാനും ആസ്വദിക്കുവാനുമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













