അധികമാരും സഞ്ചരിക്കാത്ത ലക്ഷ്യസ്ഥാനങ്ങൾ മാത്രം തേടിപ്പോകുന്ന സഞ്ചാരികളുണ്ട്. അത്തരത്തിലൊരു രാജ്യമാണ് കസാഖ്സ്ഥാൻ. ഇപ്പോഴിതാ ഇന്ത്യൻ പാസ്പോർട്ട് ഉള്ള സഞ്ചാരികൾക്ക് വിസ രഹിത യാത്രയനുവദിച്ചിരിക്കുകയാണ് റിപ്പബ്ലിക് ഓഫ് കസാഖ്സ്ഥാൻ. അതെ, ഇനി ഇവിടേക്ക് യാത്ര ചെയ്യുവാൻ നിങ്ങൾക്ക് പ്രത്യേക വിസ ആവശ്യമില്ല, പകരം നിങ്ങളുടെ പാസ്പോര്‍ട്ട് മാത്രം മതി.
കസാഖ്സ്ഥാൻ യാത്ര വിസ രഹിതമായിരിക്കുമെന്ന് മാത്രമല്ല, 14 ദിവസം വരെ വിസയില്ലാതെ നിൽക്കുകയും ചെയ്യാം. കൂടാതെ, 180 ദിവസത്തിനുള്ളിൽ 42 ദിവസം വരെ വിസ രഹിത താമസവും ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് കസാഖ്സ്ഥാൻ അനുവദിച്ചിരിക്കുകയാണ്.

മധേഷ്യയിൽ വളരെ കുറച്ച് മാത്രം സഞ്ചാരികളെത്തുന്ന കസാഖ്സ്ഥാൻ യൂറോഷ്യൻ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗവും ഏഷ്യാ വൻകരയിൽ ആണെങ്കിലും കുറച്ചു ഭാഗം യൂറോപ്പിലാണുള്ളത്. കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഖസാക്സ്ഥാന്റെ അതിർത്തികള്‍ റഷ്യ, ചൈന, കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, പിന്നെ കാസ്പിയൻ കടലോരം എന്നിവയാണ്.
സംസ്കാര സമ്പന്നമായ ചരിത്രം അവകാശപ്പെടുന്ന കസാഖ്സ്ഥാൻ മറ്റു രാജ്യങ്ങളിൽ നിന്നും എല്ലാത്തരത്തിലും വ്യത്യസ്തമാണ്. വലുപ്പത്തിന്‍റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 9-ാം സ്ഥാനം കസാഖിസ്ഥാനുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ അതിർത്തി കസാഖിസ്ഥാൻ റഷ്യയുമായി പങ്കിടുന്നതാണ്. ഏകദേശം 7,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന അതിർത്തിയാണിത്.

അസ്താനയാണ് കസാഖ്സ്ഥാന്റെ തലസ്ഥാനം. ഇഷിം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് മുൻപ് അക്മോലിൻസ്ക്, സെലിനോഗ്രാഡ്, ർ-സുൽത്താൻ, നഗരം, എന്നിങ്ങനെ പല പേരുകളുമുണ്ടായിരുന്നു. 1824-ൽ റഷ്യൻ സൈനിക ഔട്ട്‌പോസ്റ്റായി സ്ഥാപിതമായ ഇത് 1868-ൽ ഒരു ഭരണകേന്ദ്രമായി മാറിയെന്നാണ് ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ പറയുന്നത്.
ട്രാൻസ്-കസാക്കിസ്ഥാൻ, സൗത്ത് സൈബീരിയൻ റെയിൽവേ ജംഗ്ഷനിലാണ് ഉള്ളത്.
കസാഖ്സ്ഥാൻ അതിൻറെ വൈവിധ്യങ്ങള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. ഒരിടത്ത് മഞ്ഞുപൊതിഞ്ഞു കിടക്കുന്ന പർവ്വതങ്ങള്‍ അതിശയം തീർക്കുമ്പോൾ മറ്റൊരിടത്ത് കാത്തിരിക്കുന്നത് മരുഭൂമികളാണ്. ഇത് കൂടാതെ മലകളും ഡെൽറ്റകളും തടാകങ്ങളും എല്ലാം രാജ്യത്ത് കണ്ടറിയാം. കസാഖ്സ്ഥാന്റെ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം തന്നെ ഇവിടുത്തെ ചരിത്രയിടങ്ങളും കാഴ്ചകളും മറക്കാതെ കാണേണ്ടതാണ്. ചരിത്രം മുതൽ സംസ്കാരവും ജീവിതരീതികളും ഭൂപ്രകൃതിയം ഭക്ഷണവുമെല്ലാം ഇവിടെ സന്ദർശകരെ ആകർഷിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ വാസ്തുവിദ്യയുമായി ചേർന്നു നിൽക്കുന്ന നിർമ്മിതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

പ്രകൃതിവിഭവങ്ങൾക്ക് സമ്പന്നമായ ഇവിടെ പീരിയോഡിക് ടേബിളിലെ ഒരുവിധം എല്ലാ മൂലകങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലെഡ്, സിങ്ക്, ക്രോമിയം, യുറേനിയം തുടങ്ങിയ മൂലകങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ ശേഖരം ഇവിടെയുണ്ട്. കൽക്കരി, കോപ്പര്, അയേണ്‍, മാംഗനീസ്, സ്വർണ്ണം, പെട്രോളിയം, പ്രകൃതിവാതകങ്ങൾ എന്നിവയുടെയും വലിയ ശേഖരം ഇവിടെയുണ്ട്.
പൊതുവേ സഞ്ചാരികൾക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ലക്ഷ്യസ്ഥാനമാണ് കസാഖ്സ്ഥാൻ. പോക്കറ്റടിയും കവർച്ചയും തീർത്തും ഇവിടെയില്ല എന്നർത്ഥമില്ല. ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ പോക്കറ്റിടി പോലുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളെയപേക്ഷിച്ച് സുരക്ഷിതമാണ് ഇവിടമെന്ന് പറയാം. സന്ദർശകരെ ഹൃദയപൂർവ്വം സ്വീകരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്.

അഞ്ച് യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനങ്ങളാണ് ഇവിടെയുള്ളത്. അതിൽ മൂന്നെണ്ണം സാംസ്കാരിക സ്ഥലങ്ങളും രണ്ട് പ്രകൃതിദത്ത സ്ഥലങ്ങളുമുണ്ട്. ഖവാജ അഹമ്മദ് യാസാവിയുടെ ശവകുടീരം ഇവിടുത്തെ പ്രധാനപ്പെട്ട ചരിത്രയിടമാണ്. പുരാതന നഗരമായ തുർക്കിസ്ഥാനിൽ ആണിതുള്ളത്.
സാഹസികമായ പല കാര്യങ്ങളും ഇവിടെ പരീക്ഷിക്കുവാന് അവസരമുണ്ട്. രാജ്യം ചുറ്റുന്ന ട്രെയിന്‍ യാത്ര, പർവ്വത നിരകളിലെ ക്യാംപിങ്, ഹൈക്കിംഗ്, സ്കീയിംഗ്, കുതിരസവാരി തുടങ്ങിയവയെല്ലാം നിങ്ങളുടെ താല്പര്യം നോക്കി ചെയ്യാം. വലിയ ചിലവില്ലാതെ പര്യവേക്ഷണം ചെയ്യുവാൻ സാധിക്കുന്ന രാജ്യമായതിനാൽ തന്നെ ചെലവ് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












