നിറഞ്ഞു നിൽക്കുന്ന പച്ചപ്പിനു നടുവിലൂടെ പതഞ്ഞൊഴുകി ആർത്തലച്ചു താഴേക്കു പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം. തട്ടലോ മുട്ടലോ ഒന്നുമില്ലാതെ ഒരൊഴുക്കിൽ അങ്ങ് താഴേക്കെത്തുമ്പോൾ പിന്നിടുന്നത് 830 അടി ഉയരമാണ്. മഴപെയ്തു കഴിഞ്ഞാണ് ഇവിടേക്ക് പോകുന്നതെങ്കിൽ ഒഴുക്കും കാഴ്ചയും വീണ്ടും ഉഷാറായിട്ടുണ്ടാവും. ഈ കാഴ്ചയിലേക്ക് ബാംഗ്ലൂരിൽ നിന്നൊരു യാത്ര പോയാലോ? എങ്ങനെ പോകുമെന്നല്ലേ, അതിനല്ലെ കർണ്ണാടകയുടെ ബസുള്ളത്.
ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ ഉയരത്തിന്‍റെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്ന ജോഗ് വെള്ളച്ചാട്ടവും ഒപ്പം കർണ്ണാടകയിലെ ഗ്രാമീണ കാഴ്ചകളും ക്ഷേത്രങ്ങളും ഒക്കെ കണ്ടു വരുന്ന അസ്സലൊരു യാത്രയാണ് കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്‍റെ പാക്കേജ് ടൂർ ഒരുക്കിയിരിക്കുന്നത്. ജോഗിന്‍റെ കാഴ്ച കാണാൻ കാത്തിരിക്കുന്നവർക്ക് രണ്ടാമതൊന്നാലോചിക്കാതെ പോകാൻ പറ്റിയ യാത്ര.

നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഏതു ദിവസവും ബുക്ക് ചെയ്യുവാൻ സാധിക്കുന്ന ഈ യാത്ര പോകുന്നത് കെഎസ്ആർടിസിയുടെ നോൺ- എസി സ്ലീപ്പർ ബസിൽ ആയിരിക്കും. യാത്രയിൽ ബാംഗ്ലൂരിൽ നിന്നും രാത്രി 1030ന് ആരംഭിക്കുന്ന വരദഹള്ളി, വരദാമൂല, ഇക്കേരി, കേളടി, ജോഗ് ഫാൾസ് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.
ജോഗ് വെള്ളച്ചാട്ടത്തെക്കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കർണ്ണാടകയിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനമാണിത്. മഴയിൽ മാത്രമല്ല, വേനലിലും മഞ്ഞിലും തണുപ്പിലും അങ്ങനെ എപ്പോൾ പോയാലും ഒഴുക്കിന് ശക്തി പോരെന്ന് തോന്നുമെങ്കിലും കാണാൻ ഇഷ്ടംപോലെ ആളുകളെത്താറുണ്ട്.

രാജ, റാണി, റോക്കറ്റ്, റോറർ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ് ജോഗ്. ഗെർസോപ്പ് ഫാൾസ്, ജോഗാഡ ഗുണ്ടി എന്നിങ്ങനെ പേരുകളും ജോഗിനുണ്ട്. ഇതിൽ രാജയാണ് ഏറ്റവും ഉയരത്തിൽ നിന്നും വരുന്നത്. തൊട്ടുതാഴെ റോറർ വരും. ആർത്തലച്ച് പതിക്കുന്നതിമാലാണത്രെ റോറർ എന്ന പേരു വന്നത്. റാണിയാവട്ടെ കൂട്ടത്തെ ശാന്തസ്വഭാവക്കാരിയാണ്. പേരുപോലെ ഒരു റോക്കററ് വിട്ടതുപോലെയാണ് റോക്കറ്റ് പതിക്കുന്നത്. വഴിയിലൊരിടത്തും തങ്ങാതെയാണ് നാലുപോലും കൂടി ഒന്നായി താഴേക്കെത്തുന്നത്.
ഷിമോഗയിലെ സാഗറിന് അടുത്തുള്ള വരദഹള്ളി മഴക്കാടുകൾക് നടുവിലുള്ള ഇടമാണ്. തുംഗഭദ്രയുടെ പോഷകനദിയായ വരദ ഉത്ഭവിക്കുന്ന ഇടമാണ് വരദ മൂല. കർണ്ണാടകയുടെ ചരിത്ര നഗരമാണ് ഇക്കേരി, വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ നായകർ ഭരിച്ചിരുന്ന പട്ടണമാണ് കേളടി.

ബാംഗ്ലൂരിൽ നിന്നും രാത്രി 9.30ന് ആരംഭിക്കുന്ന യാത്രയിൽ ഹോട്ടലിൽ ഫ്രഷ് അപ്പ്, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയും ഉൾപ്പെടുന്നു. യാത്ര രാവിലെ 5.00 മണിക്ക് സാഗറിൽ എത്തിച്ചേരും. ഹോട്ടലിലെ ഫ്രഷ് അപ്പ്, പ്രഭാതഭക്ഷണം എന്നിവ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്. 7.15ന് വരദഹള്ളിയിലേക്ക് യാത്ര തിരിക്കും. 9.00ന് വരദമൂല, 9.30ന് ഇക്കേരി, 11.00 മണിക്ക് കേലടി, എന്നിവ സന്ദര്‍ശിച്ച ശേഷം സാഗറിൽ ഉച്ചഭക്ഷണത്തിന് നിർത്തും. 12.45 മുതൽ 1.15 വരെയാണ് ഇതിനുള്ള സമയം.
ശേഷം 2.15 ഓടെ ജോഗ് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരും. തിരികെ 7.00 മണിയോടെ സാഗറിൽ വന്ന് ഇവിടെ രാത്രി ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനും അവസരമുണ്ടായിരിക്കും. അതിനുശേഷം തിരികെ ബെംഗളുരുവിലേക്ക് മടക്കം.
രാവിലെ 5.30ന് ബാംഗ്ലൂരിൽ നിങ്ങളെ തിരികെ എത്തിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.

ശനി, ഞായർ എന്നീ രണ്ടു ദിവസങ്ങളിലും ബാഗ്ലൂരിൽ നിന്ന് ജോഗിലേക്ക് ബസുകൾ പുറപ്പെടും. കർണ്ണാടക ആർടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കെംപെഗൗഡ ബസ് ടെർമിനലിൽ നിന്നാണ് രാത്രി 9.30ന് യാത്ര ആരംഭിക്കുന്നത്.
നവരംഗ് പാർക്കിൽ 9.40, യശ്വന്തപൂർ ഗോർധൻ തിയേറ്റർ 9.50, ജാലഹള്ളി ക്രോസ് 10.00. നെലമംഗല കുനിഗൽ ബൈപ്പാസ് 10.10 എന്നിങ്ങനെയാണ് സമയം.
മുതിർന്നവർക്ക് 2500 രൂപയും 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2300/-രൂപയും ടിക്കറ്റ് നിരക്ക് ഈടാക്കും.
Cover Image: Venkat Sudheer Reddy/ Unsplash
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














