പൊതുഅവധിയോ ഉത്സവ സീസണോ വന്നാൽ ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് ആകെ ഒരു അങ്കലാപ്പാണ്. ട്രെയിൻ ടിക്കറ്റ് കിട്ടുമോ അതോ വെയിറ്റിങ് ലിസ്റ്റിൽ പെട്ടുപോകുമോ എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ. ഇതൊന്നും വേണ്ട, സാധാരണ ഒരു ട്രെയിൻ യാത്ര പോയാൽ കാണാം ടിക്കറ്റ് എടുക്കാതെ, അല്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റിലായ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ആൾക്കാരെ.. കുത്തിനിറച്ചു കയറി ശ്വാസം പോലും കഴിക്കാൻ പറ്റാതെ യാത്ര പോകുന്നവരെ..
ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുമോ എന്നു നെടുവീർപ്പിട്ടു നിൽക്കുന്നതല്ലാതെ ഒരുത്തരം നമുക്കില്ലായിരുന്നു. ഇപ്പോഴിതാ പുതിയ വാർത്തകളനുസരിച്ച് വമ്പൻ പദ്ധതികളുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വരുന്ന നാല്-അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയിലെ പ്രശ്നങ്ങളെല്ലാം മാറ്റി യാത്രക്കാരെ എല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ സൗകര്യങ്ങൾ കൊണ്ടുവരാനുള്ള പദ്ധികളാണ് റെയിൽവേ ആസൂത്രണം ചെയ്യുന്നത്.

നിലവിലെ ഏറ്റവും വലിയ പ്രശ്നമായ വെയിറ്റിങ് ലിസ്റ്റ് പ്രശ്നം ഒഴിവാക്കി പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഉള്‍പ്പെടെ മൂവായിരം ട്രെയിനുകൾ ഇറക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകളാണ് റെയിൽവേയുടെ പരിഗണനയില്‍ ഉള്ളതെന്ന് കേന്ദ്ര റെയിൽവേ മാന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവിൽ 10748 മെയില്‍, എക്സ്പ്രസ്,പാസഞ്ചർ ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. കൊവിഡിന് മുൻപ് ഇത് 10,186 ആയിരുന്നു.
2027-28 ആകുമ്പോഴേയ്ക്കും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വെയിറ്റിങ് ലിസ്റ്റിൽ പെടാതെ കൺഫോം ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്ന വിധത്തിലേക്ക് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കും. മാത്രമല്ല, മുന്നോട്ടുപോകും തോറും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവ് ആണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 800 കോടി യാത്രക്കാരെയാണ് റെയിൽവേ കൈകാര്യം ചെയ്യുന്നത്. വരുന്ന നാലഞ്ച് വർഷത്തിൽ ഇത് 1000 കോടി എത്തുമെന്നും അതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകള് കൊണ്ടുവരുന്നതെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
ഇത് കൂടാതെ കൂടുതൽ പുഷ്-പുൾ ട്രെയിനുകള് അവതരിപ്പിക്കുവാനും പദ്ധതിയുണ്ട്. യാത്രാസമയം പണ്ടു മുതൽ അഞ്ച് മണിക്കൂർ വരെ കുറയ്ക്കുവാന്‍ സഹായിക്കുന്നവയാണ് ഇത്തരം ട്രെയിനുകൾ.
38 കോടി അധിക യാത്രക്കാർ
ഈ വർഷം ഏപ്രില്‍ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നോൺ എസി വിഭാഗത്തിൽ മാത്രം 372 കോടി യാത്രക്കാരാണ് ട്രെയിൻ ഉപയോഗിച്ചത്. അതേസമയം കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 38 കോടി അധിക യാത്രക്കാരാണ് ഈ വർഷം ട്രെയിൻ നോൺ എസി ക്ലാസിൽ ഉപയോഗിച്ചത്. 95.3 ശതമാനമാണ് വര്‍ധന. ജനറല്‍ കോച്ചുകള്‍, സ്ലീപ്പര്‍ എന്നിവയിലെ യാത്രക്കാരെയാണ് നോൺ എസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം എസി കോച്ചിൽ ആകെ 18.2 കോടി
ആളുകൾ സഞ്ചരിച്ചു. ശതമാനക്കണക്കിൽ
4.7 ആണിത്.
അതേസമയം, ഈ ഉത്സവ സീസണിൽ ഒക്ടോബർ ഒന്നു മുതൽ 36 ലക്ഷം യാത്രക്കാരുമായി റെയിൽവേ 2,423 പ്രത്യേക ട്രെയിനുകൾ നടത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ 1 നും ഡിസംബർ 31 നും ഇടയിൽ 2,614 ട്രിപ്പുകൾ ഉണ്ടായിരുന്നു. ഈ വർഷം, ഞങ്ങൾ ഇത് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു, തിരക്ക് ഇല്ലാതാക്കാൻ മൊത്തം 6,754 ട്രിപ്പുകൾ ഉണ്ടാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












