അവധിക്കാലം ഇപ്പോൾ ഇങ്ങെത്തും. ചെറുതും വലുതുമായി നിരവധി യാത്രാ പ്ലാനുകൾ ഇതിനോടകം തന്നെ മനസ്സിലുണ്ടായിരിക്കും. എന്നാല് വലിയ ചെലവില്ലാതെ, ഒരു വിദേശ യാത്ര പോയാലോ? എല്ലാത്തവണത്തെയും പോലെയുള്ള ചെറിയ യാത്രകൾ ഇത്തവണ മാറ്റിവെച്ച് ഒരു വിദേശ യാത്ര പോകാം. പാസ്പോർട്ടിൽ പുതിയൊരു സീൽ പതിപ്പിച്ച്, പുത്തൻ കാഴ്ചകൾ കണ്ട് മടങ്ങിവരാൻ സാധിക്കുന്ന ഒരു കൊച്ചു ട്രിപ്പ്!
പ്ലാനിങ്ങിന്‍റെയോ ബുക്കിങ്ങിന്‍റെയോ പ്രശ്നങ്ങളൊന്നുമില്ലാതെ വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് പാക്കേജുകൾ ഒരുക്കുന്ന ഐആർസിടിസിയുടെ ശ്രീലങ്ക പാക്കേജ് പുറപ്പെടുന്നത് കൊച്ചിയിൽ നിന്നാണ്. രാമായണ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ശ്രീലങ്കയിലെ ചരിത്രയിടങ്ങളും ആത്മീയ ഇടങ്ങളും ക്ഷേത്രങ്ങളും കണ്ടുള്ള യാത്രയാണിത്.

ആറ് രാത്രിയും 7 പകലും നീണ്ടുനിൽക്കുന്ന ശ്രീ ലങ്ക രാമായണ യാത്രയിൽ കോളംബോ, കാൻഡി, നുവാരെ ഏലിയ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ഇതിഹാസമായ രാമായണത്തില്‍ പരാമർശിക്കപ്പെട്ടിട്ടുള്ള ശ്രീലങ്കയിലെ ഇടങ്ങളിലേക്കാണ് ഈ യാത്ര പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
മാർച്ച് 24 ന് രാവിലെ 10.20 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബന്ദാരനായികെ വിമാനത്താവളത്തിൽ 11.30 ന് എത്തിച്ചേരും. ചിലാവ് വഴി ദംബുല്ല എന്ന സ്ഥലത്തേയ്ക്കാണ് പോകുന്നത്. യാത്രയിൽ മണാവരിയും മുനീശ്വരം ക്ഷേത്രവും സന്ദർശിക്കും.
അടുത്ത ദിവസം സിഗിരിയ കോട്ട, ദംബുള്ള ഗുഹാക്ഷേത്രം, തിരുകോണേശ്വരം ക്ഷേത്രം, ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. പിറ്റേന്ന് കാൻഡി എന്ന പ്രധാന സ്ഥലത്തേയ്ക്കാണ് യാത്ര, പെരഡെനിയയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്, കാൻഡി സാംസ്കാരിക പരിപാടികൾ, ടെമ്പിൾ ഓഫ് ദ സേക്രഡ് ടൂത്ത് റെലിക്ക് എന്നിവ ഇവിടെ സന്ദർശിക്കുന്നു.
നാലാം ദിവസം ബഹിരാവ കണ്ഡ ബുദ്ധ പ്രതിമ, റാംബോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് നുവാര ഏലിയയിലേക്ക് പോകുന്നു. തേയില ഫാക്ടറിയാണ് ആദ്യം സന്ദർശിക്കുന്നത്. തുടർന്ന് നുവാര ഏലിയയിൽ രാത്രി താമസം. അടുത്ത ദിവസം ഗായത്രി പീഠം, സീതാ അമ്മൻ ക്ഷേത്രം, ഗ്രിഗറി തടാകം എന്നിവ സന്ദർശിക്കും.
പിറ്റേന്ന് പിന്നവാല എലിഫന്‍റ് ഓർഫനേജ് കണ്ട് കൊളംബോയിലേക്ക് യാത്ര തുടരും. പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രവും കെലാനിയ ബുദ്ധ ക്ഷേത്രം, ക്ലോക്ക് ടവറുള്ള ലൈറ്റ്ഹൗസ്, ഗാലെ ഫെയ്സ്, കൊളംബോ ഹാർബർ, ബെയ്‌റ തടാകം, ഇൻഡിപെൻഡൻസ് സ്‌ക്വയർ, നാഷണൽ മ്യൂസിയം, നെലം പൊക്കുന തിയേറ്റർ & ടൗൺ ഹാൾ എന്നിവ കാണുന്ന കൊളംബോ സിറ്റി ടൂറും യാത്രയുടെ ഭാഗമാണ്.
ഏഴാം ദിവസം അതായത്, മാർച്ച് 30 ന് രാവിലെ 8.05 ന് മടക്ക വിമാനത്തിൽ കയറി 9.40 ന് കൊച്ചിയിൽ എത്തും.
ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാള്‍ക്ക് 67000 രൂപ, ഡബിൾ ഒക്യുപൻസിയാണെങ്കിൽ ഒരാൾക്ക് 67500 രൂപ, സിംഗിൾ ഒക്യുപൻസിക്ക് 93700 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും
ഐആർസിടിസി എറണാകുളം- 0484-2382991, 8287931934
എറണാകുളം ജംങ്ഷൻ- 08287932082
തിരുവനന്തപുരം- 08287932095
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












