ബിടിഎം ലേ ഔട്ട്
ബെംഗളുരുവിലെ മലയാളികൾക്ക് ഏറ്റവും പരിചിതമായ ഇടങ്ങളിൽ ഒന്നാമത്തേതാണ് ബിടിഎം ലേഔട്ട്. മലയാളികൾക്ക് സ്വന്തം നാടിന്റെ ഫീൽ പകർന്നു തരുന്ന സ്ഥലം കൂടിയാണിത്.
കോറമംഗള, എച്ച്എസ്ആർ ലേ ഔട്ട്, ജെപി നദർ, ബന്നാർഗട്ട റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അകലക്കുറവ് ഇവിടം താമസത്തിനും മറ്റും കൂടുതൽ യോജിച്ചതാക്കുന്നു. ബെംഗളുരുവിലെ ഏറ്റവും പ്രശസ്തമായ റെസിഡൻഷ്യൻ ഏരിയയും കൊമേഷ്യൽ സ്പെയ്സും ഇതുതന്നെയാണ്.
PC:Anshuman S Manur
ബിടിഎം എന്നാൽ
ബിടിഎം എന്നാൽ യഥാർഥത്തിൽ ഒരു ചുരുക്ക്പേരാണ്. ബൈരസാന്ദ്ര, തവരേക്കര, മഡിവാള എന്നീ സ്ഥങ്ങളുടെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ മറ്റൊരു സ്ഥലപ്പേര്. ബിടിഎമ്മിന്റെ യഥാർഥ പേര് കുവംപുനഗര എന്നാണ്.
ബെംഗളുരു ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും 45 കിലോമീറ്ററും സിറ്റി റെയിൽവേ സ്റ്റേൽനിൽ നിന്നും 11 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ബെന്നാർഗട്ട ദേശീയോദ്യാനം, മഡിവാള ലേക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന ഇടങ്ങൾ.
മാറത്തഹള്ളി
ബിടിഎം കഴിഞ്ഞാൽ കൂടുതൽ മലയാളികളെ കാണുവാൻ സാധിക്കുന്ന ഇടമാണ് മാറത്തഹള്ളി. ഇൻഫർമേഷൻ ടെക്നോളജിയുടെ വരവോടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഒരു വലിയ നഗരം തന്നെയായി മാറിയ കഥയാണ് മാറത്തഹള്ളിയുടേത്.
എയർപോർട്ട്, വൈറ്റ് ഫീൽഡ്, സർജാപൂർ റോഡ്, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ്ങ് റോഡ് തുടങ്ങിയവയുടെ സാന്നിധ്യമാണ് ഇവിടേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കുന്നത്.
PC:Ayushbang
പേരുവന്നവഴി
മാർത്തഹള്ളിക്ക് ഈ പേരു കിട്ടിയതിനു പിന്നിൽ ഒരു കഥയുണ്ട്. കന്നഡയിൽ ഹള്ളിഎന്നാൽ ഗ്രാമം എന്നാണ് അർഥം. വർഷങ്ങൾക്കു മുൻപ് ഇവിടെ മാരുത എന്ന പേരുള്ള ഒരു എയർക്രാഫ്റ്റ് അപകടത്തിൽ പെട്ടിരുന്നുവത്രെ. അതിനു ശേഷമാണ് ഇവിടം മാർത്തഹള്ളി എന്നറിയപ്പെടാൻ തുടങ്ങിയത്. ഔട്ടർ റിംഗ് റോഡ് കടന്നു പോകുന്ന ഇവിടം ബെംഗളുരുവിലെ പ്രധാനപ്പെട്ട കൊമേഷ്യൽ ഏരിയ കൂടിയാണ്.
PC:Amol.Gaitonde
ഇന്ദിരാ നഗർ
ബെംഗളുരുവിലെ ഏറ്റവും പ്രസിദ്ധമായ താമസ ഇടങ്ങളിൽ ഒന്നാണ് ഇന്ദിരാ നഗർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളുരുവിൽ ജോലി ചെയ്യാനെത്തിയ ആളുകളാണ് ഈ സ്ഥലത്തെ ഇത്രയും പ്രശസ്തമാക്കിയത്. ബെംഗളുരുവിലെ ഏറ്റവും ചിലവേറിയ ഇടവും ഇതുതന്നെയാണ്. ബെംഗളുരുവിന്റെ സെൻട്രൻ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഇവിടെ രാത്രി പോലും പകലാക്കുന്ന ഇടമാണ്. ക്ലബുകളും പബ്ബുകളും ഒക്കെയായി തിരക്കേറിയ ഇവിടെ മികച്ചതും വ്യത്യസ്തവുമായ ഭക്ഷണം ലഭിക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. ഇന്ദിരാ ഗാന്ധിയില്‍ നിന്നുമാണ് ഈ സ്ഥലത്തിനു പേരു ലഭിക്കുന്നത്.
PC:wikimedia
മല്ലേശ്വരം
ബെംഗളുരു നഗരത്തിന്റെ അഭിമാന ഇടങ്ങളിലൊന്നാണ് മല്ലേശ്വരം. 1898 ൽ ബെംഗളുരുവിനെ ഗുരുതരമായി ബാധിച്ച പ്ലേഗിനു ശേഷം ആസൂത്രിതമായി നിർമ്മിക്കപ്പെട്ട ഇടമാണ് മല്ലേശ്വരം. ബെംഗളുരുവിലെ പുരാതന സ്ഥലങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടം വളരെ ശാന്തമായ ഒരിടമാണ്. മരങ്ങൾ കൊണ്ടും മനോഹരങ്ങളായ കെട്ടിടങ്ങൾ കൊണ്ടും പുരാതന ക്ഷേത്രങ്ങൾ കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുമൊക്കെ നിറഞ്ഞിരിക്കുന്ന ഇവിടം ഇഷ്ടമാവാതിരിക്കുവാൻ തരമില്ല.
ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്ന ഇടം എന്ന നലിയിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും കേന്ദ്രം കൂടിയാണിത്.
PC:Sissssou
കോറമംഗള
മല്ലേശ്വരം പോലെ തന്നെ ബെംഗളുരു നിവാസികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കോറമംഗള. ബെംഗളുരുവിനും ഇലക്ട്രോണിക് സിറ്റിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഐടിയുടെ വരവോടു കൂടിയാണ് ഇത്രയധികം പ്രശസ്തമാകുന്നത്. എട്ടു ബ്ലോക്കുകളിലായുള്ള 1800 ഏക്കർ സ്ഥലമാണ് കോറമംഗള എന്നറിയപ്പെടുന്നത്.