തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറുന്നത്. ഈ രണ്ട് സ്റ്റേഷനുകളുടെയും പേര് മാറ്റണണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ ഇനിമുതൽ നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നും അറിയപ്പെടും.
ഇനി ഈ രണ്ട് സ്റ്റേഷനുകളും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്റെ സാറ്റ്‍ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ ആരംഭിക്കും. 2023 ൽ ആണ് കേരളാ സർക്കാർ റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള ശുപാർശ കേരളത്തിന് സമര്‍പ്പിക്കുന്നത്. ഇതാണ് ജൂലൈ 26ന് കേന്ദ്രം അംഗീകരിച്ചത്. ഇതിനായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നിരന്തര സമ്മർദ്ദം ചെലുത്തുകയും സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും കത്തെഴുതുകയും ചെയ്തിരുന്നു.

അതേസമയം, പുതിയ ബജറ്റിൽ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി കോടികളുടെ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ പ്രവർത്തനങ്ങൾ ആരംഭഘട്ടത്തിലാണ്. പേരുമാറ്റവും തുടർന്ന് വികസന പ്രവർത്തികളും പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളായി തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനും തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനും മാറാൻ സാധിക്കും.
സഞ്ചാരികൾക്ക് പരിചിതമല്ലാത്ത കൊച്ചുവേളി
കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം ദീർഘദൂര ട്രെയിൻ സർവീസുകളും ആരംഭിക്കുന്നത് കൊച്ചുവേളിയിൽ നിന്നാണെങ്കിലും വടക്കേ ഇന്ത്യ ഉൾപ്പെടെയുള്ള ഇടങ്ങളിലെ ആളുകൾക്ക് കൊച്ചുവേളി എന്ന പേര് പരിചിതമല്ല. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന തിരുവനന്തപുരത്തിന് നേരിട്ട് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യങ്ങളിൽ പലരും യാത്ര ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇനി നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടുന്നതോടെ തിരുവനന്തപുരം സെൻട്രൽ കൂടാതെ ഇവിടേക്കും ആളുകൾക്ക് സംശയമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ഇതോടെ, വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ എണ്ണവും ഒപ്പം വരുമാനവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനില്‍ നിന്ന് നേമം റെയിൽവേ സ്റ്റേഷനിലേക്ക് 8.9 കിലോമീറ്ററാണ് ദൂരം. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കാവട്ടെ, 8.1 കിലോമീറ്റർ ദൂരവും ഉണ്ട്. കൊച്ചുവേളിയിൽ നിന്ന് പതിനഞ്ചോളം ട്രെയിനുകളാണ് ഓരോ ദിവസവും സര്‍വീസ് തുടങ്ങുന്നത്. ഏകദേശം ഏഴായിരത്തോളം ആളുകൾ കൊച്ചുവേളി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നതായാണ് കണക്കുകൾ. ആറ് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. കൂടാതെ കോച്ച് കെയർ സെന്‍റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്.
ഗരീബ് രഥ്, അന്ത്യോദയ, കേരള സമ്പർക്ക്ക്രാന്തി, ഹംസഫർ തുടങ്ങി പ്രധാനപ്പെട്ട പല ട്രെയിനുകളും കൊച്ചുവേളിയിൽ നിന്ന് യാത്ര ആരംഭിക്കുന്നു, '
ന്യൂഡൽഹി, അമൃത്‌സർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഹുബ്ലി, ബെംഗളൂരു, മംഗലാപുരം, മൈസൂരു, മഡ്‌ഗാവ്, ഭാവ്‌നഗർ, മുംബൈ, അഹമ്മദാബാദ്, ഇൻഡോർ, സൂറത്ത്, നിലമ്പൂർ, ജോധ്പൂർ, ശ്രീ ഗംഗാനഗർ, നാഗർകോവിൽ തുടങ്ങിയ നഗരങ്ങളുമായി ട്രെയിനുകൾ ഈ സ്റ്റേഷനെ ബന്ധിപ്പിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












