ഒരുപാട് ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം കുതിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതുകൊണ്ടുതന്നെ ഓരോ യാത്രയും വൻവിജയവും ആകാറുണ്ട്. ഇപ്പോഴിതാ, കൊല്ലം കെഎസ്ആർടിസി കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ ക്ഷേത്രം ഉൾപ്പെടുത്തി ഏകദിന തീർത്ഥയാത്ര നടത്തുകയാണ്.
ഗുരുവായൂരും സമീപത്തെ മമ്മിയൂർ ക്ഷേത്രവും ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങള് കണ്ടു വരുന്ന തീർത്ഥ യാത്ര കുറഞ്ഞ ചെലവിൽ പൂർത്തിയാക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ക്ഷേത്ര തീർത്ഥാടനങ്ങളിൽ താല്പര്യമുള്ള,സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോയി വരാം എന്നതാണ് പ്രത്യേകത.

മാർച്ച് 15 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര വെളുപ്പിനെ 2.30 യോട് കൂടി ഗുരുവായൂരിൽ എത്തുന്ന വിധത്തിലാണ് യാത്ര. സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര, ഫ്രഷ് അപ്പ് ആയി ഒന്നു വിശ്രമിച്ച ശേഷം ക്ഷേത്രത്തിൽ നിർമ്മാല്യം തൊഴാനായി പോകും. തൊഴുത് ദർശനം നടത്തി വന്ന് കഴിഞ്ഞാൽ രണ്ട് മണിക്കൂർ നേരം വിശ്രമിക്കാനായുണ്ട്. രാത്രി യാത്രയുടെ ക്ഷീണവും ഉറക്കവും മാറ്റാമായി രണ്ടു മണിക്കൂർ വിശ്രമിച്ച ശേഷമാകും തുടർന്നുള്ള യാത്രകൾ.
തുടർന്ന് ഒൻപത് മണിയോടെ മമ്മിയൂർ ക്ഷേത്രത്തിലേക്ക് പോകും. ഗുരുവായൂർ ദർശനം പൂർത്തിയാകണമെങ്കിലും ദർശത്തിന്‍റെ പൂർണ്ണഫലം ലഭിക്കണമെങ്കിലും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തണമെന്നാണ് വിശ്വാസം. മമ്മിയൂരപ്പനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വാസം.
ശിവകുടുംബമാണ് മമ്മിയൂരിൽ വാഴുന്നതെന്നാണ് വിശ്വാസം. ഗുരുവായൂരിലെ പ്രതിഷ്ഠ സമയത്ത് ഉണ്ടായിരുന്ന ശിവനും പാർവ്വതിയും മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു എന്നാണ് വിശ്വാസം. ഏതെങ്കിലും കാരണവശാൽ മമ്മിയൂർ പോകാൻ സാധിച്ചില്ലെങ്കിൽ ഗുരുവായൂരിൽ വെച്ചുതന്നെ മമ്മിയൂരപ്പനെ തൊഴുത് പ്രാർത്ഥിക്കാം, ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിൻറെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് ത തൊഴുത് പ്രാര്‍ത്ഥിക്കുന്നത് മമ്മിയൂരപ്പനോട് ആണെന്നാണ് വിശ്വാസം.
മമ്മിയൂർ ക്ഷേത്രത്തിൽ നിന്നുമിറങ്ങി ആനക്കൊട്ടിൽ കാണാനാണ് പോകുന്നത്. ഇവിടെ സന്ദര്‍ശനം കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങും. ഉച്ചഭക്ഷണം ഗുരുവായൂരിൽ നിന്ന് കഴിച്ച ശേഷം കൊല്ലത്തിന് മടക്ക യാത്ര. ഈ യാത്രയിലാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുന്നത്.
കൊല്ലൂരിലെ മൂകംബികയുടെ ചൈതന്യം അതേപടി ഉൾക്കൊള്ളുന്ന ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം. വെള്ളത്തിനു നടുവിലെ ശ്രീകോവിലിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ വിദ്യാരംഭവും പ്രസിദ്ധമാണ്. വർഷത്തിലേതു ദിവസവും ഇവിടെ വിദ്യാരംഭം നടത്താം. ക്ഷേത്രത്തിലെ കഷായ നിവേദ്യവും ത്രിമധുരവും കഴിക്കുന്നത് വിദ്യാപുരോഗതിക്ക് നല്ലതാണ്. ഇവിടെ ദേവിക്ക് മുന്നിൽ നടത്തുന്ന സംഗീതാർച്ചനയും പ്രസിദ്ധമാണ്.
യാത്രയിൽ ദര്‍ശനം നടത്തുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രം കേരളത്തിലെ ആദ്യ കാളിക്ഷേത്രം കൂടിയാണ്. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രത്തെ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. പ്രതിബിംബത്തിൽ ആണ് ഇവിടെ ആരാധന നടത്തുന്നത്. കൊടുങ്ങല്ലൂർ ഭരണിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. തൃപ്രയാർ ക്ഷേത്രവും യാത്രയിൽ സന്ദർശിക്കും.
തുടര്‍ന്ന് രാത്രി എട്ടു മണിയോടെ തിരികെ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ചേരും. 1240 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. ഇതിൽ ബസ് ടിക്കറ്റ് നിരക്ക് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയിലെ ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













