ഊട്ടിയിൽ പോകുവാൻ മലയാളികൾക്ക് പ്രത്യേകിച്ചൊരു സമയം വേണ്ടായെങ്കിലും വേനലവധി ആയാൽ ഊട്ടിയിൽ പിന്നെ കാണാൻ മലയാളികൾ മാത്രമാണ്. വളരെ എളുപ്പത്തിൽ, കുറഞ്ഞ ചിലവിൽ നാട്ടിൽ നിന്നും എത്തിച്ചേരാം എന്നതു മാത്രമല്ല, ഇവിടുത്തെ ചൂടിൽ നിന്നു രക്ഷപെട്ടൊരു യാത്രയും കൂടിയാണ് ഊട്ടിയാത്രയ്ക്ക് കൂടുതലളുകളെയും പ്രേരിപ്പിക്കുന്ന കാരണം.
ഇത്തവണയും ഊട്ടിയിലെ തിരക്കിന് മാറ്റങ്ങളൊന്നുമില്ല. തിരക്കെന്നു പറഞ്ഞാല് മണിക്കൂറുകൾ വഴിയിൽ കുടുങ്ങിക്കിടന്ന് പലരും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് പോകുന്നത്ര തിരക്ക്. അവധിക്കാലം തീരുവാനായതും ഊട്ടിപുഷ്പമേള 2023 ഉൾപ്പെടെയുള്ളവ ആരംഭിക്കുവാൻ പോകുന്നതും ഇനിയും തിരക്ക് വർധിപ്പിക്കും. ഇതാ ഊട്ടി യാത്രയിൽ കുരുക്കിൽപെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

ഊട്ടി യാത്ര എളുപ്പമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഊട്ടി യാത്ര എങ്ങനെ എളുപ്പമുള്ളതാക്കാം എന്ന് ഊട്ടിയിൽ ചെന്നല്ല ആലോചിക്കേണ്ടത്. മറിച്ച് പ്ലാൻ ചെയ്യുമ്പോൾ തന്നെ തിരക്കും മറ്റും മുൻകൂട്ടി കണ്ട് വേണം ക്രമീകരിക്കുവാൻ. അതുകൊണ്ടു തന്നെ പരമാവധി നേരത്തെ പുറപ്പെടുക എന്നതാണ് ആദ്യം ചെയ്യുവാനുള്ള കാര്യം. കുറഞ്ഞത് മൂന്നോ നാലോ മണിക്കൂർ മുൻപെങ്കിലും യാത്ര തിരിക്കാം. സീസണിൽ ഊട്ടി മാത്രമല്ല, കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണെങ്കിലും നേരത്തെ ഇറങ്ങാൻ ശ്രദ്ധിക്കാം
അടുത്തതായി ശ്രദ്ധിക്കേണ്ടത് താമസസൗകര്യമാണ്. ഒറ്റ ദിവസത്തെ യാത്രയാണെങ്കിൽ ഇടയത്ത് താമസിക്കേണ്ടി വരില്ല. എന്നാൽ രണ്ടോ മൂന്നോ ദിവസത്തെ യാത്രയ്ക്ക് പോകുമ്പോൾ റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യുത. സീസണിലും ആഴ്ചാവസാനങ്ങളിലും പലപ്പോഴും നിങ്ങളാഗ്രഹിക്കുന്ന തുകയിൽ റൂമുകൾ ലഭ്യമായെന്നു വരില്ല.എത്ര തുക നല്കാമെന്നു പറഞ്ഞാലും റൂമുകൾ ലഭിക്കാത്ത സാഹചര്യമുണ്ടാകും.
ഭക്ഷണത്തിന്റെ കാര്യത്തിലും പ്രതിസന്ധി നേരിടാം. തിരക്കേറിയ സമയത്ത് ആഗ്രഹിക്കുന്ന ഹോട്ടലിൽ ഭക്ഷണം ലഭിച്ചെന്നു വരില്ല. പാചകം ചെയ്ത ഭക്ഷണം കൊണ്ടുപോകുന്നതും. പാചകം ചെയ്യുവാനുള്ള സ്റ്റൗവ് അടക്കമുള്ള സാമഗ്രികൾ കൊണ്ടുപോകുന്നതും ഫലപ്രദമായിരിക്കും. ഇതിന് താല്പര്യമില്ലാത്തവർക്ക് ഹോട്ടലുകളിൽ മുൻകൂട്ടി വിളിച്ചുപറഞ്ഞ് സീറ്റ് ബുക്ക് ചെയ്യാം. തിരക്കില്ലാതെ ഭക്ഷണം കഴിക്കുവാൻ ഇത് സഹായിക്കും.

വേനലിൽ യാത്ര ചെയ്യുമ്പോൾ ഒരുപാട് വെള്ളം കുടിക്കണം. വഴിയിൽ നിന്നെല്ലാം വെള്ളം വാങ്ങി കുപ്പികൾ വണ്ടിയിൽ സൂക്ഷിച്ചാല്‍ നീലഗിരിയിൽ നിങ്ങൾക്ക് പണി കിട്ടിയേക്കാം. പ്ലാസ്റ്റിക് നിരോധിത മേഖലയായ ഇവിടെ ചെറിയ വെള്ളക്കുപ്പികളും മറ്റും വാഹനത്തിൽ കണ്ടാൽ അധികൃതർ പിഴ ഈടാക്കും. ഇതൊഴിവാക്കുവാനായി വലിയ ക്യാനുകളിൽ വെള്ളം സൂക്ഷിക്കാം. വെള്ളത്തിനൊപ്പം അത്യാവശ്യം ഭക്ഷണവും കരുതാം.
തിരക്കേറിയ സമയത്ത് വഴി തിരിച്ചുവിടുന്നത് പുതിയ കാര്യമല്ല. എന്നാൽ പ്രതീക്ഷിക്കുന്നതിലും ദൂരം അധികയാത്ര ചെയ്യുന്നത് നിങ്ങളുടെ പ്ലാനുകളെ തെറ്റിച്ചേക്കാം. മാത്രമല്ല, നാട്ടിലുള്ളതുപോലെ അടുത്തടുത്ത് പെട്രോൾ പമ്പുകൾ ഇവിടെയില്ല. അതിനാൽ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണം. എന്നാല്‍ ചിലവ് കുറഞ്ഞ യാത്രകൾക്ക് പൊതുഗതാഗത മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം.
റോഡുകളിലെ ബ്ലോക്കിൽ പെടുമ്പോൾ അതിനോട് സഹകരിക്കുക. എല്ലാവരും ക്യൂവിൽ കിടക്കുമ്പോൾ ഇടയിലൂെ വാഹനം കയറ്റി മുൻപോട്ടു പോകുന്നത് , ക്യൂ തെറ്റിക്കുന്നത്, തെറ്റായ ദിശയിലൂടെ വരുന്നത് പോലുള്ള കാര്യങ്ങൾ തീർത്തും ഒഴിവാക്കുക. മറ്റുയാത്രക്കാരെയും അവരുടെ സമയത്തെയും ബഹുമാനിക്കുക. ഹോണിടിച്ച് മറ്റുള്ളവരുടെ ക്ഷമയെ പരീക്ഷിക്കാതിരിക്കുക.

പരിചിതമല്ലാത്ത വഴികൾ തിരഞ്ഞെടുക്കാതിരിക്കുക എന്നത് യാത്ര എളുപ്പമാക്കുവാനുള്ള മറ്റൊരു മാർഗ്ഗമാണ്. ഇത്തരം തിരഞ്ഞെടുക്കലുകള് പലപ്പോഴും നയിക്കുന്നത് നല്ല വഴികളിലേക്കായിരിക്കില്ല, അപകട സാധ്യതയും കൂടുകലായിരിക്കും. അധികൃതരുടെ നിർദ്ദേശം അനുസരിക്കുക. അവർ വിലക്കിയിട്ടുള്ള റോഡുകളിലൂടെ പോകാതിരിക്കുക.
ഊട്ടിയിലേക്ക് ഇപ്പോൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കാണേണ്ട സ്ഥലങ്ങളാണ്. നല്ല തിരക്കായതിനാൽ ആഗ്രഹിക്കുന്ന പോലുള്ള സ്ഥലം കാണൽ സാധ്യമായെന്നു വരില്ല. അതിനാൽ നിശ്ചിത എണ്ണം സ്ഥലങ്ങൾ തിരഞ്ഞെടുത്ത് അവിടെ എങ്ങനെ പോകണമെന്നും എത്ര സമയം ചിലവഴിക്കണമെന്നുമെല്ലാം നേരത്തെ ക്രമീകരിച്ച് അതിനനുസരിച്ച് പോകാം. രണ്ടോ മൂന്നോ ദിവസമെടുത്ത് കാണുവാനുള്ളത്രയും സ്ഥലങ്ങളുള്ള ഊട്ടി ഒരിക്കലും ഒരു ദിവസത്തിൽ കണ്ടുകഴിയില്ല എന്നോർമ്മിക്കാം.
ഊട്ടിയിലെ ഗതാഗത നിയന്ത്രണം
ഊട്ടിയിൽ വേനലവധി ആഘോഷിക്കുവാനെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ മേയ് 31 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്ക് പോകുന്ന വാഹനങ്ങൾ ബർളിയാര്‍- കൂനൂർ വഴിയും ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തിലേക്കുള്ള വാഹനങ്ങൾ കോത്തഗിരി വഴിയും വഴിതിരിച്ചുവിടും.
ചെറയ വാഹനങ്ങൾക്ക് മാത്രമേ ഊട്ടി ടൗണിലേക്ക് പ്രവേശനം ഉള്ളൂ. ബസ്, വാൻ തുടങ്ങിയ വലിയ വാഹനങ്ങള്‍ പ്രത്യേക സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. കൂനുരിൽ നിന്നു വരുന്ന വലിയ വാഹനങ്ങൾ ആവിൻ മൈതാനിയിലും ഗൂഡല്ലൂരിൽ നിന്നു വരുന്ന വാഹനങ്ങൾ ഫിംഗർ പോസ്റ്റ്, കാന്തൽമുക്കോണം എന്നീ സ്ഥലങ്ങളിലുമാണ് പാർക്ക് ചെയ്യേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













