ഷില്ലോങ്
പ്രകൃതിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരു യാത്രയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ ആ പട്ടികയില്‍ ഏറ്റവുമാദ്യം നില്‍ക്കുവാന്‍ യോഗ്യമായ സ്ഥലമാണ് മേഘാലയയിലെ ഷില്ലോങ്. ജയന്തിയ, ഖാസി കുന്നുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ രസകരമായ കാഴ്ചകള്‍ നിരവധിയുണ്ട്. സാഹസികതയ്ക്കും പ്രകൃതിയിലൂടെയുള്ള കാഴ്ചകള്‍ക്കും ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ നിരവധിയുണ്ട്. സ്ഫടികത്തേക്കാള്‍ തെളിഞ്ഞ ഉംഗോട്ട് നദിയിലെ ജലവും ഓഡ് റിംഗായി എന്ന പ്രകൃതിദത്ത പൂള്‍, ബോട്ടിംഗ്, മീൻപിടുത്തം, തൂക്കുപാലത്തിലൂടെയുള്ള നടത്തം, ക്ലിഫ് ജമ്പിംഗ്, സ്കൂബ ഡൈവിംഗ്, കയാക്കിംഗ്, സ്നോർക്കെല്ലിംഗ് എന്നിങ്ങനെ നിങ്ങളുടെ യാത്രകളെ എന്നും ഓര്‍മ്മിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ ഷില്ലോങ് സഹായിക്കും. നിങ്ങളെ മടുപ്പിക്കുന്ന തിരക്കോ ചൂടോ ഒന്നുമില്ലാത്തതിനാല്‍ സന്തോഷത്തോടെ തിരിച്ചെത്തിക്കുന്ന ഒന്നായിരിക്കും ഇത്.
PC:Angshu Purkait
പോണ്ടിച്ചേരി
കയ്യില്‍ കുറച്ചു പൈസയുണ്ടെങ്കില്‍ ആഘോഷമായി പോയിവരുവാന്‍ സാധിക്കുന്ന ഇടമാണ് പോണ്ടിച്ചേരി. ഫ്രഞ്ച് ആധിപത്യത്തിന്‍റെ സ്മരണകള്‍ ഇന്നും നിലനില്‍ക്കുന്ന ഇവിടം സമാധാനമായി എക്സ്പ്ലോര്‍ ചെയ്യുവാന്‍ പറ്റിയ മികച്ച ലക്ഷ്യസ്ഥാനമാണ്. ഏറ്റവും മികച്ച യാത്രാസൗകര്യങ്ങള്‍ നല്കുന്ന ഇവിടെ ബീച്ചുകള്‍ തന്നെയാണ് പ്രധാന കാഴ്ച. സെറിനിറ്റി ബീച്ച്, പാരഡൈസ് ബീച്ച്, ഓറോ ബീച്ച് തുടങ്ങി നിരവധി ഇടങ്ങള്‍ ഇവിടെ കാണാം. രാവും പകലും ഒരു മടുപ്പുമില്ലാതെ ചിലവഴിക്കുവാന്‍ പറ്റുന്ന സ്ഥലമാണിത്. രുചിഭേദങ്ങള്‍ തേടി യാത്ര ചെയ്യുന്നവര്‍ക്ക് പോണ്ടിച്ചേരിയോളം വ്യത്യസ്തത നല്കുന്ന മറ്റൊരു സ്ഥലമില്ല. ആത്മീയതയാണ് യാത്രാ ലക്ഷ്യമെങ്കില്‍ ഓറോവിൽ തിരഞ്ഞെടുക്കാം, ഫ്രഞ്ച് പാചകരീതി ആസ്വദിക്കുവാന്‍ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. സ്കൂബാ ഡൈവിങ്ങിനും പോണ്ടിച്ചേരിയില്‍ അവസരമുണ്ട്.
PC:Sukanya Basu
സിറോ വാലി
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങളെല്ലാം സന്തോഷം നല്കുന്നവയാണെങ്കിലും അതിലെന്നും സിറോ വാലിക്ക് പ്രത്യേക സ്ഥാനമുണ്ട്. അരുണാചല്‍ പ്രദേശിലെ സിറോ വാലി സഞ്ചാരികള്‍ക്കിടയില്‍ മാന്ത്രിക താഴ്വര എന്നാണ് അറിയപ്പെടുന്നത്. അപതാനികളുടെ താഴ്വരയാണ് യഥാര്‍ത്ഥത്തില്‍ സിറോ വാലി എന്നറിയപ്പെടുന്നത്. പ്രകൃതിയിലേക്കിറങ്ങി ചെല്ലുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന ഇവിടെ പ്രകൃതിയുമായി ആത്മീയ ബന്ധം സ്ഥാപിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് വരാം. അപതാനി വിഭാഗത്തില്‍പെട്ട പ്രത്യേക ഗോത്രവിഭാഗക്കാരാണ് ഇവിടെ വസിക്കുന്നത്. വളരെ വ്യത്യസ്തമായ ജീവിതരീതികളും ആചാരങ്ങളും ശൈലികളും പിന്തുടരുന്നവരാണ് ഇവര്‍. ഇന്ത്യയിലെ ഏറ്റവും മനോഹര ഗ്രാമങ്ങളിലൊന്നായ ഇവിടെ വര്‍ഷംതോറം നടക്കുന്ന സിറോ മ്യൂസിക് ഫെസ്റ്റിവല്‍ കാലത്താണ് ഏറ്റവുമധികം സഞ്ചാരികളെത്തുന്നത്.
PC:Ashwani Kumar
മൂന്നാര്‍
പ്രകൃതിയുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് വരുവാന്‍ പറ്റിയ ഇടമാണ് മൂന്നാര്‍. സീസണില്‍ അല്പം തിരക്ക് അനുഭവപ്പെടുമെങ്കിലും ഇവിടെയെത്തി ഒരു മുറിയെടുത്ത് താമസിച്ചാല്‍ പിന്നെ മൂന്നാര്‍ നിങ്ങള്‍ക്ക് സ്വന്തമാണ്. ഇവിടുത്തെ നിരവധിയായ ലക്ഷ്യസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് സൗകര്യം പോലെ എക്സ്പ്ലോര്‍ ചെയ്യാം.തേയിലത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് ഇടങ്ങള്‍, എന്നിങ്ങനെ ഇഷ്‌ടം പോലെ ഇടങ്ങള്‍ ഇവിടെ കാണാം. ഇന്ത്യയിലെ ഏറ്റവും റൊമാന്‍റിക് ലക്ഷ്യസ്ഥാനങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ചാരികല്‍ ഇവിടെ എത്തുന്നു. കുടുംബങ്ങൾക്ക് അവരുടെ വേനൽക്കാല അവധിക്കാലവും ശീതകാല അവധിയും ഇവിടെ ചെലവഴിക്കാൻ പറ്റിയ ഇടം കൂടിയാണിത്.
PC:Dream Holidays
കൊടൈക്കനാൽ
ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന
യാത്രാ സ്നേഹികള്‍ക്ക് പരമാവധി ആഘോഷിക്കുവാനും പ്രകൃതി സ്നേഹികള്‍ക്ക് എക്സ്പ്ലോര്‍ ചെയ്യുവാനും പറ്റിയ ഇടമാണ്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പോകുവാന്‍ പറ്റിയ ഇവിടം സ്കൂള്‍ യാത്രകളുടെയും മറ്റു വിനോദസഞ്ചാരങ്ങളുടെയും സ്ഥിരം ഡെസ്റ്റിനേഷന്‍ എന്ന പ്രത്യേകതയുമുണ്ട്. ബോട്ടിംഗ്, കുതിരസവാരി, സൈക്കിൾ സവാരി , കൊടൈക്കനാല്‍ ലേക്കിലെ കാഴ്ചകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാം.
PC:Karthikeyan Chinnathamby