ക്രിസ്മസ് പുതുവവർഷാഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ് ജ. മൂന്നാറും തിരുവനന്തപുരവും കൊച്ചിയും വയനാടും എല്ലാം സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലുണ്ടെങ്കിലും ഇത്തവണത്തെ താരം ആലപ്പുഴയാണ്. ബീച്ചുകളിലും കായലിലും അവധി ആഘോഷിക്കുവാൻ ഈ വർഷം ആഭ്യന്തര സഞ്ചാരികളുടെ ഒന്നാമത്തെ തിരഞ്ഞെടുപ്പ് ആലപ്പുഴ ജില്ല തന്നെയാണ്. ഇവിടുത്തെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കെട്ടുവള്ളങ്ങളുമെല്ലാം ബുക്കിങ്ങുകൾ വേഗത്തിലാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.

മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളാണ് ഇത്തവണ ആലപ്പുഴയെ അവധിക്കാല ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡിനു മുൻപ് വിദേശ സഞ്ചാരികളായിരുന്നു ഇവിടെ ഏറ്റവുമധികം എത്തിയിരുന്നത്. അതിൽ തന്നെ പ്രത്യേകിച്ച് യൂറോപ്പിൽ നിന്നുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായിരുന്നു ആലപ്പുഴ. ഇത്തവണ സ്ഥിതി നേരെ മറിച്ചായിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളാണ് ആലപ്പുഴയിലേക്ക് ഇത്തവണ വരുന്നത്. ക്രിസ്മസിന് തലേന്ന് 24-ാം തിയതി മുതൽ ജനുവരി ആദ്യം വരെ മിക്ക റിസോർട്ടുകളിലും ബുക്കിങ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ശാന്തമായ അന്തരീക്ഷം
പുതുവർഷത്തെ വരവേൽക്കുന്നത് ആഘോഷത്തോടെയാണെങ്കിലും ആലപ്പുഴയിലേക്ക് ആളുകളെത്തുന്നത് ശാന്തമായ അന്തരീക്ഷം പ്രതീക്ഷിച്ചാണ്. സ്വകാര്യ കോട്ടേജുകളും അധികം ആളുകളെത്താത്ത ബീച്ചുകളും സന്ദർശകർ തിരഞ്ഞെടുക്കുന്നതും ഇതേ കാരണത്താലാണ്. മാത്രമല്ല, സമീപ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുവാനുള്ള എളുപ്പവും മികച്ച റോഡ് കണക്റ്റിവിറ്റിയും ഇത്തവണ ആലപ്പുഴയ്ക്ക് നേട്ടമായിട്ടുണ്ട്.
ബീച്ചുകളിലെ ആഘോഷം
ബീച്ചുകളിലെ ആഘോഷത്തിനാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ മുൻഗണന നല്കുന്നത്. ആലപ്പുഴ, മാരാരി,
അന്ധകാരനാഴി ഭാഗത്തെ ബീച്ചുകൾക്ക് സമീപത്തുള്ള റിസോര്‍ട്ടുകളിലാണ് ഇത്തവണ കൂടുതലും ബുക്കിങ് നടന്നിട്ടുള്ളത്. ബീച്ചുകളിൽ ആഘോഷം നടത്താം എന്നതിനൊപ്പം കുടുംബാംഗങ്ങൾക്കൊപ്പം സമാധാനത്തിൽ സമയം ചിലവഴിക്കാം എന്നതും ഇവിടം തിരഞ്ഞെടുക്കുന്നതിനു കാരണമായിട്ടുണ്ട്.
ഹൗസ് ബോട്ട് യാത്ര
ഇത്തവണത്തെ ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളിൽ ഹൗസ് ബോട്ട് സേവനങ്ങൾക്കും കൂടുതൽ ആവശ്യക്കാർ എത്തിയിട്ടുണ്ട്. കായലിലൂടെയുള്ള യാത്രയും നാടൻ ഭക്ഷണവും അതിമനോഹരമായ കാഴ്ചകളും ആസ്വദിക്കാം എന്നതാണ് ഹൗസ് ബോട്ട് യാത്രകളുടെ പ്രത്യേകത. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ ഭംഗി ഹൗസ് ബോട്ട് യാത്രയിലൂടെ മാത്രമേ പൂർണ്ണമായും ആസ്വദിക്കുവാൻ സാധിക്കൂ. കനാലുകളും കൈവഴികളും ഗ്രാമീണ ജീവിതങ്ങളും കൃഷികളുമെല്ലാം ഈ യാത്രയിൽ നേരിട്ടു കണ്ടറിയാം.

വലിയ ബജറ്റിൽ വരുന്നവർക്ക് രാത്രി താമസിക്കുവാന്‍ അടക്കമുള്ള പാക്കേജിൽ കെട്ടുവള്ളങ്ങൾ തിരഞ്ഞെടുക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പാക്കേജും റൂട്ടും തിരഞ്ഞെടുക്കുവാനും കഴിയും. സാധാരണയായി ആലപ്പുഴയില്‍ നിന്ന് കുമരകം, കോട്ടയം, കൊല്ലം എന്നീ സ്ഥലങ്ങളിലേക്കാണ് ഹൗസ് ബോട്ടുകൾ സർവീസ് നടത്താറുള്ളത്. കുടുംബവുമായി വരുന്നവർക്ക് അതിനനുസരിച്ചുള്ള വലുപ്പത്തിലുള്ള ഹൗസ് ബോട്ടുകളും ലഭ്യമാണ്.
മിക്ക റിസോർട്ടുകൾക്കും വലിയ ഹോട്ടലുകൾക്കും സ്വന്തമായി ഹൗസ് ബോട്ട് കാണുമെന്നതിനാൽ അതുവഴി പോകാം. സൗകര്യമനുസരിച്ച് കുറച്ചു മണിക്കൂറുകൾ മുതൽ ഒരാഴ്ച വരെയുള്ള പാക്കേജുകൾ ലഭ്യമാണ്. രണ്ടുദിവസത്തെ പാക്കേജാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇവിടുത്തെ പരമാവധി കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കും.
ഹൗസ് ബോട്ടുകളിലെ ഭക്ഷണമാണ് മറ്റൊരു ആകർഷണം. ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ ഉൾപ്പെടുത്തിയുള്ള മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആളുകൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ചുള്ള ഭക്ഷണം ഇവിടെ ലഭ്യമാക്കും. ഏറ്റവും കുറഞ്ഞത് അയ്യായിരം രൂപ മുതലാണ് ഹൗസ് ബോട്ടുകളുടെ പാക്കേജ് ആരംഭിക്കുന്നത്. പീക്ക് സീസണുകളിൽ ചാർജ് പിന്നെയും വർധിക്കും.
ഡിടിപിസിയും നിരവധി ഹൗസ് ബോട്ട് പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഡേ ക്രൂയിസ്, ടൂറിസ്റ്റ് ബോട്ട് ക്രൂയിസസ് എന്നിങ്ങനെ ഇവ ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റിൽ ഇത് ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












