മൂന്നാർ-ബോഡിമെട്ട് റോഡിനെക്കുറിച്ച് പറയുമ്പോൾ എത്ര പറഞ്ഞാലും അത് അധികമാകില്ല. സ്വർഗ്ഗിലേക്കുള്ള വഴിയെന്നും സ്വർഗ്ഗം കണ്ടുള്ള വഴിയെന്നുമൊക്കെ സന്ദർശകരും സഞ്ചാരികളും സാമൂഹ്യമാധ്യമങ്ങളും ഒരുപോലെ വിശേഷിപ്പിക്കുന്ന ഈ പാത മൂന്നാറിലെ ഏറ്റവും വലിയ ആകർഷണമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ
മൂന്നാര്‍-ബോഡിമെട്ട് റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. വെറും ഒരു റോഡ് എന്നതിനേക്കാൾ ഒരിക്കലും മറക്കാത്ത, തീർന്നു പോകരുതേ എന്നാഗ്രഹിക്കുന്ന കാഴ്ചകളാണ് മൂന്നാര്‍-ബോഡിമെട്ട് റോഡ് ഒരുക്കിയിട്ടുള്ളത്.
മൂന്നാര്‍-ബോഡിമെട്ട് റോഡിനൊപ്പം ചെറുതോണി പാലവും ഇന്ന് നാടിന് സമർപ്പിക്കുകയാണ്. വൈകിട്ട് കാസർകോഡ് നടക്കുന്ന പരിപാടിയിൽ ജനുവരി 5 വെള്ളിയാഴ്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി റോഡ് ഔദ്യോഗിക ഉദ്ഘാടനം ചെയ്യും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡ് എന്ന പേരിനേക്കാൾ ചിലപ്പോൾ സഞ്ചാരികൾക്ക് പരിചിതം ഗ്യാപ്പ് റോഡ് എന്നായിരിക്കും.

PC: P A Muhammad Riyas/Facebook Post
വിവരിക്കുമ്പോൾ വാക്കുകൾ പോരാതെ വരുന്ന കാഴ്ചകളാണ് ഈ റോഡ് യാത്രയിൽ ഉടനീളം സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡും അതിന്‍റെ വശങ്ങളും പിന്നെ അണക്കെട്ടും വെള്ളച്ചാട്ടങ്ങളും അതിന്‍റെ ഭംഗിയെ ഇരട്ടിപ്പിക്കുന്നു. ആനയിറങ്കൽ ഡാം, പെരിയകനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് ഡ്, ലാക്കാട് വ്യൂ പോയിന്‍റ് തുടങ്ങിയ കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്.
എത്ര പോയാലും മടുപ്പിക്കാത്ത വഴിയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇതുവഴി പോകുന്നവരുടെ എണ്ണം. മൂന്നാറിൽ നിന്നും ദേവികുളം വന്ന് ഇവിടുന്ന് ചിന്നക്കനാൽ കഴിയുമ്പോഴേക്കും ഗ്യാപ് റോഡിന്‍റെ കാഴ്ചകൾ ആരംഭിക്കും. പേരിൽ മാത്രമേ ഇവിടെ ഒരു ഗ്യാപ്പ് ഉള്ളൂ. കണ്ണ് ഒന്നു ചിമ്മുവാൻ പോലും സമ്മതിക്കാത്ത വിധത്തിൽ ഇഷ്ടംപോലെ കാഴ്ചകളാണ് ഇവിടെ ചുറ്റിലും കാണാനുള്ളത്. കയ്യെത്തിപ്പിടിക്കുവാൻ കഴിയുന്ന വിധത്തില്‍ മേഘങ്ങൾ ഇറങ്ങി വന്നു നിൽക്കുന്ന അതിമനോഹരമായ കാഴ്ച .

PC: P A Muhammad Riyas/Facebook Post
യാത്രയിലെ ആദ്യ ഇടം പെരിയകനാൽ വെള്ളച്ചാട്ടം അഥവാ പവർഹൗസ് വെള്ളച്ചാട്ടം ആണ്. റോഡിന് തൊട്ടടുത്തുകൂടി കുതിച്ചുവരുന്ന വെള്ളച്ചാട്ടം കാണാൻ വണ്ടിനിർത്തിയിട്ടു നിൽക്കുന്ന ആളുകൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ചെറിയ ഒരു ചാറ്റൽ മഴയുണ്ടെങ്കിൽ കയ്യിൽ ഒരു കട്ടൻ കാപ്പിയും പിടിച്ച് എത്ര നേരം വേണമെങ്കിലും ഇതിന്‍റെ കാഴ്ച കണ്ട് നിൽക്കും. ഇനി മുന്നോട്ടു പോകുമ്പോൾ അടുത്ത കാഴ്ച ആനയിറങ്കൽ അണക്കെട്ടാണ്.
കൊടുംകാടും തേയിലത്തോട്ടങ്ങളും അതിരിട്ട് അതിനുള്ളിലെ ആനയിറങ്കൽ ഡാം എന്നും നിറഞ്ഞു കവിഞ്ഞു തൂകി നിൽക്കുന്ന ഇടമാണ്. വേനലെത്ര കഠിനമായാലും ഇവിടെ അതൊന്നും ബാധിക്കില്ല. പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച ഇവിടെ എത്തണമെങ്കിൽ മൂന്നാറിൽ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിക്കുവാനുണ്ട്. കാട്ടിൽ നിന്നും ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കുവാനായി വരുന്ന ഇടം എന്ന നിലയിലാണ് ടാറ്റയുടെ തേയിലത്തോട്ടങ്ങൾക്കു നടുവിലുള്ള അണക്കെട്ട് ആനയിറങ്കൽ അണക്കെട്ട് ആയത്.
42 കിലോമീറ്റർ ദൂരത്തിലുള്ള മൂന്നാർ-ബോഡിമെട്ട് റോഡ് 381.76 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 2017 സെപ്റ്റംബറിലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം ആരംഭിച്ചത്. ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് റോഡ് പണി പൂർത്തീകരിച്ചിരിക്കുന്നത്. കൊച്ചി- ധനുഷ്കോടി പാതയുടെ ഭാഗമാണ് ഈ റോഡ്. കൂടാതെ . കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ വെറും നാലു മീറ്റർ വീതി മാത്രമായിരുന്നു മൂന്നാർ- ബോഡിമെട്ട് റോഡിനുണ്ടായിരുന്നത്. തമിഴ്നാട് ഭാഗത്തു നിന്നും മൂന്നാറിലെത്തുന്നവർക്ക് യാത്രാ ക്ലേശവും അടിക്കടി ദേവികുളം ഗ്യാപ് റോഡിലെ മണ്ണിടിച്ചിലും അസൗകര്യം സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധികളെല്ലാം പരിഹരിച്ചാണ് 15 മീറ്ററായി റോഡിന്റെ വീതി കൂട്ടി പുതുക്കിപ്പണിതത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













