മീന്‍പിടിപ്പാറ, പേരുകേൾക്കുമ്പോൾ സുഖമായി മീൻപിടിച്ച് ആസ്വദിക്കാന്‍ പറ്റിയ ഇടം എന്നായിരിക്കും മനസ്സിൽ തോന്നുക. എന്നാല്‍ യഥാര്‍ത്ഥത്തിൽ മീൻ പിടുത്തം ഒഴികെ മറ്റെല്ലാ തരത്തിലും ഒഴിവു സമയം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് മീൻപിടിപ്പാറ. കൊല്ലം ജില്ലയിൽ ഓഫ്ബീറ്റ് ഇടങ്ങൾ കാണാൻ പ്ലാൻ ചെയ്യുന്നവർ നിർബന്ധമായും കാണേണ്ട സ്ഥലം കൂടിയാണിത്.
മീൻപിടിപ്പാറയിൽ എന്താണ് കാണേണ്ടതെന്ന് എന്ന ചോദ്യത്തിന് ഒരു സ്ഥാനമില്ല. ഇവിടെ എത്തിയാൽ എന്തൊക്കെ ചെയ്യണം, എവിടെയൊക്കെ പോകണം എന്നതറിയാൻ ഒരു അവധി ദിവസം നേരെ ഇങ്ങോട്ടേയ്ക്ക് വണ്ടി കയറിയാൽ മതി. കൊട്ടാരക്കരയിൽ പുലമൺ ജംങ്ഷനിൽ സ്ഥിതി ചെയ്യുന്ന മീൻപിടിപ്പാറ ഏതു സമയത്ത് വന്നാലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തിൽ സംശയം ഒട്ടും വേണ്ട.

PC: Meenpidipara/Facebook
വിനോദസഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മീൻപിടിപ്പാറ പ്രകൃതിമനോഹരമാണ്. കൊട്ടാരക്കരയ്ക്കും പരിസരത്തുമായി കുട്ടികൾക്കും കുടുംബത്തിനുമൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ ഇതിലും ബെസ്റ്റ് സ്ഥലമില്ല. വൈകുന്നേരം വരാൻ സാധിക്കാത്തവർക്ക് രാവിലെ വന്നാലും ഒരു നഷ്ടം ഇവിടെ തോന്നാൻ സാധ്യതയില്ല.
ഔഷധഗുണങ്ങളുള്ള മീൻപിടിപ്പാറയിലെ വെള്ളം
ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വെള്ളമാണ് മീൻപിടിപ്പാറയിലേതെന്നാണ് മറ്റൊരു വിശ്വാസം. പല മുതിർന്ന ആളുകളും ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഔഷധസസ്യങ്ങൾ നിറഞ്ഞ കാടിനുള്ളിലൂടെ ഒഴുകി വരുന്നതിനാലാണ് ഇതിന് ഈ ഗുണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മീൻപിടിപ്പാറയിലെ കാഴ്ചകൾ
കാണാൻ കാഴ്ചകൾ ഏറെയുണ്ട് മീൻപിടിപ്പാറയിൽ. അരുവിയും അതിലെ വെള്ളത്തിലുമാണ് സഞ്ചാരികളുടെ കണ്ണ് ആദ്യമുടക്കുക. പാറക്കെട്ടുകൾ കൂടി കാണുമ്പോഴേയ്ക്കും അതിലൊന്ന് കയറാനും അവിടെ നിന്ന് ഫോട്ടോ എടുക്കാനും ഒക്കെ ആവേശമാകും. വെള്ളം ശാന്തമായി ഒഴുകുന്നതിനാൽ സുഖമായി വെള്ളത്തിലിറങ്ങി കുളിക്കാനും സമയം കണ്ടെത്താം. തീരെ ചെറിയ കുട്ടികളെയും കൊണ്ടാണ് വരുന്നതെങ്കിൽ സുരക്ഷ മുൻനിർത്തി വെള്ളത്തിൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.
ഇവിടുത്തെ മനോഹരമായ മറ്റൊരു കാഴ്ച ഒരു ചെറിയ പാലമാണ്. പുലാമൺ തോടിനു കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിലൂടെ മറുകരയിലേക്കുള്ള യാത്രയും രസകരമായ അനുഭവമാണ്. കുട്ടികളും യാത്രാ സംഘത്തിലുണ്ടെങ്കിൽ അവർക്ക് സമയം ചെലവഴിക്കുവാൻ കളിക്കാൻ പാർക്കും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും കാഴ്ചകൾ ആസ്വദിക്കാൻ പൂന്തോട്ടവും നടക്കാൻ താല്പര്യമുള്ളവർക്ക് ഭംഗിയുളള ഒരു നടപ്പാതയും ഇവിടെ കാണാം. ഏകദേശം 500 മീറ്ററോളം നീണ്ടുകിടക്കുന്ന നടപ്പാത മുതിർന്നവർക്കും രസകരമായ അനുഭവമായിരിക്കും.
ശ്രദ്ധിക്കാൻ
മീൻപിടിപ്പാറയിലേക്കുള്ള യാത്രയും കാഴ്ചകളും എളുപ്പമായിരിക്കുമെങ്കിലും വരുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പൊതുഗതാഗത മാർഗ്ഗം ഉപയോഗിക്കുന്നവർക്ക് കൊല്ലം ചെങ്കോട്ടായി റോഡിൽ, കൊട്ടാരക്കര പുലമൺ ജംക്‌ഷനിലിറങ്ങി മീൻപിടിപ്പാറയിലേക്ക് വരാം. സെന്‍റ് ഗ്രിഗോറിയോസ് കോളേജിനു പിന്നിലാണ് ഇവിടം ഉള്ളത്.
എന്നാൽ കാറിലോ മറ്റ് വലിയ വാഹനങ്ങളിലോ വരുന്നവർക്ക് ഈ റൂട്ടിൽ തന്നെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്തു വന്നാൽ ഉപകാരപ്രദമായേക്കും. രാവിലെ 10.00 മണി മുതൽ വൈകുന്നേരം 6:00 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












