ചൈനയ്ക്കു വൻമതിലെന്ന പോലെ ഇന്ത്യയ്ക്ക് ഒരു വന്മതിലുള്ള കാര്യം അറിയുമോ? നാടായ നാട് നീണ്ടു വളഞ്ഞു കിടക്കുന്ന ഒരു വന്മതില്‍. മരുഭൂമിയുടെ നാടായ രാജസ്ഥാനിലെ പച്ചപ്പു നിറഞ്ഞ ഇടമായ ആരവല്ലി നിരകളില്‍ നീണ്ടുനിവർന്നു കിടക്കുന്ന വന്മതിൽ. കുംഭാൽഗഡ് കോട്ട. രാജസ്ഥാൻ ചരിത്രത്തിലെ തിളക്കമേറിയ അധ്യായങ്ങളിലൊന്നായ ഈ വന്മതിൽ ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ കൂടിയാണത്രെ!
ആരും കീഴടക്കാത്ത കോട്ടയെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന കുംഭാൽഗഡ് കോട്ട രാജസ്ഥാന്‍റെ സംസ്കാരവും ഇന്നലെകളും അതിന്‍റെ മഹത്വവും മനസ്സിലാക്കാൻ ഏറ്റവും പറ്റിയ ഇടമാണ്. വന്മതിലിന്‍റെ കാഴ്ച കാണാൻ ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് സഞ്ചാരികളെത്തുന്ന ഇവിടെ വരാൻ പറ്റിയ സമയം കുംഭാൽഗഡ് ഫെസ്റ്റിവൽ സമയമാണ്. ഒരുപാട് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന ഇത് സഞ്ചാരികൾ കാത്തിരിക്കുന്ന സമയം കൂടിയാണ്.

കുംഭാൽഗഡ് ഫെസ്റ്റിവൽ 2023
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കുംഭൽഗഡ് കോട്ടയുടെ ചുവരുകൾക്കുള്ളിൽ നടക്കുന്ന ഏറ്റവും മനോഹരമായ ആഘോഷങ്ങളിലൊന്നാണ് കുംഭാൽഗഡ് ഫെസ്റ്റിവൽ 2023. കുംഭാൽഗഡിന്‍റെ സുദീർഘമായ ചരിത്രവും ഐതിഹ്യവും ഓർമ്മിപ്പിക്കുവാനും കലയും സംസ്കാരവും പോഷിപ്പിക്കുവാനുമായി നടത്തുന്ന ആഘോഷമാണിത്.
ഡിസംബർ 1 മുതൽ 3 വരെ നീണ്ടു നിൽക്കുന്ന
കുംഭാൽഗഡ് ഫെസ്റ്റിവൽ ഈ പ്രദേശത്തെ മൊത്തത്തിൽ സജീവമാക്കുന്ന ആഘോഷങ്ങളിലൊന്നാണ്. ആദ്യമായി എത്തുന്നവരും എല്ലാ വർഷവും മുടങ്ങാതെ കുംഭാല്‍ഗഡ് ഫെസ്റ്റിവൽ കൂടാനെത്തുന്നവരുമടക്കം നൂറുകണക്കിന് പേരെ ഈ മൂന്ന് ദിവസങ്ങളിലായി ഇവിടെ കാണാം. പ്രാദേശിക കലാകാരന്മാര്‍ക്കൊപ്പം അന്തർദേശീയ കലാകാരന്മാരും ഇവിടെ പരിപാടികൾ അവതരിപ്പിക്കും.

രാജസ്ഥാന്‍റെ സാംസ്കാരിക വൈവിധ്യവും രുചികളും രീതികളും പരിചയപ്പെടാനും കലകൾ ആസ്വദിക്കാനും ഇതിലും മികച്ച അവസരങ്ങൾ ചുരുക്കമാണ്. രാജസ്ഥാന്‍റെ പരമ്പരാഗത നൃത്തരൂപങ്ങളായ ഘൂമർ, കൽബെലിയ, ഭാവായി തുടങ്ങിയവയും സാരംഗി, തബല, ധോൾ തുടങ്ങിയ ക്ലാസിക്കൽ വാദ്യങ്ങളുടെ മേളവും ഇവിടെ ആസ്വദിക്കാം.
ദാൽ ബാത്തി ചൂർമയും ലാൽ മാൻസും ഉൾപ്പെടുന്ന രാജസ്ഥാന്‍റെ രുചിഭേദങ്ങൾ അറിയാൻ പറ്റിയ സമയം കൂടിയാണിത്. പരമ്പരാഗത ട്രിങ്കറ്റുകൾ, സുവനീറുകൾ, പ്രാദേശിക കരകൗശല വസ്തുക്കൾ, കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കുന്ന ഗെയിമുകൾ എന്നിവ ഇവിടെയുണ്ട്. സാംസ്കാരിക സായാഹ്നമാണ് ഉത്സവത്തിന്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്ന്. ശൈത്യകാലമെത്തിയ ഡിസംബറിൽ നടക്കുന്ന എന്നതിനാൽ തണുത്തതും സുഖകരവുമായ കാലാവസ്ഥയിൽ കുംഭാൽഗഡ് ഫെസ്റ്റിവൽ ആസ്വദിക്കാം.
രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും 84 കിലോമീറ്റർ അകലെയാണ് കുംഭാൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിൽ ഒന്നായ ഈ കോട്ട ആ സമയത്തെ പ്രധാന രാജവംശങ്ങൾ ആയിരുന്ന മേവാറിനെയും മാൽവാറിനെയും തമ്മിൽ വേർതിരിച്ചിരുന്നു .38 കിലോമീറ്റർ നീളമുള്ള കോട്ടമതിലുമായാണ് കുംഭാൽഗഡ് കോട്ട നിർമ്മിച്ചിരിക്കുന്നത്.
ആരവല്ലി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന രാജ്സമന്ദ് ജില്ലയിലാണ് കുംഭൽഗഡ് ഉത്സവം നടക്കുന്നത്.
115 കിലോമീറ്റർ അകലെയുള്ള ഡെബോക്കിലെ മഹാരൺ പ്രതാപ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 82 കിലോമീറ്റർ അകലെയുള്ള ഉദയ്പൂർ സിറ്റി റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
8 കിലോമീറ്റർ അകലെയുള്ള കെൽവാരയാണ് ഏറ്റവും അടുത്തുള്ള പ്രധാന നഗരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













