ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) യാഥാര്‍ത്ഥ്യമാകുന്നു. മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന അടൽ സേതു എന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് മുംബൈയിലെ തിരക്കുകൾക്കും ട്രാഫിക് ബ്ലോക്കുകൾക്കും ഒരു വലിയ പരിഹാരമായാണ് വന്നിരിക്കുന്നത്. ശിവ്‌രിയിൽ നിന്നു നവിമുംബൈയിലേക്ക് എത്തുന്ന വിധത്തിലാണ് ഈ കടൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ അബിമാനമായ ഈ പാലം ഒരു എൻജിനീയറിങ് വിസ്മയം കൂടിയാണ്.
മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് വെറും 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് സഹായിക്കും. നിലവിൽ ഈ റൂട്ടിലെ യാത്രാ സമയം ഒന്നര മണിക്കൂറാണ്. 21.8 കിലോമീറ്റർ നീളത്തിലാണ് അടൽ സേതു നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 16.5 കിലോമീറ്റർ ദൂരവും കടലിനു മുകളിലൂടെയും ബാക്കി വരുന്ന 5.5 കിലോമീറ്റർ കരയിലുമായാണ് കടന്നുപോകുന്നത്.

അടൽ ബിഹാരി വാജ്‌പേയി സേവാരി-നവ ഷെവ അടൽ സേതു എന്നാണ് ഈ പാലത്തിന്‍റെ പേര്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം മാത്രമല്ല, ആഗോളതലത്തിൽ നീളത്തിന്‍റെ കാര്യത്തിൽ 12-ാം സ്ഥാനവും ഈ പാലത്തിനുണ്ട്. മുംബൈയിലെ സെവ്‌രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇത്. ജപ്പാൻ ഇന്റർനാഷനൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. പദ്ധതി തുകയുടെ 85 ശതമാനവും ഈ ഏജൻസിയാണ് നല്കിയത്.
ഇരുവശത്തും മൂന്നു വരി വീതമുള്ള ആറുവരിപാതയാണ് അടൽ സേതു. ഏകദേശം 17,840 കോടി രൂപയോളമാണ് ഇതിനു ചെലവായ തുക. രണ്ടരമണിക്കൂർ ദൂരം 20 മിനിറ്റിൽ പിന്നിടുന്നതോടെ 100 കോടിയോളം രൂപയുടെ ഇന്ധനലാഭവും ഇതിൽ നിന്നും പ്രതീക്ഷിക്കുന്നു. അതായത് 10 ബില്യൺ ലിറ്റർ ഇന്ധനം പ്രതിവർഷം ഈ പാതയിലെ യാത്രയിലൂടെ ലാഭിക്കാൻ കഴിയും.
ഒരു ദിവസം ശരാശരി70,000 വാഹനങ്ങൾ ഈ പാത വഴി കടന്നുപോകുമെന്നാണ് കണക്കുകൂട്ടൽ
500 ബോയിംഗ് വിമാനങ്ങളുടെ ഭാരത്തിന് തുല്യമായ സ്റ്റീലും ഈഫൽ ടവറിന്റെ 17 മടങ്ങ് ഭാരത്തിലുമുള്ള സ്റ്റീൽ ഈ കടൽപ്പാലത്തിന്‍റെ നിർമ്മാണത്തിനായി ഉപയോഗിച്ചെന്നാണ് കണക്ക്. അതായത് 177,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്‍റും വേണ്ടി വന്നു ഇത് പൂർത്തിയാക്കുവാന്‍.
മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (എംടിഎച്ച്എൽ) കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററാണ്. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തും. രണ്ട് എമർജൻസി എക്സിറ്റുകൾ ഈ പാതയ്ക്കുണ്ട്.
കടൽപ്പാലത്തിൽ മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ എന്നിവ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. മോട്ടോർ സൈക്കിളുകൾ, മോപ്പഡുകൾ, മുച്ചക്ര വാഹനങ്ങൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കും പ്രവേശനമില്ല.
നിലവിൽ 30 വർഷത്തേയ്ക്ക് പാതയിൽ ടോൾ പിരിവ് ഉണ്ടായിരിക്കും. എല്ലാ വർഷവും 6% വീതം ടോൾനിരക്ക് ഉയർത്തും.. കാറുകൾക്ക് ഒരു വശത്തേയ്ക്ക 250 രൂപയാണ് ടോൾ. ഇരുവശത്തേയ്ക്കും പോകാൻ 500 രൂപ ടോൾ മാത്രമായി നല്കണം. സ്ഥിരം യാത്രക്കാരെ സംബന്ധിച്ചെടുത്തോളം ഈ കടൽപ്പാലം വഴി മെച്ചം ഉണ്ടാകുന്നില്ലെങ്കിലും പുണെ, ഗോവ ദീർഘദൂര യാത്രക്കാർക്ക് സമയലാഭം വലിയ പ്രയോജനമാണ്.
മൾട്ടി ആക്‌സിൽ ഹെവി വാഹനങ്ങൾ, ട്രക്കുകൾ, മുംബൈ ഭാഗത്തേക്ക് പോകുന്ന ബസുകൾ എന്നിവയ്ക്ക് ഈസ്റ്റേൺ ഫ്രീവേയിൽ പ്രവേശനമില്ല. ഈ വാഹനങ്ങൾ മുംബൈ പോർട്ട്-സെവ്രി എക്സിറ്റ് (എക്‌സിറ്റ് 1C) എടുത്ത് 'ഗാഡി അദ്ദ'യ്ക്ക് സമീപമുള്ള MBPT റോഡ് ഉപയോഗിക്കേണ്ടതുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












